തിരുവനന്തപുരം: വോട്ടർപ്പട്ടികയിലെ ഇരട്ടവോട്ടിൽ കുറ്റപ്പെടുത്തലുമായി സിപിഐ മുഖപത്രമായ ജനയുഗം. ഇരട്ട വോട്ടിൽ ഉത്തരവാദിത്തം തിരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് ജനയുഗം എഡിറ്റോറിയലിൽ കുറ്റപ്പെടുത്തി. ഒരാളുടെ പേരിൽ ഒന്നിലേറെ വോട്ടർ ഐഡി ഉണ്ടാവുക എന്നത് കണ്ടെത്തിയിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മിഷന്റേതാണ്. സംസ്ഥാന സർക്കാരിനുപോലും ഇക്കാര്യത്തിൽ ഇടപെടാനാവില്ല. വോട്ടർപ്പട്ടിക കുറ്റമറ്റ രീതിയിൽ തെരഞ്ഞെടുപ്പിന് സജീകരിക്കാനാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പ്രാധാന്യം നൽകേണ്ടതെന്നും ജനയുഗം പറയുന്നു.

ഇരട്ടവോട്ട് കണ്ടെത്തുന്നത് ഇത് ആദ്യമായൊന്നുമല്ലെന്നും എല്ലാ മണ്ഡലത്തിലും പരിശോധന തുടരുമെന്നുമാണ് കേരളത്തിലെ മുഖ്യതെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. വോട്ടർപ്പട്ടികയിൽ പേര് ചേർക്കുന്നതു മുതൽ അച്ചടിച്ച് പോളിങ് ബൂത്തിലെ അവസാന നടപടികൾക്ക് എത്തിക്കുന്നതുവരെ ഒന്നിലേറെ കൈകളിലൂടെ കടന്നുപോകുന്ന പ്രക്രിയയാണ്. അതിലെ പാകപ്പിഴവ് കണ്ടെത്തേണ്ട ഉത്തരവാദിത്തം രാഷ്ട്രീയപാർട്ടികളുടേത് മാത്രമാണെന്ന തരത്തിൽ പ്രസംഗിച്ച് കയ്യടിനേടാൻ ശ്രമിക്കുന്നത് അൽപ്പത്തരമായേ തോന്നൂ.

വോട്ടർ പട്ടികയിലെ പരിശോധനകളും ഗൗരവമുള്ള തിരുത്തും തെരഞ്ഞെടുപ്പ് കമ്മിഷന്റെ പരിധിയിലുള്ളതാണ്. ആക്ഷേപം ഉന്നയിക്കാൻ സമയം അനുവദിച്ചപ്പോൾ രാഷ്ട്രീയപാർട്ടികൾ ഉറങ്ങുകയായിരുന്നോ എന്നുള്ള തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ ചോദ്യം പ്രതിപക്ഷ നേതാവിനോടാണെങ്കിൽ പോലും പാടില്ലാത്തതാണ്. കേരളത്തിന്റെ പ്രതിപക്ഷ നേതാവ് നിരന്തരം നടത്തുന്ന വോട്ടർപ്പട്ടിക വിവാദം കേന്ദ്ര ഭരണക്കാർക്കുള്ള അന്നമായിട്ടേ കരുതാനാകൂ. കേരളത്തിന്റെ ജനാധിപത്യ മൂല്യങ്ങളും അതിന്റെ നിലനിൽപ്പും ആഗ്രഹിക്കുന്ന ആരായാലും തെരഞ്ഞെടുപ്പ് സംവിധാനങ്ങളുമായി കൂടിയാലോചനകളിലൂടെ പിഴവുകൾ തിരുത്തുന്നതിനുള്ള ഇടപെടൽ നടത്തുന്നതാണ് മാന്യത.

പ്രതിപക്ഷ നേതാവ് ഈ വിഷയം കൈകാര്യം ചെയ്യുന്ന രീതി ജനാധിപത്യത്തിന് ഭീഷണിയുണ്ടാക്കും വിധമാണ്. സ്വന്തം പാർട്ടിക്കും മുന്നണിക്കും മുന്നിൽ ബോധ്യപ്പെടുത്താനുള്ള തെരുവു സർക്കസായിട്ടേ പ്രതിപക്ഷ നേതാവിന്റെ പത്രസമ്മേളനങ്ങളെ കാണാനാകൂ.

കയ്പമംഗലം നിയമസഭാമണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് മൂന്നിടത്താണ് വോട്ടുള്ളത്. രണ്ട് തിരിച്ചറിയൽ കാർഡും കൈവശമുണ്ട്. ഇത് ഉദ്യോഗസ്ഥരുടെ കൈപ്പിഴ എന്നാണ് രമേശ് ചെന്നിത്തല വിശദീകരിച്ചത്. മറ്റുള്ളതെല്ലാം ഇടതുമുന്നണിയുടെ പ്രവർത്തകർ ചെയ്ത ഗുരുതര കുറ്റമാണെന്നും ആരോപിക്കുന്നു. തോൽവിയിൽ നിന്ന് മുൻകൂർ ജാമ്യമെടുക്കാനുള്ള രാഷ്ട്രീയ തന്ത്രങ്ങളാണിത്. ഒരിടത്തുപോലും സംസ്ഥാന സർക്കാരിന്റെ വികസനത്തെ ചർച്ചയാക്കാൻ കഴിയാത്ത ഗതികേടിലാണ് പ്രതിപക്ഷ നേതാവും കോൺഗ്രസ് മുന്നണിയും- ജനയുഗം മുഖപ്രസംഗത്തിൽ പറയുന്നു.