കൊച്ചി: തൃപ്പൂണിത്തുറ നിയമസഭ മണ്ഡലത്തിൽ നിന്ന് കോൺഗ്രസിലെ കെ. ബാബു തെരഞ്ഞെടുക്കപ്പെട്ടത് ചോദ്യം ചെയ്ത് എതിർ സ്ഥാനാർത്ഥിയായിരുന്ന സിപിഎം നേതാവ് എം. സ്വരാജ് നൽകിയ ഹരജിയിൽ ഹൈക്കോടതി നോട്ടീസ്. കെ. ബാബു, തെരഞ്ഞെടുപ്പ് കമീഷൻ അടക്കമുള്ളവർക്കാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്. ഒക്ടോബർ നാലിന് പരിഗണിക്കാനായി ഹരജി മാറ്റി.

'സ്വാമി അയ്യപ്പന്റെ' പേരു പറഞ്ഞ് കെ. ബാബു വോട്ട് തേടിയത് തെരഞ്ഞെടുപ്പ് ക്രമക്കേടാണെന്നും ബാബുവിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് സ്വരാജ് ഹരജി നൽകിയത്. അയ്യപ്പന് ഒരു വോട്ട് എന്ന് അച്ചടിച്ച് മണ്ഡലത്തിൽ വിതരണം ചെയ്ത തെരഞ്ഞെടുപ്പ് സ്ലിപ്പുകളിൽ കെ. ബാബുവിന്റെ പേരും ചിഹ്നവും ഉൾപ്പെട്ടിരുന്നു.

തൃപ്പൂണിത്തുറ മണ്ഡലത്തിൽ അയ്യപ്പനും സ്വരാജും തമ്മിലാണ് മത്സരമെന്നും അയ്യപ്പന് വോട്ട് ചെയ്ത് ബാബുവിനെ വിജയിപ്പിക്കണമെന്നും വ്യാപക പ്രചരണവും ചുവരെഴുത്തും നടത്തിയിരുന്നു. ഇതിനായി യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേർന്നു. 'അയ്യനെ കെട്ടിക്കാൻ വന്നവനെ അയ്യന്റെ നാട്ടിൽ നിന്ന് കെട്ടിക്കെട്ടിക്കാൻ കെ. ബാബുവിന് വോട്ട് ചെയ്യൂ' എന്നായിരുന്നു ചുവരെഴുത്തുകൾ. ഇത് തെരഞ്ഞെടുപ്പ് ക്രമക്കേടാണെന്നാണ് സ്വരാജ് ചൂണ്ടിക്കാട്ടുന്നു.

നേരത്തെ, സ്വരാജിന്റെ ഹരജിയിൽ കെ. ബാബു അടക്കമുള്ളവരോട് ഹൈക്കോടതി വിശദീകരണം തേടിയിരുന്നു. വിജയിച്ച കെ. ബാബു എംഎ‍ൽഎ, സ്ഥാനാർത്ഥികളായിരുന്ന ഡോ. കെ.എസ്. രാധാകൃഷ്ണൻ, കെ.പി. അയ്യപ്പൻ, പി.സി. അരുൺ ബാബു, രാജേഷ് പൈറോഡ്, സി.ബി. അശോകൻ തുടങ്ങിയവരാണ് എതിർകക്ഷികൾ.