ന്യൂഡൽഹി : കോവിഡിനെതിരായ വാക്സിനായ കോവിഷീൽഡിന്റെ വില കുറച്ച് കേന്ദ്രസർക്കാർ. ഒരു ഡോസിന് 157.50 രൂപയായാണ് കുറച്ചത്. നിലവിൽ ഈടാക്കിയിരുന്നത് 210 രൂപയാണ്. രണ്ടാംഘട്ട വാക്സിനേഷൻ പദ്ധതിയുടെ ഭാഗമായി സർക്കാർ നടത്തിയ ചർച്ചയെ തുടർന്നാണ് വില കുറച്ചതെന്നാണ് റിപ്പോർട്ടുകൾ. ആസ്ട്ര സെനക്കയും ഓക്സ്ഫഡ് സർവകലാശാലയും വികസിപ്പിച്ച് സിറം ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ വാക്സിനാണ് കോവിഷീൽഡ്.

കോവിഡ് വാക്സിന് കേന്ദ്രസർക്കാർ നിലവിൽ സബ്സിഡി നൽകുന്നതിനാൽ സ്വകാര്യ ആശുപത്രികളിൽ കുത്തിവെയ്പ് എടുക്കുന്നവർക്ക് വിലയിൽ കുറവ് ലഭിക്കില്ല.

കോവിഷീൽഡിന്റെ വില കുറച്ചതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രായലം അറിയിപ്പുകൾ പുറത്തുവിട്ടിട്ടില്ല. എന്നാൽ 150 രൂപയ്ക്ക് വാക്സിൻ നൽകാമെന്ന് കമ്പനി അറിയിച്ചതായി ആരോഗ്യമന്ത്രാലയം രാജ്യസഭയിൽ മറുപടി നൽകി.

വാക്സിന്റെ വിലയോടൊപ്പം അഞ്ചുശതമാനം ജിഎസ്ടി കൂടി ചേരുമ്പോഴാണ് വില 157.50 രൂപയാകുന്നത്. 27 കോടി പേർക്കാണ് അടുത്തഘട്ടത്തിൽ കുത്തിവെയ്പ് നൽകാൻ ലക്ഷ്യമിടുന്നത്.