മുംബൈ: ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷന് കീഴിലുള്ള സ്‌കൂളുകൾ ഡിസംബർ 31 വരെ തുറക്കില്ല. കോവിഡ് 19 രോഗികളുടെ എണ്ണം വീണ്ടും വർദ്ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. നേരത്തെ നവംബർ 23ന് സ്‌കൂളുകൾ തുറക്കാൻ തീരുമാനിച്ചിരുന്നു. മുംബൈ മേയർ കിഷോരി പെഡ്നേക്കർ അറിയിച്ചതാണ് ഇക്കാര്യം.

മുംബൈയിൽ കോവിഡ് രണ്ടാം തരംഗമാണെന്നാണ് സൂചന. ഈ പശ്ചാത്തലത്തിലാണ് സ്‌കൂളുകൾ തുറക്കാനുള്ള തീരുമാനം നീട്ടിയത്. മുംബൈയിൽ മാത്രം വ്യാഴാഴ്ച 924 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മുംബൈയിലെ ആകെ രോഗബാധിതരുടെ എണ്ണം 2,72,449ഉം 12 മരണങ്ങൾ കൂടി സ്ഥിരീകരിച്ചതോടെ മരണസംഖ്യ 10,624ഉം ആയി.

അതേസമയം മഹാരാഷ്ട്രയിലെ മൊത്തം കോവിഡ് രോഗികളുടെ എണ്ണം 17,63,055 ആയി. വ്യാഴാഴ്ച 5535 പേർക്ക് കൂടി കോവിഡ് റിപ്പോർട്ട് ചെയ്തതോടെയാണിത്. രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിച്ച സംസ്ഥാനമായി മഹാരാഷ്ട്ര തുടരുകയാണ്. വ്യാഴാഴ്ച 154 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ മഹാരാഷ്ട്രയിലെ ആകെ മരണസംഖ്യ 46,356 ആയി. 16,35,971 പേർ രോഗമുക്തി നേടിയപ്പോൾ ആക്ടീവ് രോഗികളുടെ എണ്ണം 79,738 ആണ്.