കണ്ണൂർ: സോഷ്യൽ മീഡിയയിൽ സൈബർ സഖാക്കളെന്ന പേരിൽ പാർട്ടിക്കായി ഉറഞ്ഞു തുള്ളുന്നവരിൽ ഭൂരിഭാഗവും വർഗ വഞ്ചകരും വലതുപക്ഷ ജീർണത പേറുന്നവരുമെന്ന് സിപിഎം അന്വേഷണ റിപ്പോർട്ട്. കണ്ണൂർ ജില്ലയിലെ ക്വട്ടേഷൻ സംഘങ്ങളും പാർട്ടിയും തമ്മിലുള്ള ബന്ധത്തെ കുറിച്ചാണ് ജില്ലാ കമ്മിറ്റിയംഗങ്ങളായ മൂന്ന് യുവനേതാക്കളുടെ നേതൃത്വത്തിൽ അന്വേഷണം പൂർത്തീകരിച്ചത്. ഈ റിപ്പോർട്ട് ജില്ലാ സെക്രട്ടറിയേറ്റ് ചെയ്തതിനു ശേഷം സംസ്ഥാന കമ്മിറ്റിക്ക് സമർപ്പിക്കും.

പുറമേക്ക് സമ്മതിക്കുന്നില്ലെങ്കിലും എതിരാളികൾ ആരോപിക്കുന്നതു പോലെ പാർട്ടിയുമായി വ്യക്തമായ ബന്ധം അർജുൻ ആയങ്കിക്കുണ്ട്. സാമ്പത്തിക ഇടപാടുകളാണ് ഇതിന് പിന്നിൽ. സോഷ്യൽ മീഡിയയിൽ പാർട്ടി ആശയങ്ങൾ പ്രചരിപ്പിക്കുകയും ആവേശകരമായ ഫോട്ടോകൾ പോസ്റ്റു ചെയ്യുകയും എതിരാളികൾക്ക് ഉരുളയ്ക്കുപ്പേരിയെന്ന പോലെ മറുപടി നൽകുന്നതാണ് അർജുനനെ പാർട്ടി സഖാക്കൾക്കിടെയിൽ പ്രിയങ്കരനാക്കിയതെന്നും റിപ്പോർട്ടിലുണ്ട്.

പാർട്ടിയെ നാറ്റിക്കാൻ സെൽഫിക്കഥകൾ

സ്വർണക്കടത്ത് - ക്വട്ടേഷൻ സംഘത്തിന് സിപിഎമ്മുമായി ബന്ധമുണ്ടെന്ന് വരുത്തി തീർത്ത് എതിരാളികൾക്ക് പാർട്ടിയെ അടിക്കാൻ വടിയായി മാറിയത് ലക്കും ലഗാനുമില്ലാതെ യെടുക്കുന്ന സെൽഫിയാണെന്നാണ് അന്വേഷണ കമ്മിഷന്റെ കണ്ടെത്തൽ. അർജ്വൻ ആയങ്കിയുടെയും ആകാശ് തില്ലങ്കേരിയുടെ തുമൊക്കെ നേതാക്കളുമായുള്ള സെൽഫി സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ,എ.കെ.ജി സെന്റർ, പി.ജയരാജൻ, പാർട്ടി ജില്ലാ സമ്മേളനം,വളൻ ഡിയർ മാർച്ച് എന്നിങ്ങനെ ചെറുതും വലുതുമായ സെൽഫികളിൽ അർജുനും ആകാശും സിപിഎമ്മിനൊപ്പം നിറയുന്നത് അണികളിൽ തെറ്റിദ്ധാരണ പരത്താൻ ഇടയാക്കിയിട്ടുണ്ടെന്ന് പാർട്ടി അന്വേഷണ കമ്മിഷൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

