തിരുവനന്തപുരം: വായു മാർഗം കോവിഡ് പകരാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലാൻസറ്റ് ജേർണലിൽ പ്രസീദ്ധീകരിച്ച പുതിയ പഠനം ചൂണ്ടിക്കാണിച്ചാണ് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകിയത്.

തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ പുറത്തു വരുന്ന സൂക്ഷ്മ ജലകണികകൾ വായുവിൽ തങ്ങി നിൽക്കുകയും അൽപ ദൂരം സഞ്ചരിക്കുകയും ചെയ്തേക്കാം. അത്തരത്തിൽ ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് വായു വഴി കോവിഡ് പകരാമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മാസ്‌കുകൾ കർശനമായി ധരിക്കേണ്ടതിന്റെ പ്രാധാന്യം ഈ പ്രശ്നം ഒന്നുകൂടി അരക്കിട്ടുറപ്പിക്കുന്നു. മാസ്‌ക് ധരിക്കുന്നതിൽ വീഴ്ച വരുത്തിയാൽ രോഗം പകരാനുള്ള സാധ്യത വളരെ കൂടുതലാകും. മാസ്‌കുകളുടെ ശരിയായ രീതിയിലുള്ള ഉപയോഗം നമ്മൾ കർശനമായി പിന്തുടരണം. അടഞ്ഞ സ്ഥലങ്ങളിൽ കൂടിയിരിക്കുക, അടുത്തിടപഴകുക, ഒരുപാടാളുകൾ കൂട്ടം കൂടുക എന്നിവയും വായുമാർഗം രോഗം പടരുന്നതിൽ വളരെ പ്രധാന കാരണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടനെത്തന്നെ ടെസ്റ്റിങ്ങിനു വിധേയമാകാൻ എല്ലാവരും തയ്യാറകണം. എത്രയും പെട്ടെന്ന് തൊട്ടടുത്ത ടെസ്റ്റിങ് സെന്ററിൽ ചെന്ന് പരിശോധന നടത്തുകയും, ഫലം പോസിറ്റീവ് ആണെങ്കിൽ അവശ്യമായ ചികിത്സയും മുൻകരുതലും സ്വീകരിക്കുകയും വേണം. ആർടിപിസിആർ ടെസ്റ്റ് ചെയ്തു കഴിഞ്ഞവർ രോഗലക്ഷണമുണ്ടെങ്കിലും ഇല്ലെങ്കിലും നിർബന്ധമായും ഐസോലേഷനിൽ കഴിയേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

സാധാരണ പനിയോ ജലദോഷമോ ആണെന്നു കരുതി കാത്തുനിന്ന് സമയം കളയരുത്. വ്യാപനം രൂക്ഷമായിരിക്കുന്നതിനാൽ ആ ലക്ഷണങ്ങൾ കോവിഡിന്റേതാകാനുള്ള സാധ്യത വളരെ കൂടുതലാണ്.