ലക്‌നൗ: ഉത്തർപ്രദേശിൽ പൊലീസ് കസ്റ്റഡിയിലിരിക്കെ യുവാവ് മരിച്ച സംഭവത്തിൽ വിചിത്രവാദവുമായി പൊലീസ്.രണ്ടടി പൊക്കത്തിലുള്ള പൈപ്പിൽ ജാക്കറ്റിന്റെ വള്ളിയിൽ തുങ്ങി യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസിന്റെ വിശദീകരണം. എന്നാൽ പൊലീസ് മർദനം ആരോപിച്ച് കുടുംബം രംഗത്ത് വന്നു. ഉത്തർപ്രദേശിലെ കാസ്ഗഞ്ചിലെ സദർ കോട്വാലിയിലെ നഗ്ല സയ്യിദ് അഹ്രോളി സ്വദേശി അൽതാഫിന്റെ മകൻ ചാന്ദ് മിയാന്റെ മരണം കൊലപാതകമാണെന്നാണ് കുടുംബത്തിന്റെ ആരോപണം.

ലോക്കപ്പിനുള്ളിലെ ശുചിമുറിയിൽവെച്ച് യുവാവ് ആത്മഹത്യ ചെയ്‌തെന്നാണ് പൊലീസ് കുടുംബത്തെ അറിയിച്ചത്.ഇക്കഴിഞ്ഞ നവംബർ 9 നാണ് കോട്വാലിയിലെ ജയിൽ ലോക്കപ്പിൽ തൂങ്ങിമരിച്ച നിലയിൽ മിയാന്റെ മൃതദേഹം കണ്ടെത്തിയത്.പ്രണയത്തിലായിരുന്ന പെൺകുട്ടിയുമായി ഒളിച്ചോടിയെന്ന പെൺകുട്ടിയുടെ മാതാപിതാക്കളുടെ ആരോപണത്തിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചാണ് തിങ്കളാഴ്ച മിയാനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് കസ്റ്റഡിയിൽ 24 മണിക്കൂർ പിന്നിടുന്നതിന് മുൻപ് ലോക്കപ്പിനുള്ളിൽ തൂങ്ങിയ നിലയിലാണ് യുവാവിനെ കണ്ടെത്തിയത്.

ചോദ്യം ചെയ്യലിനിടെ ശുചിമുറിയിൽ പോകണമെന്ന് ആവശ്യപ്പെട്ട യുവാവിനെ ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് യുവാവിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയതെന്ന് പൊലീസ് പറയുവന്നു. തറയിൽ നിന്ന് രണ്ടടി മാത്രം ഉയരത്തിലുള്ള പൈപ്പിൽ ധരിച്ചിരുന്ന ഹുഡ്ഡി ജാക്കറ്റിന്റെ വള്ളിയിൽ തൂങ്ങി മിയാൻ ആത്മഹത്യ ചെയ്‌തെന്നാണ് പൊലീസ് ഭാഷ്യം. യുവാവിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചുവെന്നും ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചതെന്നുമാണ് എസ്‌പി രോഹൻ പ്രമോദ് ബോത്രേ നൽകിയ വിശദീകരണം

പ്രാഥമിക അന്വേഷണത്തിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് സിഐ ഉൾപ്പടെ അഞ്ച് പൊലീസുകാരുടെ സസ്‌പെൻഡ് ചെയ്തതായും ബോത്രേ അറിയിച്ചു.അതേസമയം, സ്റ്റേഷനിലെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ പുറത്തുവിടാൻ ഇതുവരെ പൊലീസ് തയ്യാറായിട്ടില്ല.