തിരുവനന്തപുരം: സിൽവർ ലൈനിൽ ബലം പ്രയോഗിച്ചുള്ള സർവേയോട് ആദ്യമേ എതിർപ്പാണ് സിപിഐക്ക്. പദ്ധതിയിൽ ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് സിപിഐ ആവശ്യപ്പെട്ടു. എതിർക്കുന്നവർ എല്ലാവരും ഇടതുപക്ഷത്തിന്റെ ശത്രുക്കളല്ലെന്ന് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ് ബാബു പറഞ്ഞു. ചില കാര്യങ്ങൾ സർക്കാർ തിരുത്തണം. ജനങ്ങളെ ബോധ്യപ്പെടുത്തി സ്വപ്ന പദ്ധതിയായി കെ റെയിൽ നടപ്പാക്കണമെന്നും പ്രകാശ് ബാബു പറഞ്ഞു.

സർക്കാരിനെയും സർക്കാരിനെ അനുകൂലിക്കുന്നവരെയും പ്രതിക്കൂട്ടിൽ നിർത്താൻ ബോധപൂർവമായ പരിശ്രമം നടക്കുന്നുണ്ട്. അതിന്റെയൊക്കെ യാഥാർത്ഥ്യം മനസ്സിലാക്കാൻ നമ്മൾ കുറച്ചുകൂടി ജനങ്ങളിലേക്ക് പോകേണ്ടതുണ്ട്. ചില കാര്യങ്ങളിൽ സർക്കാരിന്റെ ഭാഗത്തുനിന്നും തിരുത്തലുകൾ വേണ്ടതായിട്ടുണ്ട്. സർക്കാരിന്റെ ചില ഉദ്യോഗസ്ഥന്മാർ എടുക്കുന്ന സമീപനങ്ങൾ വളരെ ആശങ്കയുണ്ടാക്കുന്നുണ്ട്.

ജനങ്ങളുടെ ആശങ്ക പരിഹരിച്ചുകൊണ്ട് പാരിസ്ഥിതികവിഷയങ്ങളിലും സാമൂഹികാഘാത പഠനങ്ങളിലുമെല്ലാം സർക്കാർ കൈക്കൊള്ളുന്ന സമീപനങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തിക്കൊണ്ട് പദ്ധതി നടപ്പാക്കണമെന്നാണ് സിപിഐയുടെ അഭിപ്രായം. കേരളത്തിൽ ആരെയും വേദനിപ്പിച്ചുകൊണ്ട്, ആരെയും ദുഃഖത്തിലാക്കിക്കൊണ്ട് കെ റെയിലല്ല, ഒരു പദ്ധതിയും കേരളത്തിൽ നടപ്പാക്കാൻ പോകുന്നില്ലെന്ന് ഇന്നലെയും മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ച് പറഞ്ഞു.

പിന്നെ എന്തിനാണ് ഉദ്യോഗസ്ഥർ ധൃതി കാട്ടുന്നതെന്ന് പ്രകാശ് ബാബു ചോദിച്ചു. മുഖ്യമന്ത്രി പറഞ്ഞതിന്റെ അർത്ഥം മനസ്സിലാക്കി ഉദ്യോഗസ്ഥർ പെരുമാറണം. പദ്ധതി ഇന്നു തന്നെ ചെയ്തേ മതിയാകൂ എന്നില്ല. സമാധാനപരമായ അന്തരീക്ഷത്തിലേ പദ്ധതിയുമായി മുന്നോട്ടുപോകാൻ കഴിയൂ. രാഷ്ട്രീയപ്രേരിതമായി വരുന്നവരെയും കിടപ്പാടം നഷ്ടപ്പെടുന്നവരെയും വേർതിരിച്ച് കാണണം. ആശങ്കകൾ പരിഹരിച്ചാൽ ജനങ്ങൾ തന്നെ പ്രതിപക്ഷത്തിനെതിരെ രംഗത്തു വരുമെന്നും സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പറഞ്ഞു.

ജനങ്ങളോടു യുദ്ധപ്രഖ്യാപനം നടത്തിയല്ല വികസന പദ്ധതി നടപ്പാക്കേണ്ടതെന്നു സിപിഐ നേരത്തെ തന്നെ നിലപാട് അറിയിച്ചിരുന്നു. പ്രതിപക്ഷത്തിന് ആയുധം കൊടുക്കരുതെന്നും ജനങ്ങളുടെ സംശയങ്ങൾ ദൂരീകരിച്ചും വിയോജിപ്പ് ഇല്ലാതാക്കിയും മാത്രമേ പദ്ധതിയുമായി മുന്നോട്ടുനീങ്ങാവുവെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും അഭിപ്രായപ്പെട്ടിരുന്നു.

