ന്യഡൽഹി: ഒതേനന്റെ മൃതദേഹവുമായെത്തിയ സന്തതസഹചാരി ചാപ്പനോട് ഒതേനന്റെ ജ്യേഷ്ഠൻ കോമക്കുറുപ്പ് പറഞ്ഞ വാക്കുകളാണ്, ''കൊണ്ടുനടന്നതും നീയേ ചാപ്പാ, കൊണ്ടുപോയ് കൊന്നതും നീയേ...'' ഇന്ന് ഇന്ത്യയുടെ ദുരവസ്ഥ ആഘോഷിക്കുന്ന പാശ്ചാത്യമാധ്യമങ്ങളുടെ പ്രവർത്തികാണുമ്പോൾ ഈ വാക്കുകളാണ് ഓർമ്മ വരുന്നത്. കൊറോണയുടെ ആദ്യവരവിനെ വിജയകരമായി പിടിച്ചുകെട്ടിയ ഇന്ത്യയുടെ വിജയഗാഥകൾ ആഘോഷമാക്കിയ പാശ്ചാത്യ മാധ്യമങ്ങളിൽ ഇപ്പോൾ തലക്കെട്ടിലിടം നേടുന്നത് ഇന്ത്യൻ ദുരന്തകഥകളാണ്. ദിവസങ്ങൾ കൊണ്ടാണ്, വിജയിയായ ഇന്ത്യ എന്ന പ്രതിച്ഛായ പരാജിതയായി വിലപിക്കുന്ന ഇന്ത്യ എന്ന നിലയിലേക്ക് മാറിയത്.

ഇന്ത്യയിൽ ആരും സുരക്ഷിതരല്ലെന്നാണ് ഒരു പ്രമുഖ ബ്രിട്ടീഷ് മാധ്യമം എഴുതിയത്. അതിവ്യാപനശേഷിയുള്ള, പുതിയ ഇനം വൈറസ് കളം കൈയടക്കിയതോടെ സമൂഹത്തിന്റെ എല്ലാ കോണുകളിലേക്കും രോഗം അതിവേഗം വ്യാപിക്കുകയാണെന്നും ഇവർ പറയുന്നു. കഴിഞ്ഞ ബുധനാഴ്‌ച്ച മുതൽ ഓരോ ദിവസവും പുതിയതായി രോഗം സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണം 10 ലക്ഷത്തിന് മേൽ പോകുന്നു. ലോകത്തിൽ തന്നെ സമാനതകളില്ലാത്ത സംഭവമാണിതെന്നു പാശ്ചാത്യ മാധ്യമങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

രോഗവ്യാപനം അതിരൂക്ഷമായ ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ ആശുപത്രികൾ നിറഞ്ഞുകവിഞ്ഞിരിക്കുന്നു. പലരും ചികിത്സപോലും ലഭിക്കാതെ മരണമടയുകയാണെന്നും ഇവർ റിപ്പോർട്ട് ചെയ്യുന്നു. ഓക്സിജൻ ക്ഷാമം മൂലം ശ്വാസം മുട്ടി മരിക്കുന്നവരുടെ എണ്ണം പെരുകുന്നു. ഓക്സിജൻ വിതരണം തടസ്സപ്പെടുത്തുന്നവർക്ക് മരണ ശിക്ഷ വിധിക്കും എന്ന് ഹൈക്കോടതി പറയുന്നു. സർക്കാർ റെയിൽവേയുടെയും വ്യോമസേനയുടെയും സഹായത്താൽ എല്ലായിടങ്ങളിലും ഓക്സിജൻ എത്തിക്കാൻ കിണഞ്ഞു ശ്രമിക്കുകയാണ്.

