കണ്ണൂർ: സിപിഎം സംഘടനാ സമ്മേളനങ്ങൾ അടുത്ത മാസം തുടങ്ങാനിരിക്കെ നവ സഖാക്കൾക്ക് കടുത്ത നിയന്ത്രണങ്ങളുമായി പാർട്ടി നേതൃത്വം അർജുൻ ആയങ്കി- ആകാശ് തില്ലങ്കേരി എന്നിവരുൾപ്പെടുന്ന സൈബർ സഖാക്കൾ കരിപ്പൂർ സ്വർണ കടത്ത് കേസിൽ കുറ്റാരോപിതരായ സംഭവത്തെ തുടർന്നാണ് സിപിഎമ്മിന് പുനർവിചിന്തനമുണ്ടായത്. റെഡ് വളൻ ഡിയർമാരുടെ വേഷമിട്ട് ഇവർ സിപിഎം സമ്മേളനങ്ങളിൽ പങ്കെടുക്കുന്നത് സ്വർണക്കടത്ത് വിവാദത്തിനിടെ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു ഇതു കൂടാതെ നേതാക്കളുമായി സെൽഫിയെടുക്കാൻ മത്സരിച്ചതും പാർട്ടിക്ക് വിനയായി.

ഈ പശ്ചാത്തലത്തിലാണ് റെഡ് വളൻ ഡിയർമാരായി പാർട്ടി അനുഭാവി ഗ്രൂപ്പിൽ നിന്നും ആളുകളെ ചേർക്കുന്നത് വളരെ ജാഗ്രതയോടെ വേണമെന്ന് സംസ്ഥാന നേതൃത്വം എല്ലാ ജില്ലാ ഘടകങ്ങൾക്കും നിർദ്ദേശം നൽകിയത്. വളണ്ടിയർ - അനുഭാവി കാൻഡിഡേറ്റുകളുടെ ലിസ്റ്റ് ജില്ലാ കമ്മിറ്റി പരിശോധിച്ചതിനു ശേഷം മാത്രമേ അംഗീകാരം നൽകാവൂവെന്ന സർക്കുലർ പുറത്തിറക്കിയിട്ടുണ്ട് സൈബർ മേഖലയിലെ നവസഖാക്കൾ സ്വർണക്കടത്ത് പോലുള്ള വിവാദ വിഷയങ്ങളിൽ ഉൾപ്പെട്ട വിഷയം സിപിഎം സമ്മേളനങ്ങളിൽ ഇക്കുറി വ്യാപകമായ ചർച്ചയ്ക്കിടയാക്കുമെന്നാണ് സൂചന.

പ്രത്യേകിച്ച് കണ്ണുരിൽ ഈ വിഷയം തലനാരിഴ കീറി പരിശോധിച്ചേക്കും. അർജുൻ ആയങ്കിമാരുമായി പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് സിപിഎം നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും പി.ജയരാജൻ ഉൾപ്പെടെയുള്ള നേതാക്കളുമായി അർജുനും ആകാശുമായുള്ള ചിത്രങ്ങൾ പുറത്തു വന്നിരുന്നു.ഇതിനെ തുടർന്നാണ് പാർട്ടി ജില്ലാ സെക്രട്ടറി എം.വി ജയരാജൻ ഇവരെ പരസ്യമായി തള്ളിപ്പറയുകയും ഡിവൈഎഫ്ഐ ക്വട്ടേഷൻ -സ്വർണ കടത്ത് മാഫിയക്കെതിരെ ക്യാംപയിൻ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തത്.

സ്വർണ കടത്ത് - ക്വട്ടേഷൻ സംഘങ്ങൾക്കെതിരെയുള്ള നടപടി യുടെ ഭാഗമായി കൂത്തുപറമ്പ് വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറിയുൾപ്പെടെയുള്ളവരെ തൽസ്ഥാനത്തു നിന്നും നീക്കം ചെയ്തിരുന്നുവെങ്കിലും ഇപ്പോഴും ശുദ്ധികലശം പൂർത്തിയായിട്ടില്ലെന്നാണ് വിലയിരുത്തൽ.പാർട്ടിക്കുള്ളിൽ സൈബർ രംഗത്ത് അനുകൂലമായ നിലപാട് സ്വീകരിക്കുന്നതു കൊണ്ടു മാത്രം ആരെയും സിപിഎമ്മിന്റെ ഔദ്യോഗിക മുഖങ്ങളായി കാണരുതെന്നാണ് മുന്നറിയിപ്പ്. മാനായി വന്ന് മാരീചന്മാരായി മാറുന്ന ഇത്തരക്കാരുടെ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ പാർട്ടി അംഗങൾ കയറി ലൈക്കടിക്കുന്നതും ഫോളോവോഴ്‌സുമായി മാറുന്നത് വിലക്കിയിട്ടുണ്ട്.