അതേസമയം, കെ റെയിലിനെതിരായ പ്രതിഷേധം കണക്കിലെടുത്ത് സംസ്ഥാനത്ത് ഇന്ന് ഒരിടത്തും സർവേ ഇല്ല. സംസ്ഥാനത്തുടനീളം വ്യാപകമായ പ്രതിഷേധത്തിന്റെ ഫലമായി തത്ക്കാലത്തേക്ക് സർവേ നിർത്തിവയ്ക്കുകയാണെന്നും എപ്പോൾ വീണ്ടും തുടങ്ങുമെന്ന് പറയാനാകില്ലെന്നും അധികൃതർ അറിയിച്ചു.

കെ റെയിൽ കല്ലിടലുമായി ബന്ധപ്പെട്ടുണ്ടായ സമരങ്ങൾ കണക്കിലെടുത്ത് സർവേ നടത്താൻ പൊലീസ് സംരക്ഷണം ഏർപ്പാടാക്കണമെന്ന് ഏജൻസി പറഞ്ഞു. എന്നാൽ സർവേ പൂർണമായും നിറുത്തിയിട്ടില്ലെന്ന് കെ റെയിൽ അധികൃതർ വ്യക്തമാക്കി. സർവേ നിറുത്താൻ തീരുമാനിച്ചിട്ടില്ല. ജില്ലകളിലെ സാഹചര്യം നോക്കി തീരുമാനമെടുക്കുമെന്ന് കമ്പനി അറിയിച്ചു.

അതേസമയം, സിൽവർ ലൈൻ സാമൂഹികാഘാത പഠനം നീളുമെന്ന് കേരള വോളന്ററി ഹെൽത്ത് സർവീസ് (കെ വി എച്ച് എസ്) അറിയിച്ചു. ഇത് സംബന്ധിച്ച് സമയം നീട്ടി ചോദിക്കും. ഏപ്രിൽ ആദ്യ വാരത്തോടെ സമയം അവസാനിക്കാനിരിക്കെയാണ് പുതിയ തീരുമാനം. പ്രതിഷേധം മൂലം സർവേ നീളുന്നതായി കളക്ടർമാരെ അറിയിക്കുമെന്നും കെ വി എച്ച് എസ് വ്യക്തമാക്കി. അഞ്ച് ജില്ലകളിലാണ് കെ വി എച്ച് എസ് സർവേ നടത്തുന്നത്.

തിരുവനന്തപുരം, കൊല്ലം, തൃശൂർ, കാസർകോഡ്, കണ്ണൂർ എന്നീ ജില്ലകളിലായിരുന്നു സർവേ നടത്താൻ തീരുമാനിച്ചിരുന്നത്.കല്ലിടൽ നടപടികൾ എറണാകുളത്ത് നിറുത്തി വച്ചിരുന്നു. പ്രതിഷേധങ്ങൾക്കിടെ മുന്നോട്ട് പോകാനാകില്ലെന്ന് സർവേ ഏജൻസി വ്യക്തമാക്കിയതോടെയാണ് താത്കാലികമായി കല്ലിടൽ നിറുത്തി വയ്ക്കേണ്ടി വന്നത്.

ഇന്നലെ വൈകിട്ട് പിറവത്ത് നടന്ന പ്രതിഷേധങ്ങളെ തുടർന്നാണ് സർവേ ഏജൻസി പുതിയ തീരുമാനത്തിലേക്ക് എത്തിയത്. ഒരു തരത്തിലും സർവേ നടപടികളുമായി മുന്നോട്ട് പോകാനാകില്ലെന്നാണ് ഏജൻസിയുടെ നിലപാട്. കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം സമരക്കാർ തടഞ്ഞിരുന്നു. സ്ഥലത്തെത്തിയ ജീവനക്കാരെ വാഹനത്തിൽ നിന്നും പുറത്തിറങ്ങാനും അനുവദിച്ചിരുന്നില്ല.ജീവന് പോലും സുരക്ഷയില്ലാത്ത സമയത്ത് സർവേ നടപടികളുമായി മുന്നോട്ടില്ലെന്നാണ് സർവേ ഏജൻസി കെ റെയിലിനെ അറിയിച്ചിരിക്കുന്നത്. അതേസമയം, വടക്കൻ കേരളത്തിലും ഇന്ന് സർവേ നടക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പാർട്ടി കോൺഗ്രസ് തീരും വരെ സംഘർഷാവസ്ഥ കണക്കിലെടുത്ത് കണ്ണൂരിൽ സർവേ നീട്ടിവയ്ക്കാനും ആലോചനയുണ്ട്.