കണ്ണൂർ: തലശ്ശേരി നിയമസഭാ മണ്ഡലത്തിൽ ഇക്കുറി എ എൻ ഷംസീർ വീണ്ടും മത്സര രംഗത്തുണ്ടാകുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത കൈവന്നിട്ടില്ല. സിപിഎമ്മിനുള്ളിൽ നിന്നും ഷംസീറിനെതിരെ കടുത്ത വികാരമാണ് ഉയരുന്നത്. പക്ഷപാതിത്തം കാണിക്കുന്നുവെന്നും സ്വന്തം കാര്യം നോക്കി നടക്കുന്നു എന്നത് അടക്കമുള്ള ആരോപണങ്ങളാണ് അദ്ദേഹത്തിനെതിരെയുള്ളത്. ഭാര്യയ്ക്ക് ജോലി കിട്ടാനായി ഷംസീർ നടത്തിയ വഴിവിട്ട ഇടപെടലുകൾ പോലും വിവാദങ്ങൾക്ക് ഇടവെച്ചിരുന്നു. ഈ സാഹചര്യത്തിൽ ഷംസീറിനെതിരെ കടുത്ത വികാരം പാർട്ടിക്കുള്ളിലുണ്ട്.

ഷംസീർ മത്സരിച്ചാൽ ഇക്കുറി തോൽവി ഉറപ്പിക്കാൻ സിപിഎം വിമതനും രംഗത്തുണ്ട്. തലശേരിയിൽ നിയമസഭാ മണ്ഡലത്തിൽ സിപിഎമ്മിനും എ.എൻ ഷംസീറിനും തലവേദനയായി സി.ഒ.ടി നസീർ സ്വതന്ത്ര സ്ഥാനാർത്ഥിയായി വീണ്ടും മത്സരിക്കാൻ ഒരുങ്ങുകയാണ്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥി യായി മത്സരിച്ച സി.ഒ.ടി നസീറിന് അതിക്രൂരമായി കായ്യത്ത് മുക്കിൽ വെച്ചു അതിക്രൂരമായി മർദ്ദനമേറ്റിരുന്നു. തെരഞ്ഞെടുപ്പിനു ശേഷമായിരുന്നു അക്രമം. പിന്നീട് വധശ്രമ കേസിലെ പ്രതികളായ സിപിഎം പ്രവർത്തകരെ പൊലിസ് അറസ്റ്റു ചെയ്തു.

ഈ കേസിൽ എ എൻ ഷംസീറിന്റെ ഒറ്റ അനുയായിയടക്കം അറസ്റ്റിലായിരുന്നു. തന്നെ അക്രമിച്ചതിനു പിന്നിൽ എ എൻ ഷംസീറാണെന്ന് സി.ഒ.ടി നസീർ പരാതി നൽകിയിരുന്നുവെങ്കിലും പൊലിസ് കേസെടുത്തിരുന്നില്ല. എന്നാൽ സി.ഒ.ടി നസീറിനെ അക്രമിച്ച കേസിലെ പ്രതികൾ സഞ്ചരിച്ച ഷംസീറിന്റെ സഹോദരന്റെ ഉടമസ്ഥതയിലുള്ള ഇന്നോവ കാർ പിടിച്ചിരുന്നു. എന്നാൽ ഷംസിറിനെ ചോദ്യം ചെയ്യാനോ ഗുഡാലോചന കേസിൽ പ്രതിയാക്കാനോ പൊലിസ് തയ്യാറായില്ല. ഈ കേസ് ഇപ്പോൾ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

ഇരുമ്പുവടി കൊണ്ട് തലങ്ങും വിലങ്ങും റോഡിലിട്ട് മർദ്ദിച്ച സി. ഒടി നസീർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. കൈകാലുകൾക്കും തലയ്ക്കും ഗുരുതരമായി പരുക്കേറ്റ നസീർ മാസങ്ങളോളം ചികിത്സയിലായിരുന്നു. വധശ്രമത്തിൽ നിന്നും രക്ഷപ്പെട്ട നസീർ ഈയിടയായി നടന്ന കർഷക സമരത്തിൽ സജീവമായി പങ്കെടുത്തിരുന്നു. പിന്നോക്ക ദളിത് പോരാട്ട നായകനായ ചന്ദ്രശേഖർ ആസാദിന്റെ ഉറ്റ അനുയായിട്ടാണ് നസീർ അറിയപ്പെടുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 34117 വോട്ടുകൾക്കാണ് ഷംസീർ മണ്ഡലത്തിൽ നിന്നും വിജയിച്ചത്. യു.ഡി.എഫിലെ എ.പി.അബ്ദുള്ളക്കുട്ടിയായിരുന്നു എതിർ സ്ഥനാർത്ഥി. തലശേരി മണ്ഡലത്തിൽ നിന്നും സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചാൽ സി.ഒ.ടി നസീർ സിപിഎമ്മിന് വീണ്ടും തലവേദനയായി മാറിയേക്കുമെന്നാണ് സൂചന.

തലശേരി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സി.ഒ.ടി നസീറിനെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് പോസ്റ്ററുകൾ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. എസ്.എഫ്.ഐ നേതാവായി തലശേരി കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന സി.ഒ.ടി നസീർ സിപിഎം ലോക്കൽ കമ്മിറ്റി അംഗമായ കാലയളവിലാണ് കിവീസ് ക്‌ളബ്ബിന്റെ പ്രവർത്തനങ്ങളുമായി ബന്ധപെട്ടാണ് നഗരസഭയും സിപിഎം നേതൃത്വവുമായി തെറ്റുന്നത്. ഒടുവിൽ തലശേരി സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട് അഴിമതിയാരോപണം ഉന്നയിച്ചതോടെയാണ് എ.എൻ ഷംസീർ എംഎ‍ൽഎയുമായി നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് എത്തുന്നതും വടകരയിൽ പി.ജയരാജനെതിരെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നതും. തെരഞ്ഞെടുപ്പിന് ശേഷമാണ് തലശേരി നഗരത്തിലെ കായ്യത്ത് മുക്ക് റോഡിൽ വെച്ച് ബൈക്കിലെത്തിയ സംഘം നസീറിനെ വളഞ്ഞിട്ട് അക്രമിക്കുന്നത്.