കോഴിക്കോട്: സിപിഎമ്മിനെ പ്രതിരോധത്തിലാക്കി ഡിവൈഎഫ്‌ഐ നേതാവിന്റെ കൊലവിളി പ്രസംഗം. ഡിവൈഎഫ്ഐ. കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം രാഹുൽ രാജാണ് പ്രസംഗം നടത്തിയത്. സിപിഎമ്മിനെതിരേ വന്നാൽ കെ.ടി. ജയകൃഷ്ണൻ മാസ്റ്ററുടെ അവസ്ഥയുണ്ടാകുമെന്നും അക്കാര്യം യൂത്ത് ലീഗ് ഓർമിക്കണമെന്നുമായിരുന്നു രാഹുലിന്റെ വാക്കുകൾ. യൂത്ത് ലീഗിനെ നിലയ്ക്ക് നിർത്തുമെന്നും അക്കാര്യത്തിൽ ഒരു സംശയവും വേണ്ടെന്നും രാഹുൽ പറയുന്നുണ്ട്.

എടച്ചേരിയിൽ സിപിഎമ്മും യു.ഡി.എഫും തമ്മിൽ സംഘർഷം നടക്കുന്നതുമായി ബന്ധപ്പെട്ട് സിപിഎം. സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലായിരുന്നു രാഹുൽ രാജിന്റെ പ്രസംഗം. ഡിവൈഎഫ്ഐ. ജില്ലാ കമ്മിറ്റി അംഗം, ഡിവൈഎഫ്ഐ. നാദാപുരം ബ്ലോക്ക് പ്രസിഡന്റ്, യുവജന കമ്മിഷൻ കോ-ഓർഡിനേറ്റർ തുടങ്ങിയ സ്ഥാനങ്ങൾ രാഹുൽ വഹിക്കുന്നുണ്ട്.

തിരഞ്ഞെടുപ്പ് അടുത്തിരിക്കവേയാണ് പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന തരത്തിലുള്ള രാഹുലിന്റെ പ്രസംഗം. അപവാദ പ്രചരണവുമായി സിപിഎമ്മിനെതിരേ വന്നാൽ ഒരു യൂത്ത് ലീഗുകാരനും യൂത്ത് കോൺഗ്രസുകാരനും പുറത്തിറങ്ങി നടക്കില്ല എന്നും രാഹുലിന്റെ പ്രസംഗത്തിലുണ്ട്. എൽ.ഡി.എഫിന്റെ വികസന മുന്നേറ്റ ജാഥ ഇന്നലെ കോഴിക്കോട് അവസാനിച്ചതിനു പിന്നാലെയാണ് രാഹുലിന്റെ ഭീഷണിപ്രസംഗം.

രണ്ട് ദിവസം മുൻപ് എൽഡിഎഫ്, യുഡിഎഫ് ജാഥകളുടെ പേരിൽ പ്രവർത്തകർ ഇവിടെ ഏറ്റുമുട്ടിയിരുന്നു. ഇതിന് പിന്നാലെ നടന്ന യോഗത്തിലാണ് അഡ്വക്കേറ്റ് രാഹുൽ രാജ് ഭീഷണി മുഴക്കിയത്. ആർഎസ്എസിലും വലുതല്ല ഒരു യൂത്ത് ലീഗുകാരനും. അപവാദ പ്രചാരണങ്ങളുമായി വന്നാൽ ഒരൊറ്റ യൂത്ത് ലീഗുകാരനും ഒരൊറ്റ യൂത്ത് കോൺഗ്രസുകാരനും റോഡിൽ ഇറങ്ങി നടക്കില്ലെന്നും രാഹുൽ രാജ് പറയുന്നു. തെരഞ്ഞെടുപ്പു അടുത്ത വേളയിൽ രാഹുലിന്റെ പ്രസംഗം സിപിഎമ്മിനെ പ്രതിരോധത്തിൽ ആക്കിയിട്ടുണ്ട്.

പ്രസംഗം ഇങ്ങനെ:

'മൂത്രമൊഴിക്കാൻ പോലും പുറത്തിറങ്ങാൻ പറ്റില്ല, മനസിലാക്കിക്കോ നിങ്ങൾ. അതിന് മാത്രം ശേഷിയൊന്നും ഒരു കോൺഗ്രസുകാരനും ഈ പ്രദേശത്തില്ല. ഒരു കാര്യം കൂടി പറഞ്ഞുവെക്കാം. ഈ മണ്ണിന്റെ പേര് എടച്ചേരിയെന്നാണ്. എടച്ചേരിയുടെ ചരിത്രത്തിൽ എഴുതപ്പെട്ട മനുഷ്യരുണ്ട്. കണാരേട്ടനാണ്, ഇവി കൃഷ്ണേട്ടനാണ്. കമ്മ്യൂണിസ്റ്റ് പോരാളികളാണ്. അല്ലാതെ കള്ളും കഞ്ചാവും വിതരണം ചെയ്ത് വോട്ട് വാങ്ങുന്ന ഈ കോൺഗ്രസിന്റെ നാറികളുടേതല്ല. യൂത്ത് ലീഗുകാരനോട് ഒരു കാര്യം കൂടി പറഞ്ഞുവെക്കുകയാണ്. തെരഞ്ഞെടുപ്പടുക്കുന്ന സമയത്ത് കള്ളകഥകൾ പ്രചരിപ്പിക്കരുത്. ഞങ്ങൾ പറഞ്ഞുതരാം. നിലക്ക് നിർത്തും. ആർഎസ്എസ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തെ അറിയാല്ലോ യൂത്ത് ലീഗിന്, ഞങ്ങളെ വെല്ലുവിളിച്ച ഒരു നേതാവുണ്ടായിരുന്നു കെടി ജയകൃഷ്ൺ. ഡിവൈഎഫ്ഐക്കാരൻ റോഡിൽ ഇറങ്ങി കഴിഞ്ഞാൽ കൊല്ലും, കഴുവേറ്റും എന്നായിരുന്നു വെല്ലുവിളിച്ചത്. ഒരു കാര്യം മനസിലാക്കിക്കോ, ആ കെടി ജയകൃഷ്ണൻ ഇന്ന് നിങ്ങൾക്ക് ഡിസംബർ 1 ന്റെ പോസ്റ്ററിൽ മാത്രമെ കാണുള്ളു. ആ ആർഎസ്എസിനേക്കാളും ഒന്നും വലുതല്ല എടച്ചേരിയിലെ യൂത്ത് ലീഗ്, എടച്ചേരിയിലെ കോൺഗ്രസ്. മാന്യമായ രാഷ്ട്രീയ പ്രവർത്തനം കോൺഗ്രസ് പ്രവർത്തകനും യൂത്ത് ലീഗ് പ്രവർത്തകനും നടത്താം. അപവാദ പ്രചരണങ്ങളുമായി മുന്നിൽ നിന്നും കഴിഞ്ഞാൽ, ഞങ്ങൾ വാഴ കത്തിയുമായി ഡിവൈഎഫ്ഐ പ്രഖ്യാപിക്കുകയാണ്. ഒറ്റ യൂത്ത് ലീഗുകാരനും യൂത്ത് കോൺഗ്രസ് പ്രവർത്തകനും നാട്ടിൽ ഇറങ്ങി നടക്കില്ല.' എന്നായിരുന്നു കൊലവിളി പ്രസംഗം.