ചെന്നൈ: തമിഴ്‌നാട്ടിൽ സ്‌കൂൾ തുറന്നതിന് പിന്നാലെ ചെന്നൈയിൽ കോവിഡ് വ്യാപനം. സ്‌കുൾ തുറന്ന് മുന്നാംദിവസം ചെന്നൈയിലെ സ്വകാര്യ സ്‌കൂളിലെ 30 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇരുപത് വിദ്യാർത്ഥികൾക്കും പത്ത് അദ്ധ്യാപകർക്കുമാണ് രോഗം ബാധിച്ചത്. സെപ്റ്റംബർ മൂന്നിനാണ് കുട്ടികൾക്കും അദ്ധ്യാപകർക്കും രോഗം സ്ഥിരീകരിച്ചത്.ഒരുവർഷത്തെ അടച്ചിടലിനുശേഷം സെപ്റ്റംബർ ഒന്നിനായിരുന്നു തമിഴ്‌നാട്ടിൽ സ്‌കൂളുകൾ തുറന്നത്.

മാതാപിതാക്കളോടൊപ്പം ബംഗളുരു സന്ദർശിച്ച സ്‌കൂളിലെ ഒരു വിദ്യാർത്ഥി കോവിഡ് പൊസീറ്റീവായതിനെ തുടർന്നാണ് സ്‌കൂളിൽ പരിശോധന നടത്തിയത്. 120 വിദ്യാർത്ഥികളിൽ പരിശോധന നടത്തിയതിൽ നിന്ന് ഇതുവരെ 20 പേരുടെ പരിശോധനാഫലമാണ് പൊസിറ്റീവായിരിക്കുന്നത്. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സ്‌കൂൾ അടിയന്തരമായി അടച്ചിടുമെന്ന് ആരോഗ്യമന്ത്രി എംഎ സുബ്രഹ്‌മണ്യൻ അറിയിച്ചു.

ഓൺലൈൻ ക്ലാസുകളവസാനിപ്പിക്കണമെന്ന വിദ്യാർത്ഥികളുടെ നിരന്തര ആവശ്യപ്രകാരമായിരുന്നു സ്‌കൂൾ തുറക്കാനുള്ള തീരുമാനത്തിലേക്ക് തമിഴ്‌നാട് സർക്കാർ എത്തിയത്. അതേസമയം കോവിഡ് മാർഗനിർദേശങ്ങൾ കൃത്യമായി പിന്തുടരണമെന്നും, വിദ്യാർത്ഥികളും അദ്ധ്യാപകരും മറ്റ് സ്‌കൂൾ ജീവനക്കാരും വാക്സിൻ സ്വീകരിച്ചാൽ മാത്രമേ സ്‌കൂൾ പ്രവർത്തിക്കാവൂ എന്നും സർക്കാരിന്റെ കർശന നിർദേശമുണ്ടായിരുന്നു.

ഓഫ്‌ളൈൻ ക്ലാസുകളിൽ പങ്കെടുക്കുന്നതിനെക്കുറിച്ച് ആശങ്കയുള്ള വിദ്യാർത്ഥികൾക്ക് രക്ഷിതാക്കളുടെ സമ്മതത്തോടെ ലഭിച്ചതിന് ഓൺലൈൻ ക്ലാസുകൾ തിരഞ്ഞെടുക്കാമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ഡോ. തെ ആർ മാലതി അറിയിച്ചിരുന്നു.