കാര്യക്ഷമമായി നിയന്ത്രിച്ച ഒന്നാം വരവിൽ യുവജനങ്ങൾക്കിടയിൽ കാര്യമായ രോഗവ്യാപനം ഉണ്ടായിരുന്നില്ല. എന്നാൽ രണ്ടാം വരവിലെ സ്ഥിതി മറിച്ചാണ്. 40 വയസ്സിൽ താഴെയുള്ളവരിലും രോഗം സ്ഥിരീകരിക്കപ്പെടുന്നത് ഇന്ന് ഒറ്റപ്പെട്ട സംഭവമല്ലാതെയായി മാറിയിരിക്കുന്നു. രണ്ട് മാസം പ്രായമുള്ള കുട്ടികൾ വരെ രോഗികളിലുണ്ട്. ഗർഭിണികളും കോവിഡിനാൽ മരണപ്പെടുന്നു. പല ആശുപത്രികളിലും പുതിയ രോഗികളെ സ്വീകരിക്കാനാകാത്ത അവസ്ഥയാണെന്നും മറ്റൊരു പ്രമുഖ പത്രം ചൂണ്ടിക്കാണിക്കുന്നു.

ന്യുഡൽഹിയിലെ ഏറ്റവും വലിയ സർക്കാർ ആശുപത്രിയായ ഗുരു തേജ് ബഹാദൂർ ഹോസ്പിറ്റൽ സന്ദർശിച്ച ഡെയിലി മെയിൽ ലേഖകൻ എഴുതുന്നത് കാർ പാർക്ക് വരെ ഇന്റൻസീവ് കെയറായി രൂപമാറ്റം ചെയ്തിരിക്കുന്നു എന്നാണ്. വരാന്തകളിൽ പോലും സ്ട്രെച്ചറുകളിൽ രോഗികൾ ചികിത്സയ്ക്കുള്ള ഊഴം കാത്തുകിടക്കുന്നു. ഓരോ കിടക്കയിലും നാല് രോഗികൾ വീതം ഒരേ ഓക്സിജൻ സിലിണ്ടറിൽ നിന്നും അവർ ജീവവായു പങ്കുവയ്ക്കുന്നു, ലേഖകൻ തുടർന്നെഴുതുന്നു.

ഗുരുതരമായ രോഗബാധയുള്ളവർക്ക് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടാൽ പോലും ചികിത്സലഭിക്കുമെന്ന ഉറപ്പൊന്നുമില്ലെന്ന് മറ്റൊരു മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. പലയിടങ്ങളിലും രോഗികൾക്ക് ആവശ്യമായ ഭക്ഷണവും മരുന്നും, ഓക്സിജൻ പോലും ബന്ധുക്കൾ കൊണ്ടുവരേണ്ട ഗതികേടാണ്. ഇത് പലയിടങ്ങളിലും രോഗികളുടെ ബന്ധുക്കൾ തമ്മിലുള്ള തെരുവു യുദ്ധത്തിൽ വരെ കലാശിക്കുന്നു എന്നും അവർ പറയുന്നു. ഇന്ന്, ഇന്ത്യയിൽ ജനങ്ങൾക്കിടയിൽ യഥാർത്ഥ സമത്വം കൊണ്ടുവന്നത് ഈ വൈറസാണത്രെ! എത്ര പണമുണ്ടെങ്കിലും, ഉറ്റവർക്കായി ഒരു ആശുപത്രി കിടക്കയോ ഒരു ഓക്സിജൻ സിലിണ്ടറോ ഉറപ്പാക്കാൻ കഴിയാത്ത സാഹചര്യമാണിപ്പോഴുള്ളത്.

പല ആശുപത്രികൾക്ക് മുന്നിലും ചികിത്സതേടി നീണ്ട നിര പ്രത്യക്ഷപ്പെടുമ്പോൾ, ഇത്രയും വ്യാപകമായ തോതിൽ ഒരു അടിയന്തര സാഹചര്യം തങ്ങളുടെ ജീവിതത്തിൽ കണ്ടിട്ടില്ല എന്നാണ് ഡോക്ടർമാരും നഴ്സുമാരും പറയുന്നത്. പലരും ഒറ്റയടിക്ക് നാല് ഷിഫ്റ്റ് വരെയാണ് ജോലിചെയ്യുന്നത്. മണിക്കൂറിൽ ഒരു റൗണ്ട് എടുത്ത് എല്ലാരോഗികളേയും കാണേണ്ട സാഹചര്യമുള്ളപ്പോൾ പലപ്പോഴും ദിവസത്തിൽ ഒന്നോ പരമാവധി രണ്ടോ റൗണ്ടുകൾ മാത്രമാണ് ഡോക്ടർമാർ ചെയ്യുന്നതെന്നും ഒരു മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

