ന്യൂഡൽഹി: കോവിഡ് വാക്സിൻ വിതരണം തുടങ്ങുന്നതിന് പിന്നാലെ പ്രതികൂല സാഹചര്യങ്ങൾ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം.ഈ സാഹചര്യം മുൻനിർത്തി സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും മുന്നൊരുക്കങ്ങൾ നടത്തേണ്ടത് അത്യാവശ്യമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷൺ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.വാക്സിൻ വിതരണം തുടങ്ങിക്കഴിഞ്ഞ രാജ്യങ്ങളിൽ, പ്രത്യേകിച്ച് യു.കെയിൽ, ആദ്യ ദിവസംതന്നെ പ്രതികൂല സംഭവം റിപ്പോർട്ടു ചെയ്യപ്പെട്ട പശ്ചാത്തലത്തിലാണ് സെക്രട്ടറിയുടെ പ്രതികരണം.വാക്സിനേഷന് പിന്നാലെ ഉണ്ടാകുന്ന പ്രതികൂല സംഭവങ്ങൾ ഗൗരവമേറിയ വിഷയമാണ്. രാജ്യവ്യാപക വാക്സിനേഷൻ പരിപാടികൾ നാം ദശാബ്ദങ്ങളായി നടത്തിവരുന്നതാണ്. ഇവയ്ക്ക് പിന്നാലെ കുട്ടികളിലും ഗർഭിണികളിലും ചില പ്രതികൂല ഫലങ്ങൾ കണ്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ കോവിഡ് വാക്‌സിന്റെ കാര്യത്തിൽ മുൻകരുതൽ സ്വീകരിക്കേണ്ടതുണ്ട് രാജേഷ് ഭൂഷൺ വ്യക്തമാക്കി.

29,000 കോൾഡ് ചെയിൻ പോയിന്റുകൾ, 240 വാക്ക് ഇൻ കൂളറുകൾ, 70 വാക്ക് ഇൻ ഫ്രീസറുകൾ, 45,000 ഐസ് ലൈൻഡ് റെഫ്രിജറേറ്ററുകൾ, 41,000 ഡീപ്പ് ഫ്രീസറുകൾ, 300 സോളാർ റെഫ്രിജറേറ്ററുകൾ തുടങ്ങിയവയാണ് വാക്സിൻ വിതരണത്തിനായി ഉപയോഗിക്കുന്നത്. ഇവയെല്ലാം സംസ്ഥാന സർക്കാരുകൾക്ക് കൈമാറിക്കഴിഞ്ഞു. രാജ്യത്തെ കേസ് പെർ മില്യൺ ലോകത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. 7178 ആണ് ഇന്ത്യയിലെ കേസ് പെർ മില്യൺ. 9000 ആണ് ആഗോള ശരാശരിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിലവിൽ ആറ് വാക്സിനുകളാണ് രാജ്യത്ത് പരീക്ഷണ ഘട്ടത്തിലുള്ളത്. ഈയാഴ്ച ഒരു വാക്സിനുകൂടി ഡ്രഗ്സ് കൺട്രോളർ ജനറൽ പരീക്ഷണ അനുമതി നൽകിയിട്ടുണ്ടെന്ന് നീതി ആയോഗ് അംഗം ഡോ. വി.കെ പോൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ ബയോടെക്നോളജി വകുപ്പിന്റെ സഹായത്തോടെ ജനോവ കമ്പനിയാണ് വാക്സിൻ വികസിപ്പിച്ചിട്ടുള്ളത്. ഫൈസർ വാക്സിന്റെ അതേ സാങ്കേതികവിദ്യയാണ് ഈ വാക്സിനും പിന്തുടരുന്നത്.എന്നാൽ ഫൈറസിൽനിന്ന് വ്യത്യസ്തമായി ഈ വാക്സിൻ സാധാരണ ശീതീകരണ സംവിധാനങ്ങളിൽ സൂക്ഷിക്കാൻ കഴിയും. സാധാരണ ഫ്രഡ്ജിൽപോലും വാക്സിൻ സൂക്ഷിക്കാമെന്നും ഡോ. വി.കെ പോൾ അറിയിച്ചു.

കോവിഡ് നിയന്ത്രണത്തിൽ ഡൽഹി വൻ പുരോഗതി കൈവരിച്ചകാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

കോവിഡ് നിയന്ത്രണം കാര്യക്ഷമമായി നടപ്പാക്കിയ ഡൽഹി സർക്കാരിനെയും മറ്റ് സംസ്ഥാനങ്ങളിലെ സർക്കാരുകളെയും അഭിനന്ദിക്കുന്നു. എന്നാൽ പല സംസ്ഥാനങ്ങൾക്കും ഇപ്പോഴും ആശങ്കകളുണ്ട്. കോവിഡ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ എല്ലാ നടപടികളും സ്വീകരിച്ചു വരികയാണെന്ന് ഉത്തരാഖണ്ഡ്, നാഗാലാൻഡ്, ഹമാചൽ പ്രദേശ് സംസ്ഥാനങ്ങൾക്ക് അദ്ദേഹം ഉറപ്പ് നൽകി.

അതിനിടെ, ഡൽഹിയുടെ അതിർത്തികളിൽ സമരം തുടരുന്ന കർഷകർക്ക് കോവിഡ് സാഹചര്യം കണക്കിലെടുത്ത് സർക്കാർ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ജനാധിപത്യത്തിൽ പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്. എന്നാൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടത് അത്യാവശ്യമാണെന്നും സർക്കാർ വ്യക്തമാക്കി