വിയന്ന: വാക്സിനെടുക്കാത്തവർക്ക് ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ഓസ്ട്രിയൻ സർക്കാർ. രാജ്യത്ത് കോവിഡ് വീണ്ടും പടർന്നതോടെ വാക്സിനെടുക്കാത്തവർക്കെതിരെ ശക്തമായ നടപടി എടുക്കുകയാണ് സർക്കാർ. വാക്സിനെടുക്കാത്തവർക്ക് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ദശലക്ഷക്കണക്കിന് ആളുകൾക്ക് വീട്ടിലിരിക്കേണ്ടി വരും.

രാജ്യത്തെ 8.9 ദശലക്ഷം വരുന്ന ജനങ്ങളിൽ രണ്ട് ദശലക്ഷത്തോളം പേരും വാക്സിനെടുക്കാത്തവരാണ്. പുതിയ നിയമം ഇവരെ എല്ലാം ബാധിക്കും. ഇവർക്ക് അടിസ്ഥാന കാര്യങ്ങളായ ജോലി, വീട്ട് സാധനങ്ങൾ വാങ്ങൽ എന്നിവയ്ക്ക് മാത്രമേ പുറത്തിറങ്ങാൻ അനുമതിയുള്ളു. അല്ലെങ്കിൽ വാക്സിനെടുക്കണം.

അതേസമയം ഈ നിയമം 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ബാധകമല്ല. ഹോളണ്ടിൽ വാക്സിനെടുക്കാതെ പുറത്തിറങ്ങുന്നവരെയെല്ലാം പൊലീസ് അടിച്ചോടിക്കുകയാണ്. ഇവർക്ക് നേരെ ജല പീരങ്കിയും പ്രയോഗിച്ചു. അതേസമയം പുതിയ നിയമം വന്നതിന് പിന്നാലെ വിയന്നയിൽ നൂറുകണക്കിന് ആളുകൾ വാക്സിൻ വിരുദ്ധ റാലി നടത്തി. 'നോ കംപൽസറി വാക്സിനേഷൻ' എന്നെഴുതിയ ബോർഡുമായാണ് വാക്സിൻ വിരുദ്ധർ റാലിയുമായി എത്തിയത്. എന്നാൽ വാക്സിനെടുക്കാത്തവർക്കെതിരെ ലോക്ഡൗൺ ശക്തമാക്കുമെന്ന് സർക്കാർ വ്യക്തമാക്കി. വീടിന് പുറത്തിറങ്ങുന്നവർ വാക്സിനെടുത്തവരാണെന്ന് ഉറപ്പു വരുത്താൻ പൊലീസിന് സർക്കാർ നിർദേശവും നൽകി.

യൂറോപ്പിൽ ഏറ്റവും കുറഞ്ഞ വാക്സിനേഷൻ നിരക്കുള്ള രാജ്യമാണ് ഓസ്ട്രിയ. 65 ശതമാനം ജനങ്ങൾ മാത്രമാണ് ഇവിടെ വാക്സിൻ എടുത്തിട്ടുള്ളത്. അടുത്ത ദിവസങ്ങളിലായി ഓസ്ട്രിയയിൽ കോവിഡ് ബാധിക്കുന്നവരുടെ എണ്ണം വർദ്ധിച്ചു വരികയാണ്. ഞായറാഴ്ച 11,552 പേരാലണ് രോഗബാധ റിപ്പോർട്ട് ചെയ്തത്. ഒരാഴ്ച മുമ്പ് 8554 പേർക്ക് മാത്രമായിരുന്നു അസുഖം.