തിരുവനന്തപുരം: ദേശീയ അന്വേഷണ ഏജൻസികൾ ബിനീഷ് കോടിയേരിയുടെ വീട്ടിൽ റെയ്ഡ് നടത്തിയതിന് പിന്നാലെ സിപിഎം കടുത്ത അങ്കലാപ്പിൽ. എകെജി സെന്ററിൽ മുതിർന്ന സിപിഎം നേതാക്കൾ തമ്മിൽ കൂടിക്കാഴ്‌ച്ച നടത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി തുടങ്ങിയവരാണ് കൂടിക്കാഴ്‌ച്ചയിൽ പങ്കെടുക്കുന്നത്. നിലവിലെ സാഹചര്യങ്ങൾ ചർച്ച ചെയ്യുന്നതിനായാണ് യോഗം ചേരുന്നത്. എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ, സെക്രട്ടേറിയറ്റ് അംഗം എം.വി ഗോവിന്ദൻ എന്നിവരും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്.

മറ്റു പാർട്ടി നേതാക്കളും എ.കെ.ജി സെന്ററിലേക്കെത്തിയിട്ടുണ്ടെന്നാണ് വിവരം. മയക്കുമരുന്നുമായി ബന്ധപ്പെട്ട പണമിടപാട് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബിനീഷ് കോടിയേരിയുടെ വീട്ടിൽ റെയ്ഡ് നടത്തി വരികയാണ്. ശിവശങ്കറിനൊപ്പം മുഖ്യമന്ത്രിയുടെ ഓഫീസിലെ അധികാരകേന്ദ്രമായ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി. സി.എം. രവീന്ദ്രനെ ഇ.ഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചതും സിപിഎമ്മിന് കടുത്ത തലവേദന സൃഷ്ടിച്ചിട്ടുണ്ട്.

സി എം രവീന്ദ്രനെ ഇഡി അറസ്റ്റു ചെയ്താൽ അത് സർക്കാറിന് വലിയ പ്രഹരമായി മാറും. അതുകൊണ്ട് തന്നെ പരിഹാര മാർഗ്ഗമാണ് സർക്കാർ തേടുന്നത്. ഇത്തരത്തിൽ കേന്ദ്ര ഏജൻസികൾ പാർട്ടിയുമായും സർക്കാരുമായും ബന്ധപ്പെട്ട കണ്ണികളിൽ കുരുക്ക് മുറുക്കിയതിനിടെയാണ് അടിയന്തര യോഗം എന്നതും ശ്രദ്ധേയമാണ്.

രവീന്ദ്രനാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ 'രണ്ടാം വിക്കറ്റ്' എന്ന് പ്രതിപക്ഷം നേരത്തേ ഉന്നയിച്ചുതുടങ്ങിയിരിക്കുന്നു. ആ ആരോപണങ്ങൾക്ക് ശക്തിപകരുന്നതാണ് ഇ.ഡി.യുടെ നടപടി. മുഖ്യമന്ത്രിയുടെ ഓഫീസിന് കുറ്റമില്ല, ശിവശങ്കറെന്ന ഒരു ഉദ്യോഗസ്ഥന്റെ വ്യക്തിപരമായ വീഴ്ചയാണ് എല്ലാമെന്നുള്ള സർക്കാരിന്റെയും സിപിഎമ്മിന്റെയും വാദത്തെ ദുർബലപ്പെടുത്തുന്നതുമാണിത്. ശിവശങ്കരനെ ഇഡി ചോദ്യം ചെയ്യും മുമ്പു തന്നെ സർക്കാർ മാറ്റി നിർത്തിയിരുന്നു. ഈ നീക്കം രവീന്ദ്രന്റെ കാര്യത്തിൽ ബാധകമാകില്ലേ എന്നാണ് ഉയരുന്ന ചോദ്യം.

ബിനീഷിനെതിരായ അന്വേഷണത്തിനും ഇ.ഡി. മൂർച്ച കൂട്ടിയതാണ് സിപിഎം. നേരിടുന്ന മറ്റൊരു പ്രതിസന്ധി. പാർട്ടി നിലപാടും സെക്രട്ടറിയുടെ ബന്ധുത്വവും രണ്ടാണെന്ന വാദത്തിലൂന്നിയാണ് ഇതിനെ പ്രതിരോധിക്കുന്നത്. എന്നാൽ, മകന്റെ ഇടപാടുകളിൽ ഇ.ഡി. പിടിമുറുക്കുമ്പോൾ, അതിന്റെ രാഷ്ട്രീയഭാരം ഏറ്റുവാങ്ങേണ്ടിവരുന്നത് കോടിയേരി ബാലകൃഷ്ണനാണ്.