നേതാക്കളുടെ കൂടെയുള്ള അണികളുടെ സെൽഫി വിലക്കിയില്ലെങ്കിൽ ഇനിയും കൂടുതൽ ഭവിഷ്യത്തുണ്ടാകുമെന്നും അന്വേഷണ കമ്മിഷൻ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു സ്വർണ കടത്ത് - ക്വട്ടേഷൻ സംഭവങ്ങളിൽ ഉൾപ്പെടെയുള്ള ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട പ്രതികൾ നേതാക്കളുടെ ഒപ്പമുള്ള ഫോട്ടോ കാണിച്ചാണ് പലരെയും വരുതിയിലാക്കിയതിന് വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ട്. സ്വർണക്കടത്ത് കേസിൽ പ്രതിയായ അർജുൻ ആയങ്കി സിപിഎം നേതാക്കളുമൊന്നിച്ചുള്ള ചിത്രങ്ങൾ ഫെയ്‌സ് ബുക്കിലൂടെ വ്യാപകമായി ദുരുപയോഗം ചെയ്തുവെന്ന വിമർശനം സാധുകരിച്ചു കൊണ്ടാണ് പാർട്ടി അന്വേഷണ കമ്മിഷൻ റിപ്പോർട്ട്.

ബിനീഷ് കോടിയേരി: പാർട്ടി നൈതികതയുടെ നാറാണ കല്ലിളകി

കള്ളപ്പണ കടത്ത് കേസിൽ പൊളിറ്റ് ബ്യുറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കസ്റ്റംസ് - നാർക്കോട്ടിക്ക് വലയിൽ കുരുങ്ങി അകത്ത് കിടക്കുന്നത് പാർട്ടി നൈതികതയുടെ നാറാണ കല്ലിളക്കിയെന്ന് സിപിഎം അന്വേഷണ കമ്മിഷനിൽ വിലയിരുത്തൽ. പ്രകടമായി കോടിയേരിയെപേരെടുത്ത് പറയുന്നില്ലെങ്കിലും ഉന്നത നേതാക്കളുടെ മക്കൾ ഏർപ്പെടുന്ന കമ്യുണിസ്റ്റ് നൈതികതയ്ക്ക് നിരക്കാത്ത ബാഹ്യശക്തികളുമായുള്ള ഇടപെടൽ പാർട്ടി നൈതികതയ്ക്കും കമ്യുണിസ്റ്റ് മൂല്യബോധത്തിനും പരുക്കേൽപ്പിച്ചുവെന്ന വിമർശനം കൃത്യമായി ചൂണ്ടിക്കാണിക്കുന്നുണ്ട്.

കോടിയേരിയുടെ മക്കൾ ഉൾപ്പെട്ടെ കള്ളപ്പണ - സ്ത്രീ പീഡന കേസുകൾ കമ്യുണിസ്റ്റ് നേതാവിന്റെ മക്കൾക്ക് നിരക്കാത്ത ജീവിത ശൈലി എന്നിവയിൽ തനിക്ക് പങ്കില്ലെന്ന് കോടിയേരി തന്നെ മക്കളെ തള്ളിപ്പറഞ്ഞിട്ടുണ്ടെങ്കിലും പാർട്ടി അണികളിലു അനുഭാവികളിലും ഈ കാര്യം ആഴത്തിൽ പതിഞ്ഞിട്ടില്ല. പിന്നീട് സൈബർ പോരാളികൾ നടത്തിയ ക്വട്ടേഷൻ പ്രവർത്തനങ്ങളുടെയെല്ലാം വാർപ്പു മാതൃക ബിനീഷ് കോടിയേരിയായി മാറുകയും ചെയ്തു.ടി.പി ചന്ദ്രശേഖരൻ വധകേസിലെ പ്രതികളായ കൊടി സുനിയും മുഹമ്മദ് ഷാഫിയുമൊക്കെ പാർട്ടി നേതാക്കളുടെ ചിത്രമുപയോഗിച്ച് ക്വട്ടേഷൻ ഫീൽഡിലെ സ്വയം ബ്രാൻഡായി മാറിയിട്ടും പാർട്ടിക്ക് നിസഹായമായി തോന്നി നിൽക്കേണ്ടി വന്നുവെന്നും അന്വേഷണ കമ്മിഷൻ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.

