കൊച്ചി: കോവിഡ് മൂലം അനാഥരാക്കപ്പെട്ട കുട്ടികൾക്കുള്ള കേന്ദ്ര ധനസഹായത്തിനായി കേരളത്തിൽ നിന്നും അപേക്ഷ ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഇക്കാര്യം ഡീൻ കുര്യാക്കോസ് എംപിയാണ് ഫേസ്‌ബുക്ക് കുറിപ്പിൽ അറിയിച്ചത്. കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനിയാണ് ഇക്കാര്യം ലോക്‌സഭയെ അറിയിച്ചതെന്ന് ഇടുക്കി എംപി വ്യക്തമാക്കിയത്.

'കോവിഡ് മൂലം അനാഥരാക്കപ്പെട്ട കുട്ടികൾക്ക് പിഎം കെയേഴ്‌സ് ഫണ്ടിൽ നിന്നാണ് സഹായം നൽകുന്നത്. ഓരോ കുട്ടിക്കും പത്ത് ലക്ഷം രൂപയുടെ ധനസഹായമാണ് നൽകുന്നത്. 18 വയസ്സ് വരെ മാസാമാസം സ്‌റ്റൈപ്പന്റും ,23 വയസ്സുവരെ ഉന്നത വിദ്യാഭ്യാസത്തിനുള്ള സഹായവും ഈ സ്‌കീമിൽ ലഭ്യമാകും. കേരളത്തിൽ നിന്നും ഒരു കുട്ടി പോലും രജിസ്റ്റർ ചെയ്യപ്പെട്ടില്ലായെന്നും കേന്ദ്ര മന്ത്രി അറിയിച്ചു.'

പിഎം കെയേഴ്‌സ് സ്‌കീമിൽ നിന്ന് കോവിഡ് 19 മൂലം അനാഥരാക്കപ്പെട്ട കുട്ടികൾക്കുള്ള സഹായത്തിനായി കേരളത്തിൽ നിന്നും ആരും രജിസ്റ്റർ ചെയ്തിട്ടില്ലായെന്നാണ് കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി ലോകസഭയിലെ ചോദ്യോത്തര വേളയിൽ വ്യക്തമാക്കി. കേരളത്തിൽ 9 കുട്ടികൾ മാത്രമാണ് അനാഥരാക്കപ്പെട്ടതെന്നും 1135.84 ലക്ഷം രൂപയാണ് കുട്ടികളെ സഹായിക്കാനായി കേരളത്തിന് നൽകിയിട്ടുള്ളത്- ഡീൻ കുര്യാക്കോസ് പറയുന്നു.

ഇത്തരമൊരു ആനുകൂല്യം ഉള്ളതിനെ പറ്റി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകുവാൻ പോലും കേരളത്തിലെ സർക്കാർ സംവിധാനങ്ങൾക്ക് സാധിച്ചിട്ടില്ലെന്നും ഡീൻ കുര്യാക്കോസ് ആരോപിച്ചു.