സ്വർണക്കടത്ത് കേസിനു പിന്നാലെ നാല് കേന്ദ്ര ഏജൻസികൾ സംസ്ഥാനത്ത് വിവിധ അന്വേഷണങ്ങളിലാണ്. സർക്കാരിനെ 'നിഴലിൽ നിർത്തി'യുള്ള കേന്ദ്ര ഏജൻസികളുടെ രാഷ്ട്രീയലക്ഷ്യം മുഖ്യമന്ത്രിയെക്കാൾ മുമ്പേ ചൂണ്ടിക്കാട്ടിയത് കോടിയേരിയായിരുന്നു. സർക്കാരിന് പാർട്ടികവചമൊരുക്കാൻ അദ്ദേഹമുണ്ടായി. എന്നാൽ, അന്വേഷണം കോടിയേരിയെ തിരിഞ്ഞുകുത്തുമ്പോൾ കൂടെനിൽക്കാനാവാതെ അകലത്താണ് പാർട്ടിയും സർക്കാരും.

കസ്റ്റഡിയിലുള്ള ശിവശങ്കറിൽ നിന്നു ലഭിച്ച സുപ്രധാന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സർക്കാരിനെയും സിപിഎമ്മിനെയും ഒരുപോലെ വിഷമവൃത്തത്തിലാക്കുന്ന നടപടികളിലേക്കാണ് ഇഡി കടന്നിരിക്കുന്ന്. മുഖ്യമന്ത്രിയുടെ വിശ്വസ്തനായിരുന്ന മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനു പിന്നാലെ പാർട്ടിയുമായി ഗാഢബന്ധമുള്ള സി.എം. രവീന്ദ്രനിലേക്ക് അന്വേഷണമെത്തുന്നത് ഭരണമുന്നണിയിൽ കടുത്ത രാഷ്ട്രീയസമ്മർദ്ദങ്ങൾക്ക് വഴിവയ്ക്കും.

ശിവശങ്കറിനൊപ്പം പല ദുരൂഹ ഇടപാടുകളിലും രവീന്ദ്രൻ പങ്കാളിയാണെന്ന് ഇ.ഡിക്ക് വിവരം കിട്ടിയിരുന്നു. കെ- ഫോൺ അടക്കം വൻകിട പദ്ധതികളിൽ രവീന്ദ്രന്റെ വഴിവിട്ട ഇടപെടലുണ്ടായെന്നാണ് വിവരം. ശിവശങ്കർ ടൂറിസം സെക്രട്ടറിയായിരിക്കെ തന്നെ രവീന്ദ്രന് അടുത്ത ബന്ധമുണ്ടായിരുന്നു. ഐ.ടി പദ്ധതികളിൽ മലബാറിലെ ഐ.ടി കമ്പനിക്ക് വഴിവിട്ട സഹായം നൽകിയെന്നും ആരോപണമുയർന്നിരുന്നു.ശിവശങ്കറിനെ കാണാൻ സ്വപ്ന സെക്രട്ടേറിയറ്റിലെത്തുമ്പോൾ പല തവണ രവീന്ദ്രനെയും കണ്ടതായും, സ്വപ്ന സംഘടിപ്പിച്ച ആഘോഷ പാർട്ടികളിൽ പങ്കെടുത്തതായും ഇ.ഡി പറയുന്നു.

വിസ സ്റ്റാമ്പിങ് ആവശ്യത്തിന് നിരവധി തവണ വിളിച്ചതായി സ്വപ്നയും വെളിപ്പെടുത്തി. സ്വപ്നയുമായി പണമിടപാടുകളുണ്ടെന്നും ഇ.ഡി സംശയിക്കുന്നു. ഇക്കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് വിളിച്ചു വരുത്തുന്നത്.വടകര ഒഞ്ചിയം സ്വദേശിയായ രവീന്ദ്രന് സ്വർണക്കടകളിലും വസ്ത്ര വ്യാപാരശാലകളിലും ഇലക്ട്രോണിക്‌സ് സ്ഥാപനങ്ങളിലും ഷോപ്പിങ് മാളുകളിലും ബിനാമി നിക്ഷേപമുണ്ടെന്നും വടകരയിലെ ബന്ധുവാണ് പ്രധാന ബിനാമിയെന്നും ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. ബിനാമികളെ ഉപയോഗിച്ച് പലേടത്തും ഭൂമി വാങ്ങിക്കൂട്ടി. മൊബൈൽ ഫോൺ വിപണന ഏജൻസി രവീന്ദ്രന്റെ ബിനാമി ഇടപാടാണെന്നും പറയുന്നു. വിദ്യാഭ്യാസ യോഗ്യതയിലും വയസിലും ഇളവു നൽകിയാണ് രവീന്ദ്രനെ പേഴ്‌സണൽ സ്റ്റാഫ് അംഗമാക്കിയത്. രാഷ്ട്രീയ നിയമനമാണ് രവീന്ദ്രന്റേത്.