ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വാക്‌സിൻ ക്ഷാമത്തിന് താൽക്കാലിക പരിഹാരമാകുന്നു. സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 1.84 കോടി കോവിഡ് വാക്സിൻ ഡോസുകൾ നിലവിൽ സ്റ്റോക്കുണ്ടെന്നും അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ 51 ലക്ഷം ഡോസ് വാക്സിൻ കൂടി നൽകുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം.

സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കുമായി 20 കോടിയിലിധികം വാക്സിൻ ഡോസുകൾ കേന്ദ്ര സർക്കാർ ഇതുവരെ സൗജന്യമായി നൽകിയിട്ടുണ്ട്.

ഇതിൽ പാഴായതടക്കം മെയ് 14 വരെ ഉപയോഗിച്ചത് 18,43,67,772 ഡോസുകളാണെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ ഡാറ്റയിൽ പറയുന്നു. 1.84 കോടിയിലധികം വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെ പക്കൽ നിലവിൽ സ്റ്റോക്കുണ്ടെന്നും മന്ത്രാലയം പറയുന്നു. 

കോവിഡിനെതിരേയുള്ള പ്രതിരോധ ശേഷി വർധിപ്പിക്കാൻ എല്ലാവരും വാക്‌സിൻ രണ്ടാം ഡോസ് കുത്തിവെപ്പ് എടുക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ അഭ്യർത്ഥിച്ചിരുന്നു. വാക്‌സിനേഷൻ വേഗത്തിലാക്കാൻ കൂടുതൽ ഡോസ് വാക്‌സിൻ ഉടൻ സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യുമെന്നും ഹർഷ വർധൻ വ്യക്തമാക്കിയിരുന്നു.

വാക്‌സിൻ ക്ഷാമത്തെക്കുറിച്ച് ആശങ്ക ഉയർന്നതോടെ സംസ്ഥാന സർക്കാരുകൾക്കും സ്വകാര്യ കമ്പനികൾക്കും വിദേശരാജ്യങ്ങളിൽ നിന്ന് അംഗീകൃത കോവിഡ് വാക്‌സിനുകൾ നേരിട്ട് ഇറക്കുമതി ചെയ്യാൻ അനുമതി നൽകിയിരുന്നു. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ ഇതുസംബന്ധിച്ച മാർഗനിർദ്ദേശം പുറത്തിറക്കിയിരുന്നു.

രാജ്യത്ത് അംഗീകാരമുള്ള വാക്‌സിൻ ആണെങ്കിൽ ഇറക്കുമതി ലൈസൻസ് ലഭിച്ചാൽ ഏത് സ്വകാര്യ കമ്പനികൾക്കും ഈ വാക്‌സിനുകൾ നേരിട്ട് ഇറക്കുമതി ചെയ്യാമെന്ന് സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനെ ഉദ്ധരിച്ച് ഇക്കണോമിക്‌സ് ടൈംസാണ് റിപ്പോർട്ട് ചെയ്തത്.

സംസ്ഥാന സർക്കാരുകൾക്കും സ്വകാര്യ കമ്പനികൾക്കും വിതരണം ചെയ്യുന്നതിനായി വാക്‌സിൻ ഇറക്കുമതി ചെയ്യാമെന്നാണ് മാർഗനിർദേശത്തിൽ പറയുന്നത്. വാക്‌സിന് ഇന്ത്യയിൽ ഇതുവരെ അംഗീകാരം ലഭിച്ചിട്ടില്ലെങ്കിൽ ഇറക്കുമതി ചെയ്യുന്നവരോ വാക്‌സിൻ നിർമ്മാതാവിന്റെ അംഗീകൃത പ്രതിനിധിയോ അനുമതി ലൈസൻസിന് അപേക്ഷിക്കേണ്ടതുണ്ട്.

റഷ്യൻ നിർമ്മിത സ്പുടിനിക് V വാക്‌സിനായിരിക്കും രാജ്യത്തെ സ്വകാര്യ വിപണിയിൽ ലഭ്യമാകുന്ന ആദ്യ ഇറക്കുമതി വാക്‌സിൻ. റഷ്യയിൽ നിന്ന് ഒന്നരലക്ഷം ഡോസ് വാക്‌സിൻ ശനിയാഴ്ച ഇന്ത്യയിലെത്തുമെന്ന് ഡോ റെഡ്ഡീസ് ലബോറട്ടറി അറിയിച്ചിരുന്നു.