മോസ്‌കോ: കോവിഡ് വാക്‌സിൻ കൂടുതൽ ആളുകളിൽ പരീക്ഷിക്കാൻ റഷ്യ ഒരുങ്ങുന്നു 40,000 പേരിലാണു റഷ്യ വികസിപ്പിച്ച വാക്‌സീൻ ഇനി പരീക്ഷിക്കുക. റഷ്യയിലെ ജനങ്ങളിൽ വാക്‌സിൻ ഉപയോഗിക്കാനുള്ള അനുമതി നേടുന്നതിനു മുന്നോടിയായാണു പരീക്ഷണമെന്നാണു റിപ്പോർട്ട്.

വാക്‌സിൻ സുരക്ഷിതമാണെന്നാണു റഷ്യൻ ശാസ്ത്രജ്ഞർ അവകാശപ്പെടുന്നത്. മനുഷ്യരിലെ പരീക്ഷണങ്ങൾ വിജയിച്ചതായി റഷ്യ അവകാശപ്പെടുന്നുണ്ടെങ്കിലും വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. 1957ൽ സോവിയറ്റ് യൂണിയൻ വിക്ഷേപിച്ച ലോകത്തെ ആദ്യ കൃത്രിമ ഉപഗ്രഹം 'സ്പുട്‌നിക്കി'നെ അനുസ്മരിപ്പിച്ച് 'സ്പുട്‌നിക് 5' എന്നാണു വാക്‌സീന് റഷ്യ പേരു നൽകിയത്.

വാക്‌സീന്റെ വൻതോതിലുള്ള ഉൽപാദനം ഒക്ടോബറോടെ തുടങ്ങുമെന്നാണു റിപ്പോർട്ടുകൾ. വാക്‌സിൻ പരീക്ഷണ ഡോസ് സ്വീകരിച്ചവരിൽ തന്റെ ഒരു മകളുമുണ്ടെന്നു റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിൻ വ്യക്തമാക്കിയിരുന്നു. മോസ്‌കോ ഗമാലിയ ഗവേഷണ സർവകലാശാലയും റഷ്യൻ പ്രതിരോധ മന്ത്രാലയവും ചേർന്നാണു വാക്‌സീൻ വികസിപ്പിച്ചത്.