കുവൈത്ത് സിറ്റി: മകനെ കഴുതയെന്ന് വിളിച്ച പിതാവ് 200 കുവൈത്തി ദിനാർ (48,000ത്തിലധികം രൂപ) പിഴ നൽകണമെന്ന് കുവൈത്തി പബ്ലിക് പ്രോസിക്യൂഷൻ. 'നീയൊരു കഴുതയാണെന്ന്' മകനോട് പിതാവ് പറഞ്ഞതിനെ തുടർന്ന് മകൻ ഇദ്ദേഹത്തിനെതിരെ കേസ് ഫയൽ ചെയ്യുകയായിരുന്നെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗൾഫ് ന്യൂസ്' റിപ്പോർട്ട് ചെയ്തു.

പിതാവ് മോശമായി സംസാരിച്ചത് ചൂണ്ടിക്കാട്ടിയാണ് കുട്ടി പിതാവിനെതിരെ കേസ് ഫയൽ ചെയ്തത്. ചോദ്യം ചെയ്യലിൽ പിതാവ് കുറ്റം സമ്മതിച്ചു. എന്നാൽ മകനെ കഴുതയെന്ന് വിളിക്കാനിടയായ സാഹചര്യം എന്താണെന്ന് വ്യക്തമല്ല. കേസ് പരിഗണിച്ച പബ്ലിക് പ്രോസിക്യൂഷൻ കുട്ടിയെ അപമാനിച്ച പിതാവ് 200 ദിനാർ പിഴയായി നൽകണമെന്ന് ഉത്തരവിടുകയായിരുന്നു.