ന്യൂഡൽഹി: ബ്രിട്ടണിൽ അതിവേഗം പടർന്ന് പിടിക്കുന്ന കൊറോണ വൈറസിന്റെ വകഭേദം ഇന്ത്യയിൽ ഉണ്ടാകാമെന്നും ഇതുവരെ ഇത് ശ്രദ്ധയിൽപ്പെട്ട് കാണില്ലെന്നും വിദഗ്ദ്ധർ. അടുത്തിടെ യായി ഇന്ത്യയിൽ സാർസ്- കൊറോണ വൈറസ് രണ്ടിന്റെ ജനിതക ഘടന വിശകലനം ചെയ്യുന്ന പ്രക്രിയ മന്ദഗതിയിലാണെന്നും വിദഗ്ദ്ധർ വ്യക്തമാക്കുന്നു. 4000 സാമ്പിളുകളാണ് ഏപ്രിൽ- ഓഗസ്റ്റ് കാലയളവിൽ ജനിതക ഘടന പരിശോധിക്കുന്നതിനായി ശേഖരിച്ചത്. സെപ്റ്റംബർ- നവംബർ മാസത്തിൽ ഇത് 300 ആയി ചുരുങ്ങി. ഇതാകാം പുതിയ വൈറസ് ശ്രദ്ധയിൽപ്പെടാതിരുന്നതിന് കാരണമെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്.

നിലവിൽ ആഗോളതലത്തിൽ ജനിതക ഘടനയെ കുറിച്ച് പഠിക്കുന്നതിനായി പതിനായിര ക്കണക്കിന് സാമ്പിളുകളാണ് ശേഖരിച്ചത്. ഇതിൽ വൈറസിന്റെ പത്ത് വകഭേദങ്ങളാണ് കണ്ടെത്തിയത്. ഇന്ത്യയിൽ 4300 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതിൽ എട്ട് വകഭേദങ്ങളാണ് ഇന്ത്യയിൽ സ്ഥിരീകരിച്ചത്. ലോകത്ത് എടുഎ എന്ന ജനിതക ഘടനയുള്ള വൈറസാണ് ഏറ്റവുമധികം പടർന്നുപിടിച്ചത്. രാജ്യത്ത 70 ശതമാനം കോവിഡ് കേസുകളിലും എടുഎ ജനിതക ഘടനയുള്ള വൈറസാണ് കണ്ടെത്തിയത്. ഐ/എ3ഐ എന്ന ജനിതകഘടനയുള്ള വൈറസ് ഇന്ത്യയിൽ മാത്രമാണ് കണ്ടെത്തിയത്.അതിനിടെയാണ് അതിവേഗ വൈറസ് ഇന്ത്യയിലും എത്തിയിരിക്കാമെന്ന വിദഗ്ധരുടെ നിഗമനം. വൈറസിന്റെ ജനിതക വ്യതിയാനത്തെ കുറിച്ച് പഠിക്കുന്ന വിദഗ്ധരാണ് മുന്നറിയിപ്പ് നൽകിയത്.ഇന്ത്യയിൽ സിഎസ്ആആർ- ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജിയാണ് മുഖ്യമായി വൈറസിന്റെ ജനിതകഘടന വിശകലനം ചെയ്യുന്നത്. 30 ദേശീയ ഗവേഷണ സ്ഥാപനങ്ങൾ ഉൾപ്പെടെ വിവിധ കേന്ദ്രങ്ങൾ വഴിയാണ് വിവരങ്ങൾ ശേഖരിച്ചത്.

ഇതിനിടയിൽ ജനിതക മാറ്റം സംഭവിച്ച് കൂടുതൽ പ്രഹരശേഷി നേടിയ കൊറോണ വൈറസിന്റെ സാന്നിധ്യം രേഖപ്പെടുത്തിയ യുകെയിൽ നിന്ന് ഇന്ത്യയിലെത്തിയ അഞ്ച് പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. ഡൽഹി വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്.അതിവേഗം പടർന്ന് പിടിക്കുന്ന കൊറോണ വൈറസിന്റെ വകഭേദം ബ്രിട്ടണിൽ കണ്ടെത്തിയതിനെ തുടർന്ന് ലോകം വീണ്ടും ഭീതിയിലാണ്. ബ്രിട്ടണിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ.