ന്യൂഡൽഹി: കോവിഡ് തീവ്രവ്യാപനം കണക്കിലെടുത്ത് അടുത്ത ഘട്ടം വാക്‌സിനേഷൻ തുടങ്ങുന്നു. മെയ് ഒന്നുമുതൽ 18 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്‌സിൻ നൽകും. രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി നടത്തിയ ഉന്നതതല യോഗത്തെ തുടർന്നാണ് തീരുമാനം.

മൂന്നാം ഘട്ട വാക്‌സിനേഷനിൽ, എല്ലാ പ്രായപൂർത്തിയാവർക്കും വാക്‌സിൻ നൽകും, സർക്കാർ പ്രസ്താവനയിൽ അറിയിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ ഫാർമ കമ്പനികളുമായും വിദഗ്ധ ഡോക്ടർമാരുമായും നടത്തിയ യോഗത്തിനുശേഷമാണ് തീരുമാനം.

കമ്പനികൾ ഉൽപാദിപ്പിക്കുന്ന വാക്‌സീന്റെ 50 ശതമാനം കേന്ദ്ര സർക്കാരിനു നൽകണമെന്നു യോഗം തീരുമാനിച്ചു. വാക്‌സീൻ പൊതുവിപണിയിൽ വിൽക്കുന്നതിനും അനുമതി നൽകി. സംസ്ഥാനങ്ങൾക്കു കമ്പനികളിൽനിന്നു വാക്‌സീൻ നേരിട്ടു വാങ്ങാം.

.പ്രതിദിന കേസുകളുടെ എണ്ണം 2.73 ലക്ഷമായി ഉയർന്നതോടെ തീരുമാനത്തിന് വേഗം കൂടി. കേസുകളുടെ പ്രതിദിന വർദ്ധനയിൽ ഇത് റെക്കോഡാണ്.

കോവിഡ് മുന്നണി പോരാളികൾക്കും 45 വയസിന് മുകളിലുള്ളവർക്കുമാണ് നിലവിൽ രാജ്യത്ത് വാക്സിൻ നൽകി കൊണ്ടിരിക്കുന്നത്.ഒരുവർഷമായി പരമാവധി ഇന്ത്യാക്കാർക്ക് വാക്‌സിൻ ഡോസുകൾ ചുരുങ്ങിയ സമയത്തിനുള്ളിൽ നൽകാൻ സർക്കാർ കഠിന പ്രയത്‌നം നടത്തിവരികയായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

കോവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായി സാമൂഹിക അകലം പാലിക്കുക, മാസ്‌ക് ധരിക്കുക തുടങ്ങിയവ നിർബന്ധമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഓക്സിജൻ ക്ഷാമം പരിഹരിക്കുന്നതിന് ഉദ്പാദനം വർധിപ്പിക്കണമെന്ന് വിവിധ മന്ത്രായലങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിൽ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഓക്സിജൻ ഇറക്കുമതി ഉൾപ്പെടെയുള്ള നടപടികളുടെ പുരോഗതിയും അദ്ദേഹം വിലയിരുത്തി. ഓക്സിജൻ ക്ഷാമം പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സംബന്ധിച്ച് ചീഫ് സെക്രട്ടറിമാരും മുതിർന്ന ഉദ്യോഗസ്ഥരുമായി കാബിനറ്റ് സെക്രട്ടറി ചർച്ച നടത്തി.

മഹാരാഷ്ട്ര, ഡൽഹി, കർണാടക എന്നീ സംസ്ഥാനങ്ങളിലാണ് കഴിഞ്ഞ 24 മണിക്കൂറിൽ ഏറ്റവുമധികം ആളുകൾക്ക് രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ 68,631, ഡൽഹിയിൽ 25,462, കർണാടകയിൽ 19,067 എന്നിങ്ങനെയാണ് പുതിയ രോഗികളുടെ എണ്ണം. പ്രതിസന്ധി തരണം ചെയ്യുന്നതിന് കർഫ്യു ഉൾപ്പെടെയുള്ള നടപടികൾ വിവിധ സർക്കാരുകൾ നാടപ്പാക്കിത്തുടങ്ങി. ഡൽഹിയിൽ ഒരാഴ്ചത്തെ കർഫ്യു ഇന്ന് രാത്രി ആരംഭിക്കും. നേരത്തെ, ഡൽഹിയിൽ വാരാന്ത്യ കർഫ്യു നടപ്പാക്കിയിരുന്നു. മഹാരാഷ്ട്രയിൽ മെയ് ഒന്ന് വരെ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

വാക്‌സിൻ നിർമ്മാണം വർദ്ധിപ്പിക്കാൻ കമ്പനികൾക്ക് 4500 കോടി

കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ രാജ്യത്ത് വാക്‌സിൻ നിർമ്മാണം വർധിപ്പിക്കാൻ വാക്‌സിൻ കമ്പനികൾക്ക് തുക കേന്ദ്ര സർക്കാർ അനുവദിക്കും. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബയോടെക്ക് എന്നീ കമ്പനികൾക്ക് 4500 കോടി അനുവദിക്കാൻ ധനമന്ത്രാലയം അനുമതി നൽകി.

സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യക്ക് 3,000 കോടിയും ഭാരത് ബയോടെക്കിന് 1,500 കോടി രൂപയുമാണ് സപ്ലെ ക്രെഡിറ്റ് എന്ന നിലയിൽ അനുവദിക്കുകയെന്നും ഇത് എത്രയും വേഗം കൈമാറുമെന്നും ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പ്രതിമാസ കോവിഡ് വാക്‌സിൻ ഉത്പാദനം 100 മില്യൻ ഡോസിൽനിന്ന് വർധിപ്പിക്കാൻ മൂവായിരം കോടിരൂപ അനുവദിക്കണമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ. അദാർ പൂനാവാല കഴിഞ്ഞ ദിവസം സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സർക്കാർ നടപടി.