ഇതേ നിയന്ത്രണങ്ങൾ പാർട്ടി സമ്മേളനങ്ങളിലും തുടരാൻ തന്നെയാണ് തീരുമാനം കളങ്കിതരായവരെ പാർട്ടി ബ്രാഞ്ച് സമ്മേളനങ്ങളുമായി ബന്ധപ്പെട്ട കുടുംബയോഗങ്ങളിലോ മറ്റു അനുബന്ധ പരിപാടികളിലോ പങ്കെടുപ്പിക്കരുതെന്നും ബ്രാഞ്ച് തലത്തിൽ ഇവർക്ക് ഒരു തരത്തിലും വളൻ ഡിയർ വേഷം നൽകരുതെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. ലോക്കൽ സമ്മേളനങ്ങളിൽ വളന്മാരായി ഇവരെ നിയോഗിക്കരുതെന്നും സ്വാഗത സംഘങ്ങളിൽ അംഗങ്ങളാക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും നിർദ്ദേശമുണ്ട്. ഏരിയാ - ജില്ലാ സമ്മേളനങ്ങളിലും ഇതേ ജാഗ്രത തന്നെ പാലിക്കണം അതുകൊണ്ടുതന്നെ ഇത്തരം സമ്മേളനങ്ങളിലെ പൊതുപരിപാടികളിൽ പങ്കെടുക്കുന്ന നേതാക്കളുമായി സെൽഫിയെടുക്കുന്നത് വിലക്കിയിട്ടുണ്ട്.

ചെറിയ കുട്ടികൾക്കു മാത്രമേ ഈ കാര്യത്തിൽ ഇളവുള്ളൂ. സ്വർണക്കടത്ത് - ക്വട്ടേഷൻ സംഘങ്ങൾ പാർട്ടിയെന്ന പുരയ്ക്കു നേരെ ചാഞ്ഞു നിൽക്കുന്ന. വൻ മരമായതോടെയാണ് കടയ്ക്കൽ നിന്നു തന്നെ വെട്ടിയൊതുക്കാൻ സിപിഎം നേതൃത്വം തീരുമാനിച്ചത്. ഒരു കാലത്ത് പാർട്ടി എതിരാളികളെ ഉന്മുലനം ചെയ്യാൻ ഉപയോഗിച്ചിരുന്ന കൊടി സുനി ഉൾപ്പെടെയുള്ളവർ സ്വന്തമായി ക്വട്ടേഷൻ -സ്വർണക്കടത്ത് പണി ഏറ്റെടുത്തതോടെയാണ് പാർട്ടിക്ക് തലവേദനയായത്. ജയിലിൽ നിന്നു പോലും കൊടി സുനി ക്വട്ടേഷൻ സ്വർണം പൊട്ടിക്കൽ പരിപാടികൾക്കു നേതൃത്വം നൽകിയത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ദിവസങ്ങൾക്ക് മുൻപ് കൊടി സുനിയുടെ സെല്ലിൽ നിന്നും സിം കാർഡും മൊബൈൽ ഫോണും കണ്ടെത്തിയിരുന്നു.

ഇതിനെ തുടർന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ വ്യാപകമായ പരിശോധന യാണ് നടന്നത് എന്നാൽ കൊടി സുനിയെ അനുകൂലിച്ചുകൊണ്ട് ആകാശ് തില്ലങ്കേരി തന്റെ ഫെയ്‌സ് ബുക്ക് പേജിലുടെ രംഗത്തെത്തിയത് ഏറെ ചർച്ചയായിരുന്നു.പാർട്ടി രക്തസാക്ഷികൾക്കായി എണ്ണിയെണ്ണി കണക്കു ചോദിക്കുന്ന ധീരനാണ് കൊടി സുനിയെന്നു വിശേഷിപ്പിച്ചാണ് ഫെയ്‌സ് ബുക്ക് പോസ്റ്റ്. കൊടി സുനിയെന്ന ഗ്യാങ്ങ് ലീഡറുടെ കീഴിൽ പ്രവർത്തിക്കുന്ന ക്വട്ടേഷൻ സംഘങ്ങളിലെ അംഗങ്ങളാണ് അർജുൻ ആയങ്കി, ആകാശ് തില്ലങ്കേരി, മുഹമ്മദ് ഷാഫി എന്നിവരെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് പാർട്ടിക്കുവേണ്ടി ആർ.എംപി നേതാവ് ടി പി ചന്ദ്രശേഖരനെ കൊന്നതിനു ശേഷം ജയിലിൽ കഴിയുന്ന കൊടി സുനിയുൾപ്പെടെയുള്ളവരുമായി യാതൊരു ബന്ധവും പാടില്ലെന്ന നിലപാടിലേക്ക് സിപിഎം എത്തിച്ചേർന്നത്.