തിരുവല്ല: തെരഞ്ഞെടുപ്പിന് ഫണ്ട് നൽകാമെന്ന് വാഗ്ദാനം ചെയ്യുകയും അതുകൊടുക്കാതിരിക്കുകയും ചെയ്തയാൾക്കെതിരേ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഭീഷണി. ഫണ്ട് തരാമെന്ന് പറഞ്ഞ് പറ്റിച്ച അവനെ ഞങ്ങൾ അമക്കുമെന്നും എല്ലാ സഹായവും ചെയ്ത് തരാമെന്ന് തിരുവല്ല ഡിവൈഎസ്‌പി ഏറ്റിറ്റുണ്ടെന്നും ഫോണിലൂടെ ഭീഷണി മുഴക്കിയത് മന്നൻകര ചിറ ബ്രാഞ്ച് സെക്രട്ടറിയും ലോക്കൽ കമ്മറ്റി അംഗവുമായ എംജി മനുവാണ്. മനു ഭീഷണി മുഴക്കുന്ന വോയിസ് ക്ലിപ്പ് വൈറലായതോടെ ഇതു സംബന്ധിച്ച് സിപിഎം ജില്ലാ സെക്രട്ടറിക്ക് പരാതിയും പോയി.

സിപിഎം അനുഭാവിയായ പെരിങ്ങര പഞ്ചായത്ത് ഏഴാം വാർഡിൽ ചാലക്കുഴി തെക്കുംകോവിൽ വീട്ടിൽ സുരേഷ് കുമാറാണ് പരാതി നൽകിയിരിക്കുന്നത്. സുരേഷിന്റെ ജ്യേഷ്ഠന്റെ മകൻ വാങ്ങിയ നാലു സെന്റ് പുരയിടം താഴ്ന്നു കിടക്കുന്നതിനാൽ വേസ്റ്റ് കൊണ്ടിട്ട് ഉയർത്തുകയായിരുന്നു. ഈ വിവരം അറിഞ്ഞ മനു സുരേഷിനെ ഫോണിൽ വിളിക്കുകയും മണ്ണടിക്കുന്നത് നിയമാനുസൃതമല്ലെങ്കിൽ തടയുകയും ചെയ്യുമെന്ന് ഭീഷണി മുഴക്കി.

വസ്തു വാങ്ങിയ സഹോദര പുത്രൻ തെരഞ്ഞെടുപ്പ് ഫണ്ട് നൽകാതെ പറ്റിച്ചതിനാണ് സഖാവ് ദേഷ്യപ്പെടുന്നത്. നിയമാനുസൃതമാണ് മണ്ണ് അടിക്കുന്നതെങ്കിൽ ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല. ഇവനെ ഞങ്ങൾ അമക്കും. അല്ലെങ്കിൽ അവൻ നേരത്തേ പറയണമായിരുന്നു ഫണ്ട് തരാൻ കഴിയില്ലെന്ന്. അത് പറയാതെ പാർട്ടിയെ ഊ...ച്ച അവനെ വെറുതെ വിടില്ലെന്നാണ് ഭീഷണി. നിലം നികത്തുന്നത് തടയുമെന്നും താൻ ഡിവൈഎസ്‌പിയുടെയും തഹസിൽദാരുടെയും ശ്രദ്ധയിൽ വിഷയം കൊണ്ടു വന്നിട്ടുണ്ടെന്നും പറയുന്നു.

മനു വിളിച്ചാലുടൻ പൊലീസ് എത്തുമെന്ന് ഡിവൈഎസ്‌പി വാഗ്ദാനം ചെയ്തിട്ടുണ്ടത്രേ. ഫോണിലൂടെയുള്ള ഭീഷണിക്ക് പിന്നാലെ സ്ഥലം നേരിട്ട് സന്ദർശിച്ച മനു കരം കെട്ട് രസീത് ആവശ്യപ്പെട്ടു. താൽക്കാലികമായി മണ്ണടി നിർത്തി വയ്ക്കാൻ വാക്കാൽ പറയുകയും ചെയ്തു. താൻ നിയമാനുസരണം നടത്തി വന്ന പ്രവൃത്തിയെ മോശമായി ചിത്രീകരിക്കുകയാണ് മനു ചെയ്തതെന്ന് ജില്ലാ സെക്രട്ടറിക്ക് നൽകിയ പരാതിയിൽ പറയുന്നു. താൻ 30 വർഷമായി പാർട്ടിയുടെ സജീവ പ്രവർത്തകനും അനുഭാവിയുമാണ്.

മനുവിന്റെ മോശമായ ഇടപെടൽ കാരണം പല മുൻകാല പ്രവർത്തകരും സിപിഐയിൽ ചേർന്നിട്ടുണ്ട്. ഈ സഖാവിന്റെ പ്രവർത്തന ദൂഷ്യം കൊണ്ട് മേലിൽ ഒരാളും പാർട്ടി വിടാൻ ഇടയാകരുതെന്നും പരാതിയിലുണ്ട്.