തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ രാഷ്ട്രീയ കരുനീക്കം ശക്തമാക്കി സംസ്ഥാന സർക്കാർ. ഇതിന്റെ ഭാഗമായി സുധാകരനെതിരായ പരാതികൾ വീണ്ടും പൊടിതട്ടിയെടുത്തു സർക്കാർ നീക്കം ശക്തമാക്കി. മോൻസൻ മാവുങ്കൽ വിഷയത്തിൽ സുധാകരനെതിരെ കരുനീക്കം നടത്തിയത് വേണ്ടത്ര വിജയിക്കാതെ പോയതിന് പിന്നാലെയാണ് ഇപ്പോൾ മുൻ ഡ്രൈവറുടെ ആരോപണം പൊടിതട്ടിയെടുത്ത് വീണ്ടും രംഗത്തുവന്നത്.

അഴിമതി ആരോപണത്തിൽ കെ സുധാകരനെതിരെ വിശദമായ അന്വേഷണത്തിന് വിജിലൻസ് ശുപാർശ. അനധികൃത സ്വത്ത് സമ്പാദന പരാതിയിലടക്കം അന്വേഷണത്തിനാണ് ശുപാർശ. സുധാകരന്റെ മുൻ ഡ്രൈവർ പ്രശാന്ത് ബാബു നൽകിയ പരാതിയിലാണ് അന്വേഷണം. പരാതിയിൽ പ്രാഥമിക അന്വേഷണം വിജിലൻസ് പൂർത്തിയാക്കി. പരാതിയിൽ കഴമ്പുണ്ടോയെന്നായിരുന്നു പ്രാഥമിക പരിശോധന. വിശദമായ അന്വേഷണത്തിന് അനുമതി തേടി വിജിലൻസ് സർക്കാരിന് റിപ്പോർട്ട് നൽകി.

കെ. കരുണാകരൻ ട്രസ്റ്റ്, കണ്ണൂർ ഡിസിസി ഓഫീസ് നിർമ്മാണം എന്നിവയുമായി ബന്ധപ്പെട്ട് സുധാകരൻ അഴിമതി നടത്തിയെന്നും അനധികൃത സ്വത്ത് സമ്പാദിച്ചെന്നുമാണ് ആരോപണം. കെ സുധാകരൻ കെപിസിസി അധ്യക്ഷനായി ചുമതലയേറ്റതിന് പിന്നാല ജൂൺ ഏഴിന് പ്രശാന്ത് ബാബു വിജിലൻസിന് ഈ വിഷയത്തിൽ പരാതി നൽകി. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തിയത്. ഇനിയുള്ള തെളിവ് ശേഖരണത്തിന് വിശദമായ അന്വേഷണം വേണമെന്നാണ് വിജിലൻസ് നിലപാട്. കേസെടുത്തുള്ള അന്വേഷണത്തിന് നിയമതടസ്സമുണ്ടോ എന്നറിയാൻ വിജിലൻസ് നിയമോപദേശം തേടിയിട്ടുണ്ട്.

1987 മുതൽ 93 വരെ സുധാകരന്റെ ഡ്രൈവറായിരുന്നു പ്രശാന്ത് ബാബു. പിന്നീട് കോൺഗ്രസ് മണ്ഡലം പ്രസിഡന്റായും നഗരസഭാ കൗൺസിലറായും പ്രവർത്തിച്ചിട്ടുണ്ട്. കരുണാകരൻ ട്രസ്റ്റിന് വേണ്ടി പിരിച്ച 32 കോടിയിൽ ഉൾപ്പെടെ കെ സുധാകരൻ ക്രമക്കേട് നടത്തി എന്നാണ് പ്രശാന്ത് ബാബുവിന്റെ ആരോപണം. ഇന്ന് വീണ്ടും ആരോപണഴുമായി സുധാകരൻ രംഗത്തുവന്നു.