മലപ്പുറം: കോവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ ഇന്ന് ശാസ്ത്രലോകം ആവശ്യപ്പെടുന്ന മുൻകരുതലുകൾ എല്ലാം തന്നെ സ്വീകരിച്ചിട്ടും നാലുതവണ കോവിഡ് പോസറ്റീവായിരിക്കുകയാണ് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ ജൂനിയർ റസിഡന്റ് ഡോക്ടറായ പത്തപ്പിരിയം സ്വദേശി ഡോ.അബ്ദുൽ ഗഫൂർ കളപ്പാടന്. നാലുതവണയും രോഗത്തെ ജയച്ചു കയറിയെങ്കിലും ഈ അപൂർവ്വതയുടെ കാരണം തേടുകയാണ് ആരോഗ്യവകുപ്പും.

ഡോക്ടറായതിനാൽ തന്നെ രണ്ടു കോവിഡ് വാക്‌സിനും പിപി കിറ്റുൾപ്പടെയുള്ള സുരക്ഷാ മാർഗ്ഗങ്ങളും ഉപോഗിച്ചാണ് ഡോക്ടർ തന്റെ കർത്തവ്യത്തിൽ ഏർപ്പെടുന്നത്. എന്നിട്ടും നാലുതവണ കോവിഡ് തന്നെ അന്വേഷിച്ചുവന്നതിന്റെ കാരണം പാവം ഡോക്ടർക്കും വല്യ പിടിയില്ല.കോവിഡ് ബാധിച്ചതിന്റെ ശാരീരിക ബുദ്ധിമുട്ടിനൊപ്പം ക്വാറന്റൈനിന്റെ വിരസതയും ഡോക്ടർക്ക് ഉണ്ടെങ്കിലും ഇത്രയും തവണ ഈ മഹാമാരിയെ അതിജീവിച്ചതിന്റെ മനക്കരുത്തിൽ കോവിഡ് രോഗികൾക്ക് ആശ്വാസവുമായി വാർഡിൽ ഇന്നും സജീവമാണ് ഡോക്ടർ.

മലപ്പുറം കഴിഞ്ഞവർഷം മേയിലാണ് ആദ്യം കോവിഡ് പിടിപെട്ടത്. ഡിസംബറിൽ വീണ്ടും പോസിറ്റീവ്. 2 ഡോസ് വാക്‌സീനും എടുത്തശേഷം ഈ ഏപ്രിലിൽ മൂന്നാമതും പോസിറ്റീവായി. ഈ മാസം 4ന് നാലാമതും കോവിഡ് ബാധിച്ചു.ഗഫൂറിന്റെ സാംപിളിൽ ജനിതക മാറ്റം വന്ന ഡെൽറ്റ വൈറസിന്റെ സാന്നിധ്യമുള്ളതായി ഡൽഹിയിലെ ജീനോമാറ്റിക് ഇൻസ്റ്റിറ്റ്യൂട്ട് സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.

മൂന്ന് കാരണങ്ങളാൽ ഇടയ്ക്കിടെ കോവിഡ് വരാം. ഒന്ന്, കോവിഡ് നെഗറ്റീവായാലും വൈറസിന്റെ നിശ്ശബ്ദ സാന്നിധ്യമുണ്ടാകാം. ഡോ. പോസിറ്റീവായ രോഗികളുമായുള്ള നിരന്തര സമ്പർക്കം, ശരീരത്തിലെ പ്രതിരോധ ശേഷിയുടെ കുറവ് എന്നീ കാരണങ്ങളും സംശയിക്കണം. കൂടുതൽ പഠനം ആവശ്യമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം

അതിനാൽ തന്നെ ഈ അപൂർവ്വതയ്ക്ക് പിന്നിലെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. ശരീരത്തിലെ ആന്റിബോഡി സാന്നിധ്യം പരിശോധിക്കാനും വാക്‌സീൻ മാറ്റി നൽകാനുമാണ് നിലവിൽ ആലോചിക്കുന്നത്.