പത്തനംതിട്ട: രണ്ടു കുടുംബങ്ങൾ തമ്മിൽ വഴക്കുണ്ടായപ്പോൾ മധ്യസ്ഥത വഹിക്കാനെത്തിയ വ്യക്തിയിൽ നിന്നും അഞ്ചു പേർക്ക് കോവിഡ് പകർന്നു. കൂടാതെ നിബന്ധനകൾ മറികടന്ന് പ്രവർത്തിച്ച രണ്ട് ട്യൂഷൻ സെന്ററുകൾ മുഖേന 15 പേർക്കും കഴിഞ്ഞ ദിവസങ്ങളിലായി ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചു. കടമ്പനാട് രണ്ടു കുടുംബങ്ങൾ തമ്മിൽ പ്രശ്നങ്ങൾ ഉടലെടുത്തപ്പോൾ അതു പരിഹരിക്കാനായി തിരുവനന്തപുരത്ത് നിന്ന് എത്തിയ വ്യക്തിക്ക് രോഗലക്ഷണങ്ങളെ തുടർന്ന് സ്രവ പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ വഴക്കുണ്ടായ കുടുംബങ്ങളിലെ അംഗങ്ങൾക്കും പരിശോധന നടത്തിയതോടെ ഇവരിൽ അഞ്ച് പേർക്ക് രോഗം സ്ഥിരീകരിച്ചു.

കടമ്പനാടും കുളനടയിലും ശാരീരിക അകലവും കോവിഡ് നിയന്ത്രണങ്ങളും പാലിക്കാതെ നടത്തിയ രണ്ടു ട്യൂഷൻ സെന്ററുകൾ മുഖേന വിദ്യാർത്ഥികൾ ഉൾപ്പെടെ 15 പേർക്കാണു കഴിഞ്ഞ ദിവസങ്ങളിലായി രോഗം സ്ഥിരീകരിച്ചത്. ട്യൂഷൻ നടത്തുന്ന രണ്ടു പേരുടെയും കുടുംബങ്ങളിലെ അംഗങ്ങൾക്കും കോവിഡ് സ്ഥിരീകരിച്ചു.

സംസ്ഥാന സർക്കാരും ആരോഗ്യ വകുപ്പും ഉൾപ്പെടെ നൽകുന്ന നിർദേശങ്ങളും നിയന്ത്രണങ്ങളും അവഗണിക്കുന്നത് രോഗ വ്യാപനം കൂടുതലാകാൻ ഇടയാക്കുന്നതിന്റെ നേർസാക്ഷ്യമാണിത്.ജില്ലയിൽ ഇന്ന് 119 പേർക്ക് രോഗംസ്ഥിരീകരിച്ചു. 37 പേർ രോഗമുക്തി നേടി. ഒരാൾ മരിച്ചു. പ്രമാടം താഴയിൽ ടി.എൻ. പുരുഷോത്തമൻ (70) ആണ് മരിച്ചത്. മൂന്നു ദിവസമായി ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഡയബറ്റിസ്, ഹൈപ്പർ ടെൻഷൻ തുടങ്ങിയ രോഗങ്ങൾ ഉണ്ടായിരുന്നു. കോവിഡ് ബാധിച്ച് ജില്ലയിൽ ഇതുവരെ എട്ടു പേരാണ് മരിച്ചത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 12 പേർ വിദേശത്തും 18 പേർ മറ്റ് സംസ്ഥാനങ്ങളിലും നിന്ന് വന്നവരാണ്. 89 പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇതുവരെ ആകെ 2327 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 1216 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. 37 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 1854 ആണ്.

ഉറവിടമറിയാതെ 12 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കടമ്പനാട് ക്ലസ്റ്ററിൽ 15 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ആകെ രോഗികളുടെ എണ്ണം 59 ആയി. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ ഏഴു പേർക്ക് കൂടി രോഗം വന്നതോടെ ഇവിടം ക്ലസ്റ്ററാക്കി. 21 രോഗികൾ ഉണ്ട്. അടൂർ കണ്ണങ്കോട്ട് ഇന്നലെ 11 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ക്ലസ്റ്റർ രോഗികൾ 34 ആയി. നെല്ലാട് ഇന്നലെ ഏഴു പേർക്കാണ് രോഗം. ക്ലസ്റ്ററിലെ രോഗികളുടെ എണ്ണം 34 ആയി. മലയാലപ്പുഴ ക്ലസ്റ്ററിൽ 24 രോഗികളുണ്ട്.