ന്യൂഡൽഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകണമെന്ന നിർദേശവുമായി സുപ്രീംകോടതി. നഷ്ടപരിഹാരം നൽകുന്നതിന് ആറാഴ്ചക്കകം മാർഗരേഖ തയ്യാറാക്കണമെന്നും സുപ്രീംകോടതി കേന്ദ്ര സർക്കാറിനോട് നിർദേശിച്ചു. ദേശീയ ദുരന്തനിവാരണ അഥോറിറ്റി നിയമം അനുസരിച്ചാണ് മാർഗരേഖ തയ്യാറാക്കേണ്ടതെന്നാണ് കോടതിയുടെ നിർദ്ദേശം. എത്ര തുക നൽകണമെന്നതിനെ കുറിച്ച് സുപ്രീംകോടതി വ്യക്തമാക്കിയില്ല. തുക നൽകുന്നത് സംബന്ധിച്ച് സർക്കാരിന് തീരുമാനിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

കോവിഡ് ബാധിച്ച് മരിച്ചവർക്ക് നാലുലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്ന ഹർജിയാണ് സുപ്രീംകോടതി പരിഗണിച്ചത്.ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായുള്ള മൂന്നംഗ ബഞ്ചാണ് കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകണമെന്ന് നിർദേശിച്ചത്. കുടുംബങ്ങൾക്ക് ധനസഹായം ലഭിക്കാൻ അർഹതയുണ്ട്. നഷ്ടപരിഹാരം നൽകുന്നതിന് ആറാഴ്ചക്കകം മാർഗരേഖ തയ്യാറാക്കണം. ഇക്കാലയളവിൽ നഷ്ടപരിഹാരമായി നൽകുന്ന തുക നിർണയിക്കാൻ ദേശീയ ദുരന്ത നിവാരണ അതോറ്റിയോടും സുപ്രീംകോടതി നിർദേശിച്ചു.

കഴിഞ്ഞ ദിവസം കേസിന്റെ വാദത്തിനിടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ സാധിക്കില്ലെന്ന് സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കേന്ദ്രസർക്കാർ ബോധിപ്പിച്ചിരുന്നു. ദുരന്തനിവാരണ നിയമപ്രകാരം പ്രകൃതി ദുരന്തങ്ങൾക്ക് മാത്രമേ നഷ്ടപരിഹാരം നൽകാൻ സാധിക്കുകയുള്ളൂ. കുടുംബങ്ങൾക്ക് നാലുലക്ഷം രൂപ വീതം നൽകുന്നതിനുള്ള സാമ്പത്തിക സ്ഥിതി സംസ്ഥാനങ്ങൾക്കില്ലെന്നും കേന്ദ്രസർക്കാർ വിശദീകരിച്ചു.

കോവിഡ് നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കാൻ സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് 183 പേജുള്ള സത്യവാങ്മൂലം കേന്ദ്രസർക്കാർ കഴിഞ്ഞദിവസം സുപ്രീംകോടതിയിൽ സമർപ്പിച്ചത്.

നിലവിൽ രാജ്യത്ത് കോവിഡ് ബാധിച്ച് 3.85 ലക്ഷത്തിലധികം പേരാണ് മരിച്ചത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് നാലുലക്ഷം രൂപ വീതം നൽകാൻ സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതി അനുവദിക്കുന്നില്ലെന്നും കേന്ദ്രം വ്യക്തമാക്കി. അതേസമയം കോവിഡിതര രോഗങ്ങൾ ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നിഷേധിക്കുന്നത് ഉചിതമല്ലെന്നും കേന്ദ്രം സത്യവാങ്മൂലത്തിൽ പറയുന്നു.

നിലവിൽ സംസ്ഥാനങ്ങളുടെ ആരോഗ്യചെലവ് വർധിച്ചിട്ടുണ്ട്. അതേസമയം നികുതി വരുമാനം കുറവാണ്. കോവിഡ് ബാധിച്ച് മരിച്ച ലക്ഷക്കണക്കിന് ആളുകളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നത് നിലവിലെ സാമ്പത്തിക സ്ഥിതിയിൽ സംസ്ഥാനങ്ങൾക്ക് സാധിക്കില്ലെന്നും കേന്ദ്രം വ്യക്തമാക്കി.