ലണ്ടൻ: 12 വയസ് കഴിഞ്ഞവർക്കെല്ലാം വാക്സിൻ കൊടുക്കാൻ ബ്രിട്ടനും ഒരുങ്ങുന്നു. 12 വയസ് കഴിഞ്ഞ കുട്ടികൾക്ക് ഫൈസർ വാക്സിൻ നൽകാൻ അമേരിക്ക തീരുമാനം എടുത്ത് ആഴ്ചകൾ പിന്നിടുമ്പോഴാണ് ബ്രിട്ടനും 12 വയസ് കഴിഞ്ഞവർക്കെല്ലാം വാക്സിന് അനുമതി നൽകുന്നത്. അമേരിക്കയുടെ ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്ട്രേഷൻ കഴിഞ്ഞ രാത്രിയാണ് 12ന് മുകളിലുള്ള എല്ലാവർക്കും ഫൈസർ വാക്സിൻ നൽകാൻ അനുമതി നൽകിയത്. ഇതോടെ ബ്രിട്ടനും കുട്ടികൾക്ക് വാക്സിൻ നൽകുന്നതിനെ പറ്റി ചിന്തിച്ചു തുടങ്ങി. സെപ്റ്റംബറിനകം ഫൈസറിന്റെ രണ്ട് ഡോസ് വാക്സിനും കുട്ടികൾക്ക് നൽകാനാണ് ബ്രിട്ടൻ ആലോചിക്കുന്നത്.

കുട്ടികളിൽ കോവിഡ് റിസ്‌ക് വളരെ ചെറുതാണ് എന്നതിനാൽ തന്നെ കുട്ടികൾക്ക് വാക്സിൻ നൽകുന്നതിനെ കുറിച്ച് വിദഗ്ദർക്കിടയിൽ രണ്ടഭിപ്രായമാണ് രൂപപ്പെട്ടിരിക്കുന്നത്. കുട്ടികൾക്ക് വാക്സിൻ നൽകുന്നതിൽ മുൻഗണന നൽകേണ്ട ആവശ്യമില്ലെന്നും വാക്സിന്റെ തന്നെ ആവശ്യമില്ലെന്നുമാണ് പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്നുള്ള ആരോഗ്യ വിദഗ്ദർ പറയുന്നത്. അതുകൊണ്ട് തന്നെ ശാസ്ത്രജ്ഞർക്കിടയിൽ കുട്ടികളുടെ വാക്സിനേഷനെ പറ്റി ഭിന്നാഭിപ്രായമാണ് നിലനിൽക്കുന്നത്. കുറച്ച് പേർ കുട്ടികൾക്ക് വാക്സിൻ നൽകുന്നതിനെ പിന്തുണയ്ക്കുമ്പോൾ മറ്റു ചിലർ അത് ഒരു ആവശ്യകതയല്ലെന്നാണ് പറയുന്നത്.

കുട്ടികളിൽ കോവിഡ് അപകട സാധ്യത ഉണ്ടാക്കുന്നില്ല എന്നതാണ് കുട്ടികൾക്ക് വാക്സിൻ നൽകുന്നതിൽ മുൻഗണന വേണ്ട എന്ന് ശാസ്ത്രജ്ഞർ പറയുന്നത്. കോവിഡ് വാക്സിൻ കുട്ടികൾക്ക് നൽകുന്നത് ധാർമികമായി സങ്കീർണമാണെങ്കിലും കുട്ടികൾക്ക് വാക്സിൻ നൽകേണ്ടത് ആവശ്യമാണെന്ന് കണ്ടാൽ നൽകുക തന്നെ ചെയ്യുമെന്ന് യുകെയുടെ ഹെൽത്ത് ചീഫ്സ് വ്യക്തമാക്കിയിരുന്നു. കോവിഡിന്റെ പെട്ടന്നുള്ള ആക്രമണം കുട്ടികളിൽ ചെറുതാണെന്ന് തോന്നുമെങ്കിലും വിദൂര ഭാവിയിൽ കോവിഡിന്റെ അപകടങ്ങൾ ഇപ്പോഴും ഒരു പരിധി വരെ അജ്ഞാതമാണെന്ന് അവർ മുന്നറിയിപ്പ് നൽകുന്നു.

കഴിഞ്ഞ വർഷം മാർച്ചിന് ശേഷം 20 വയസ്സിൽ താഴെയുള്ള 57 പേരാണ് ബ്രിട്ടനിൽ കോവിഡ് ബാധിച്ചു മരിച്ചത്. എന്നാൽ കൗമാരക്കാർ കോവിഡ് വാഹകരാവാനുള്ള സാധ്യത വളരെ കുറവാണെന്നും ആരോഗ്യ വിദഗ്ദർ പറയുന്നു. കോവിഡ് പിടിപെട്ട് നവജാത ശിശുക്കൾ മരിക്കാനുള്ള സാധ്യത 0.00088 മാത്രമാണെന്ന് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി അക്കാദമിക്സ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ 75 ന് മുകളിലുള്ളവരിൽ ഈ റിസ്‌ക് 15 ശതമാനമാണ്. ഫൈസർ വാക്സിൻ കുട്ടികളിൽ സുരക്ഷിതമല്ലെന്നതിന് തെളിവുകൾ ഒന്നും തന്നെ ഇല്ല. എന്നാൽ ചിലർ കരുതി കൂട്ടി ഇത്തരം പ്രചരണങ്ങൾ നടത്തുകയാണൈന്നും കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി ക്കാദമിക്സ് വ്യക്തമാക്കന്നു. ഫൈസർ വാക്സിനെ കുറിച്ച് കൂടുതൽ പഠനങ്ങൾ നടന്നു വരികയാണ്. അതേസമയം അസ്ട്രാ സെനിക്ക വാക്സിൻ രക്തം കട്ടപിടിക്കാൻ കാരണമായേക്കുമെന്ന സംശയം നിലനിൽക്കുന്നുണ്ട്.