തിരുവനന്തപുരം: കേരളത്തിൽ ടിപിആർ കൂടിയത് കോവിഡ് മൂന്നാംതരംഗമായി കണക്കാക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പക്ഷേ നമ്മൾ മൂന്നാംതരംഗത്തിന്റെ വക്കിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ ജില്ലകളിലും ടിപിആർ കൂടിയ നിലയിലാണെന്നത് ഗൗരവമായി കാണേണ്ടതാണ്. മറ്റേതെങ്കിലും വൈറസ് വകഭേദം കേരളത്തിൽ പടർന്നിട്ടുണ്ടോ എന്നത് പരിശോധിച്ച് തിട്ടപ്പെടുത്തേണ്ടതാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കേരളത്തിലെ കോവിഡ് വ്യാപനം സംബന്ധിച്ച് പഠനം നടത്തേണ്ടതുണ്ട്. കേരളത്തിലെ എല്ലാ ജില്ലയിലും രോഗികളുടെ എണ്ണത്തിൽ വർധനവുണ്ട്. അത് ഗൗരവമായി കാണേണ്ടതുണ്ട്. അത് മൂന്നാംതരംഗമാണോ എന്ന് പറയാനാവില്ല. കൂടുതൽ പഠനം നടത്തേണ്ടതുണ്ട്. നേരത്തെയുള്ള ഡെൽറ്റ വകഭേദത്തിന് പുറമേ മറ്റേതെങ്കിലും വകഭേദം വന്നിട്ടുണ്ടോയെന്നതടക്കം പരിശോധിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നല്ല രീതിയിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുപോകുക എന്നത് പരമപ്രധാനമാണ്. അതിന്റെ ഭാഗമായി സെക്ട്രൽ മജിസ്ട്രേറ്റുമാരടക്കം നല്ലരീതിയിൽ പ്രവർത്തിച്ചിരുന്നു. അതു തുടരാനാണ് തീരുമാനം.

സംസ്ഥാനത്ത് രോഗവ്യാപനം ചിലയിടങ്ങളിൽ ക്ലസ്റ്ററുകളായിട്ടാണ് വരുന്നത്. അത് പ്രത്യേകമായി കണ്ട് കടുത്ത നിയന്ത്രണങ്ങളോടെ മൈക്ര കൺടെയ്ന്മെന്റ് സോൺ നടപ്പാക്കും. എല്ലാവരും ഉണർന്ന് പ്രവർത്തിക്കണമെന്നാണ് ഇന്നു ചേർന്ന അവലോകന യോഗം വിലയിരുത്തിയത്.

അതേ സമയം വല്ലാതെ ആശങ്കപ്പെടേണ്ടതില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രോഗികളാകുന്നവരുടെ എണ്ണം നമ്മുടെ ചികിത്സാ സൗകര്യത്തിന്റെ പരിധി കവിയുന്നത് ഒരു ഘട്ടത്തിലും എത്തിയിട്ടില്ല. അതാണ് നമ്മുടെ കരുത്ത്. സമൂഹ ജാഗ്രത പാലിക്കണം. ഒരാൾക്ക് രോഗം വന്നാൽ വീട്ടിൽ തന്നെ തുടരാൻ പാടില്ല എന്നത് പ്രധാനമാണെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.

കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ എ, ബി വിഭാഗത്തിൽപ്പെടുന്ന പ്രദേശങ്ങളിൽ കേന്ദ്രസംസ്ഥാന സർക്കാർ ഓഫിസുകൾ, പബ്ലിക് ഓഫിസ്, പൊതുമേഖലാ സ്ഥാപനങ്ങൾ, കമ്പനികൾ, കമ്മിഷൻ, കോർപറേഷനുകൾ തുടങ്ങിയവയിൽ 50 ശതമാനം ഉദ്യോഗസ്ഥർ ജോലിക്കെത്തിയാൽ മതിയാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സി വിഭാഗത്തിൽപ്പെടുന്ന പ്രദേശത്ത് 25% ഉദ്യോഗസ്ഥർ. കാറ്റഗറി ഡിയിൽ അവശ്യ സർവീസ് മാത്രം. എ, ബി പ്രദേശങ്ങളിൽ ബാക്കിവരുന്ന 50% ഉദ്യോഗസ്ഥരും സിയിലെ 75% ഉദ്യോഗസ്ഥരും കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ഉണ്ടാകണം. അവർക്ക് അതിനുള്ള ചുമതല നൽകാൻ കലക്ടർമാരോട് നിർദ്ദേശിച്ചു.

