ദുബായ്: ഇന്ത്യയിൽനിന്ന് ലോകാരോഗ്യ സംഘടന അംഗീകരിച്ച കൊറോണ വാക്‌സിന്റെ രണ്ട് ഡോസും എടുത്ത താമസ വിസക്കാർക്ക് ഞായറാഴ്ച മുതൽ മടങ്ങിവരാൻ അനുമതി നൽകി യുഎഇ. സാധുതയുള്ള താമസ വിസക്കാർക്കാണ് യുഎഇയിൽ തിരികെ എത്താൻ കഴിയുക.

ആറു മാസത്തിലധികം രാജ്യത്തിനു പുറത്ത് താമസിച്ച വാക്സിൻ കുത്തിവച്ച എല്ലാ താമസ വിസക്കാർക്കും തിരിച്ചു വരാമെന്ന് ദേശീയ ദുരന്ത നിവാരണ സമിതിയും യുഎഇ താമസ - കുടിയേറ്റ വകുപ്പും വ്യക്തമാക്കി.

ഐസിഎ വെബ്‌സൈറ്റിൽ വാക്‌സിൻ സർടിഫിക്കറ്റ് അപ്ലോഡ് ചെയ്താൽ യാത്രാനുമതി ലഭിക്കും. യുഎഇയിൽ എത്തി നാലാം ദിനവും 6-ാം ദിനവും റാപ്പിഡ് പരിശോധന നടത്തണം. വാക്‌സിൻ സ്വീകരിച്ചവർക്ക് രാജ്യത്ത് ക്വാറന്റീനില്ല. വാക്‌സിനെടുക്കാതെ ഇന്ത്യയിൽ നിന്ന് അബുദാബിയിലെത്തുന്നവർക്ക് 10 ദിവസം ക്വാറന്റീനുണ്ട്.