അടൂർ: പറക്കോട് സർവീസ് സഹകരണ ബാങ്കിൽ ഒഴിവു വന്ന രണ്ട് ഡയറക്ടർ ബോർഡ് അംഗത്വവും സിപിഎം കൈക്കലാക്കിയതിനെതിരേ സിപിഐയിൽ അഭിപ്രായ ഭിന്നത രൂക്ഷം. എൽഡിഎഫ് ഭരിക്കുകയും സിപിഎം പ്രസിഡന്റ് സ്ഥാനം കൈയാളുകയും ചെയ്യുന്ന രണ്ട് സഹകരണ ബാങ്കുകളിലെ അഴിമതിക്കെതിരേ പരാതി നൽകുന്നതിന് കഴിഞ്ഞ ദിവസം ചേർന്ന സിപിഐ മണ്ഡലം കമ്മറ്റി യോഗം തീരുമാനമെടുത്തുവെന്ന് സൂചന.

പറക്കോട് സർവീസ് സഹകരണ ബാങ്കിൽ കൃത്യമായി യോഗങ്ങളിൽ പങ്കെടുക്കാത്ത രണ്ട് അംഗങ്ങൾ പുറത്താക്കപ്പെട്ടിരുന്നു. ഇവരുടെ സ്ഥാനത്തേക്ക് സഹകരണ നിയമപ്രകാരം രണ്ട് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാം. മുന്നണി മര്യാദയനുസരിച്ച് സിപിഐയും സിപിഎമ്മും വീതം വച്ചെടുക്കേണ്ടതാണ് ഈ രണ്ട് ഒഴിവുകളും. ഇതിനായി എൽഡിഎഫ് വിളിച്ചെങ്കിലും സിപിഐ പങ്കെടുത്തിരുന്നില്ല. എന്നാൽ സിപിഐ പ്രവർത്തകയായ മുൻ പഞ്ചായത്തംഗവും പ്രസിഡന്റുമായ ലതയെ കൂറുമാറ്റി സിപിഎമ്മിലാക്കി.

ലതയുടെ മകൾക്ക് ജോലി വാഗ്ദാനം ചെയ്താണ് മറുകണ്ടം ചാടിച്ചതെന്ന് സിപിഐ മണ്ഡലം കമ്മറ്റി യോംപ വിലയിരുത്തി. ഇതേ പോലെ വാഗ്ദാനം ചെയ്താണ് കോൺഗ്രസിലെ ഒരു അംഗത്തെയും കൂറുമാറ്റിയതെന്ന് പറയുന്നു. സിപിഎമ്മിൽ വർഷങ്ങളായി പ്രവർത്തിക്കുന്നവരെ തഴഞ്ഞ് മറ്റ് പാർട്ടികളിൽ നിന്നും ഇന്നലെ വരുന്നവർക്ക് പദവികളും ജോലിയുമൊക്കെ നൽകുന്നതിൽ പാർട്ടിക്കുള്ളിൽ തന്നെ അഭിപ്രായ ഭിന്നത നിലനിൽക്കുകയാണ്. മറ്റു പാർട്ടികളിൽ നിന്നുള്ളവരെ സിപിഎമ്മിൽ ചേർക്കാൻ ജോലി വാഗ്ദാനം ചെയ്യുകയാണ് ചെയ്യുന്നതെന്നും സിപിഐ വിലയിരുത്തി. ഈ വിഷയം സിപിഐ ചർച്ച ചെയ്യുകയും രൂക്ഷവിമർശനം ഉയർത്തുകയും ചെയ്തു. പറക്കോട് ബാങ്കിലെ ഡയറക്ടർ ബോർഡ് ഒഴിവ് പങ്കിടാൻ സിപിഐ-സിപിഎം ജില്ലാ സെക്രട്ടറിമാർ തമ്മിൽ ധാരണയുമുണ്ടായിരുന്നു.

നെടുമൺ സഹകരണ ബാങ്കിലും പറക്കോട് ബാങ്കിലും രണ്ട് സ്ഥാപനങ്ങൾ ആരംഭിച്ചതുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നിട്ടുള്ളതായി യോഗം വിലയിരുത്തി. ക്രമക്കേട് ഉണ്ടെന്ന് അറിഞ്ഞിട്ടും എൽഡിഎഫ് എന്ന നിലയിൽ സിപിഐയ്ക്ക് കണ്ണടയ്ക്കേണ്ടി വന്നു. ഇനി അതു വേണ്ടെന്ന് സിപിഐ മണ്ഡലം കമ്മറ്റി തീരുമാനിച്ചു. പറക്കോട് ബാങ്കിലെ കോടികളുടെ ക്രമക്കേട് വിജിലൻസിന് മുമ്പാകെ എത്തിക്കാൻ ഒരു ഉപസമിതിക്ക് യോഗം രൂപം നൽകി. കമ്മറ്റി രഹസ്യമായി നടപടികൾ സ്വീകരിക്കാനും നിർദേശമുണ്ട്. ബാങ്ക് പ്രസിഡന്റ് ലക്ഷങ്ങളുടെ അഴിമതി നടത്തിയിട്ടുണ്ടെന്നും കമ്മറ്റി വിലയിരുത്തി.

രണ്ടു ബാങ്കുകളിലെ അഴിമതിക്ക് പിന്നാലെ സിപിഐ കൂടിയാൽ സിപിഎമ്മുമായി സംഘർഷത്തിനും സാധ്യതയുണ്ട്. സിപിഎമ്മിന്റെ ജില്ലാ-ഏരിയാ നേതൃത്വമാണ് സഹകരണ ബാങ്കിലെ അഴിമതിക്ക് പിന്നിൽ. പറക്കോട് ബാങ്കിന്റെ രണ്ടു സ്ഥാപനങ്ങളിൽ കോടികളുടെ ക്രമക്കേട് നടന്ന വാർത്ത മറുനാടൻ പുറത്തു വിട്ടിരുന്നു. ഇതോടെ കമ്മിഷൻ ഇനത്തിൽ ലക്ഷങ്ങളാണ് ഇവർക്ക് നഷ്ടമായത്.