ഡി വിഭാഗത്തിൽ ബഹുഭൂരിപക്ഷം ജീവനക്കാരെയും പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാക്കും. രോഗവ്യാപനം കൂടുതലുള്ള സ്ഥലങ്ങൾ ക്ലസ്റ്ററായി തിരിച്ച് മൈക്രോ കണ്ടൈന്മെന്റ് സോണാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകൾ:

''മൂന്നാം തരംഗത്തിന്റെ വക്കിലാണ് രാജ്യമെന്ന് പ്രധാനമന്ത്രി തന്നെ പറഞ്ഞ കാര്യമാണ്. കേരളത്തിൽ നേരത്തെ ഉണ്ടായിരുന്ന ടിപിആർ വർധിച്ചിട്ടുണ്ട് ഇപ്പോൾ. എല്ലാ ജില്ലയിലും വർധനവിന്റെ നിലയാണ്. അത് ഗൗരവമായി കാണണം. ഇത് മൂന്നാം തരംഗമായി വിലയിരുത്താനായിട്ടില്ല. ഇതിൽ കൂടുതൽ പഠനം വേണ്ടിവരും. ഇവിടെ ഡെൽറ്റ വൈറസുണ്ട്. മറ്റേതെങ്കിലും വകഭേദം വന്നോയെന്ന് പരിശോധിച്ച് തിട്ടപ്പെടുത്തണം. അതീവ ഗൗരവമായി ഇതിനെ കാണണം. നല്ല രീതിയിലുള്ള കോവിഡ് പ്രോട്ടോക്കോൾ പാലനം പ്രധാനമാണ്. സെക്ടറൽ മജിസ്‌ട്രേറ്റുമാർ അടക്കം നേരത്തെ ഫലപ്രദമായി പ്രവർത്തിച്ചിരുന്നു. അത് തുടരണം. സംസ്ഥാനത്ത് രോഗവ്യാപനം ചിലയിടത്ത് ചില ക്ലസ്റ്ററാണ്. അവിടെ പ്രത്യേകമായി മൈക്രോ കണ്ടെയ്ന്മെന്റ് സംവിധാനം നടപ്പിലാക്കാനാണ് ശ്രമം. തദ്ദേശ സ്ഥാപനങ്ങളും ആരോഗ്യ സംവിധാനവും പൊലീസും ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഏജൻസികളും നല്ല നിലയിൽ ഉണർന്ന് പ്രവർത്തിക്കേണ്ട സാഹചര്യമാണ്.

നല്ല ജാഗ്രത നാം പാലിക്കേണ്ടതുണ്ട്. അതേസമയം ആശങ്കപ്പെടേണ്ട കാര്യമില്ല. എല്ലാ ഘട്ടത്തിലും നമുക്ക് രോഗം ബാധിച്ച് രോഗികളാകുന്നവരുടെ എണ്ണം നമ്മുടെ ചികിത്സാ സൗകര്യത്തിന്റെ പരിധി കവിഞ്ഞ് പോയിട്ടില്ല. അത് തന്നെയാണ് കേരളത്തിന്റെ കരുത്ത്. സമൂഹം ജാഗ്രത പാലിച്ച് പോകണം. ഒരാൾക്ക് രോഗം വന്നാൽ വീട്ടിൽ തുടരരുത്. തത്കാലം അവിടുന്ന് മാറണം. സർക്കാർ ഏർപ്പെടുത്തിയ സൗകര്യങ്ങൾ ഉപയോഗിക്കണം. ഡിസിസി, സിഎഫ്എൽടിസി എന്നിവ ഉപയോഗിക്കണം. മറ്റ് രോഗമുള്ളവർ ആശുപത്രികളിൽ നേരിട്ട് പോകണം. അതെല്ലാവരും ശ്രദ്ധിക്കണം'', എന്ന് മുഖ്യമന്ത്രി.