അണയാത്ത ജ്വാലയുമായി നിൽക്കുന്ന ചുടലപ്പറമ്പുകളും പാശ്ചാത്യ മാധ്യമങ്ങളുടെ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. തുടർച്ചയായി പ്രവർത്തിച്ചതിനാൽ ഒരു വൈദ്യൂത ശ്മശാനത്തിലെ ഫർണസ് ഉരുകാൻ തുടങ്ങി എന്നുവരെ ഒരു മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. മണിക്കൂറുകൾ പ്രവർത്തനം നിർത്തിവച്ചാണത്രെ പിന്നീട് ആ ഫർണസ് പ്രവർത്തന രഹിതമാകാതെ സൂക്ഷിച്ചത്. ശവപ്പറമ്പുകളിൽ മൃതദേഹങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്ന കാഴ്‌ച്ചകളും അവർ റിപ്പോർട്ട് ചെയ്യുന്നു.

ഭരണ നേതൃത്വത്തിന്റെ പരാജയത്തിലേക്കാണ് പാശ്ചാത്യ മാധ്യമങ്ങൾ വിരൽചൂണ്ടുന്നത്. ജനങ്ങളോട് മാസ്‌ക് ധരിക്കാനും, സാമൂഹിക അകലം പാലിക്കാനും ആവശ്യപ്പെട്ടുകൊണ്ട് പ്രധാന മന്ത്രി നരേന്ദ്ര മോദി ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ടു. മണിക്കൂറുകൾക്കകം, മാസ്‌ക് ധരിക്കാതെ അദ്ദേഹം ഒരു രാഷ്ട്രീയ സമ്മേളനത്തിൽ പങ്കെടുത്തു എന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

രണ്ടാം വരവിന്റെ മൂർദ്ധന്യത്തിൽ എത്തുന്നതിനു മുൻപ് പ്രതിദിനം 5 ലക്ഷം പുതിയ രോഗികൾ എന്ന അവസ്ഥയിലേക്ക് ഇന്ത്യ എത്തുമെന്നാണ് ആരോഗ്യ രംഗത്തെ പ്രമുഖർ വിലയിരുത്തുന്നത്. ഇന്നലെ 3,46,786 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. 2,624 കോവിഡ് മരണങ്ങളും ഇന്ത്യയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യ ഇനിയും രണ്ടാം വരവിന്റെ മൂർദ്ധന്യഘട്ടത്തിൽ എത്തിയിട്ടില്ല എന്നാണ് പ്രശസ്ത വൈറോളജിസ്റ്റ് സഹീദ് ജമീൽ പറയുന്നത്. നിലവിൽ 1 ലക്ഷം രോഗികളിൽ 1.14 പേർ വീതം മരിക്കുന്നു എന്നതാണ് കണക്ക്. അതായത് മൂർദ്ധന്യഘട്ടത്തിൽ എത്തിയാൽ പ്രതിദിനം 5,700 കോവിഡ് മരണങ്ങളെങ്കിലും ഉണ്ടാകും എന്നർത്ഥം.

ഇതിനിടയിൽ, രോഗവ്യാപനം തടയുവാൻ സർക്കാർ കാര്യക്ഷമമായ നടപടികൾ സ്വീകരിക്കുന്നില്ല എന്ന ആരോപണവും ഉയരുന്നുണ്ട്. ഒന്നാം ലോക്ക്ഡൗണിലേക്കാൾ കൂടുതൽ കർശനമായ നിയന്ത്രണങ്ങളോടുകൂടിയ ഒരു സമ്പൂർണ്ണ ലോക്ക്ഡൗണിനു മാത്രമേ രോഗവ്യാപനം തടയുവാനാകൂ എന്നൊരു പൊതുചിന്ത രൂപം കൊണ്ടുവരുന്നുണ്ടെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കൊറോണയുടെ ഒന്നാം വരവിനെ കീഴടക്കി ലോകത്തിന് മാതൃകയായ ഒരു രാജ്യം ഇപ്പോഴിതാ പ്രാണവായുവിനായി കേഴുകയാണെന്നും അവർ ഒന്നടങ്കം വിളിച്ചുപറയുന്നു.