ഷാഫിയുടെയും കൊടി സുനിയുടെയുമൊക്കെ ചേർന്നുള്ള ചിത്രങ്ങൾ ദുരുപയോഗം ചെയ്താണ് ആകാശ് തില്ലങ്കേരിയുടെ നേതു ത്വത്തിലുള്ള സംഘം പ്രവർത്തിച്ചത്.ഇവരുടെ ചിത്രങ്ങൾ കാണിച്ച് ഈ പൊട്ടിക്കൽ സംഘം പലരെയും ഭീഷണിപ്പെടുത്തിയിട്ടുണ്ട്. അതു കൊണ്ടു തന്നെ ഇത്തരം പാർട്ടി സഹയാത്രികരെന്ന് മേനി നടിക്കുന്നവരുടെ കാര്യത്തിൽ ജാഗ്രത വേണമെന്നും ഇടതു ഗ്രൂപ്പുകളുടെ ബാനറുകളിലെത്തുന്നവരെ നീരീക്ഷിക്കാൻ ജാഗ്രത പാലിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.

സജേഷ് പറഞ്ഞ ചതിക്കഥ

തന്നെ സൗഹൃദം നടിച്ച് അർജുൻ ആയങ്കി ചതിക്കുകയായിരുന്നുവെന്നാണ് ഡിവൈഎഫ്ഐ ചെമ്പിലോട് മേഖലാ സെക്രട്ടറി സി.സജേഷ് പാർട്ടി അന്വേഷണ കമ്മിഷനു മുൻപിൽ നൽകിയ മൊഴി. സോഷ്യൽ മീഡിയയിലൂടെ അർജുൻ ആയങ്കിയെ നേരത്തെ അറിയാമായിരുന്നു.എന്നാൽ ബ്രണ്ണൻ കോളേജിൽ പഠിച്ച സഹപാഠി മുഖേനെയാണ് കൂടുതൽ അടുക്കുന്നത്. ഒടുവിൽ പരിചയം ദൃഢമായപ്പോൾ ഒരു കാറ് വാങ്ങാൻ സഹായിക്കണമെന്ന് തന്നോട് അഭ്യർത്ഥിക്കുകയായിരുന്നു.നേരത്തെയുള്ള വായ്പാ തിരിച്ചടവ് മുടങ്ങിയതിനാൽ സി ബിൽ സ്‌കോർ കുറവാണെന്ന് പറഞ്ഞതിനാലാണ് തന്റെ പേരിൽ വായ്പയെടുത്തതെന്നും എന്നാൽ കാറിന്റെ ഇ എം.ഐ കൃത്യമായി തന്റെ അക്കൗണ്ടിൽ ഇട്ടു തരാറുണ്ടെന്നും സജേഷ് നൽകിയ വിശദീകരണത്തിൽ പറയുന്നു.

എന്നാൽ എന്തുകൊണ്ട് അർജുൻ ആയങ്കിയുടെ വഴിവിട്ട നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടില്ലെന്ന ചോദ്യത്തിന് അത്തരം നീക്കങ്ങൾ വളരെ വൈകിയാണ് അറിഞ്ഞതെന്നും അർജുന് സ്വർണ കടത്ത് മാത്രമല്ല കുഴൽപ്പണ ഇടപാടുകളുമുണ്ടായിരുന്നുവെന്ന് ഒരു സുഹൃത്ത് പറത്തിരുന്നതായി സജേഷ് പറഞ്ഞു. ഇതിനെ തുടർന്ന് തന്റെ പേരിലുള്ള കാർ രജിസ്‌ട്രേഷൻ മാറ്റണമെന്ന് അർജുൻ ആയങ്കിയോട് ആവശ്യപ്പെട്ടിരുന്നതെന്നും ആർ.ടി.ഓഫിസിൽ നേരിട്ടു പോയി മാറ്റി കൊള്ളാമെന്നാണ് ഇയാൾ പറഞ്ഞിരുന്നുവെന്നും സി.സജേഷ് വ്യക്തമാക്കുന്നു. എന്നാൽ അർജുൻ അതു ചെയ്തില്ലെന്ന് പിന്നീടാണ് അറിയുന്നത്. അയാൾ തന്നെ ചതിക്കുകയായിരുന്നുവെന്നാണ് സജീഷ് പാർട്ടി അന്വേഷണ. കമ്മിഷന് നൽകിയ വിശദീകരണം. ഇതിന് സമാനമായ മറുപടി തന്നെയാണ് സജേഷ് കസ്റ്റംസ് ചോദ്യം ചെയ്യലിലും പറഞ്ഞത്.