തളിപ്പറമ്പ്: തളിപ്പറമ്പിൽ സി.പിഎം നേതൃത്വത്തിനെ ഞെട്ടിച്ചു കൊണ്ടു ലോക്കൽ സെക്രട്ടറിക്കെതിരെ പാർട്ടി അണികളുടെ പ്രകടനം. സിപിഎം പാർട്ടി ഗ്രാമമായ തളിപറമ്പ് കീഴാറ്റൂർ കേന്ദ്രീകരിച്ചാണ് മാന്ധം കുണ്ട് വരെ വിമതവിഭാഗം നഗരം സ്പർശിക്കാതെ ചെങ്കൊടിയേന്തിയ പ്രകടനം നടത്തിയത്. വിമതവിഭാഗം നേതാവ് കോമത്ത് മുരളീധരൻ അനുകുല വിഭാഗമാണ് പ്രകടനം നടത്തിയത്.

സിപിഎം തളിപറമ്പ് നോർത്ത് ലോക്കൽ സെക്രട്ടറിയായി പുല്ലായിക്കോട് ചന്ദ്രനെ തെരഞ്ഞെടുത്തതിലുള്ള പ്രതിഷേധമാണ് പ്രകടനത്തിന് കാരണമെന്ന് കരുതുന്നു. സഞ്ചി യേത്തിയ ഗോർബച്ചേവുമാർ വേണ്ടെന്നു മുദ്രാവാക്യം മുഴക്കിയ പ്രവർത്തകർ മാന്ധംകുണ്ട് സഖാക്കൾ എന്ന ബാനറിനു കീഴിലാണ് അണിനിരന്നത്.

കഴിഞ്ഞ ദിവസം ചേർന്ന സിപിഎം തളിപ്പറമ്പ് നോർത്ത് സമ്മേളനത്തിൽ പുല്ലായിക്കോട് ചന്ദ്രനെ നിലനിർത്തിയിരുന്നു. ഇതിൽ പ്രതിഷേധിച്ചു പാർട്ടി അണികൾ സിപിഎം പാർട്ടി ഗ്രാമമായ മാന്ധം കുണ്ടു പരിസരത്ത് വ്യാപകമായ പോസ്റ്റർ പ്രചരണം നടത്തിയിരുന്നു. മാന്ധം കുണ്ട് സി.ആർ.സി വായനശാല, യുവധാര ക്‌ളബ് എന്നിവടങ്ങളിലും ചന്ദ്രനെതിരെ പരോക്ഷ വിമർശനവുമായിപോസ്റ്റർ പ്രചരണം നടന്നിരുന്നു. മുൻ സിപിഐക്കാരനായ ചന്ദ്രൻ സി.പിഎമ്മിലേക്ക് വന്നത് പാർട്ടിയെ നശിപ്പിക്കാനാണെന്നായിരുന്നു ആരോപണം.

തളിപ്പറമ്പ് നോർത്ത് സമ്മേളനത്തിനിടെ കോമത്ത് മുരളീധരൻ ചന്ദ്രനെ വീണ്ടും സെക്രട്ടറിയാക്കുന്നതിൽ പ്രതിഷേധിച്ചു ഇറങ്ങിപ്പോയിരുന്നു. ഇദ്ദേഹത്തെ പിന്നീട് ഏരിയാ സമ്മേളനത്തിൽ പ്രതിനിധിയാക്കുന്നതിൽ പാർട്ടി ഒഴിവാക്കുകയും ചെയ്തു.ഈ സാഹചര്യത്തിൽ നിലനിൽക്കുന്ന ഗ്രൂപ്പിസമാണ് നൂറോളം പ്രവർത്തകർ ചെങ്കോടി യെന്തി ബുധനാഴ്‌ച്ച രാത്രി എട്ടുമണിയോടെ നേതൃത്വത്തെ വെല്ലുവിളിച്ചു നടത്തിയ പ്രതിഷേധ പ്രകടനത്തിൽ കലാശിച്ചത്.

ഇതോടെ തളിപ്പറമ്പിലെ സിപിഎം വിഭാഗീയത പാർട്ടി നേതൃത്വത്തിന് തലവേദനയായിരിക്കുകയാണ്. പ്രകടനത്തിൽ പാർട്ടി അംഗങ്ങൾ പങ്കെടുത്തിട്ടുണ്ടെങ്കിൽ നടപടിയെടുക്കുമെന്നാണ് ഏരിയാ നേതൃത്വം നൽകുന്ന സൂചന.