തിരുവല്ല: സിപിഎമ്മിന്റെ സമ്മേളനങ്ങളിൽ മത്സരം ഒഴിവാക്കണമെന്ന് സംസ്ഥാന സമിതി യോഗം കർശന നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, പ്രാദേശിക തലങ്ങളിൽ തങ്ങളുടെ ഇഷ്ടക്കാരെ തിരുകാൻ വേണ്ടി ഉപരികമ്മറ്റിയിലെ നേതാക്കൾ ഈ നിർദ്ദേശം അട്ടിമറിക്കുകയാണ്. ആരോപണ വിധേയനായതിനെ തുടർന്ന് ലോക്കൽ കമ്മറ്റി സെക്രട്ടറി സ്ഥാനത്ത് നിന്ന് പാർട്ടി നടപടി എടുത്തു പുറത്താക്കിയ ആളെ മത്സരത്തിലൂടെ തിരികെ കൊണ്ടു വന്നിരിക്കുകയാണ് ഇരവിപേരൂർ ഏരിയാ കമ്മറ്റിക്ക് കീഴിലുള്ള പുല്ലാട് ലോക്കൽ കമ്മറ്റി. ഇതിന് മൗനാനുവാദം നൽകിയത് സിപിഎം സംസ്ഥാന സമിതി അംഗം അനന്തഗോപനും ജില്ലാ സെക്രട്ടറി കെപി ഉദയഭാനുവുമാണ്. ഏരിയാ സമ്മേളനത്തിൽ ഈ വിഷയം വിവാദമാക്കാൻ തന്നെയാണ് പ്രതിനിധികളുടെ തീരുമാനം.

ഡിവൈഎഫ്ഐ നേതാവും ജില്ലാ കമ്മിറ്റിയംഗവുമായ ദീപയെ തോൽപ്പിച്ച് മുൻ ലോക്കൽ സെക്രട്ടറി സിഎസ് മനോജ് തെരഞ്ഞെടുക്കപ്പെട്ടത്. സിപിഎമ്മിന്റെ മുതിർന്ന നേതാക്കൾ അടങ്ങുന്ന ഇരവിപേരൂർ ഏരിയാ കമ്മറ്റിയുടെ കീഴിലാണ് പുല്ലാട് ലോക്കൽ കമ്മറ്റി. കോയിപ്പുറം ഗ്രാമപഞ്ചായത്തിൽ രണ്ട് ലോക്കൽ കമ്മറ്റികളുള്ളതിൽ ഒന്ന്. വർഷങ്ങളായി ഇവിടെ വിഭാഗീയത രൂക്ഷമാണ്. ഇത് ഗ്രാമ,ബ്ലോക്ക് പഞ്ചായത്ത് ഭരണം പിടിക്കുന്നതിൽ നിന്നും പാർട്ടിയെ അകറ്റുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ഇവിടെ ഭിന്നിച്ചാണ് മത്സരിച്ചത്.

ഇപ്പോൾ സിപിഐ, യുഡിഎഫിന് ഒപ്പം ചേർന്നാണ് ഭരണം നടത്തുന്നത്. ഇതിന്റെ അന്വേഷണവും തർക്കങ്ങളും നടപടികളും നടന്നു വരികയാണ്. ഇതിനിടെയാണ് പാർട്ടി സമ്മേളനം എത്തിയത്. ഇതിന്റെ പ്രത്യാഘാതമാണ് ലോക്കൽ സെക്രട്ടറി തെരഞ്ഞെടുപ്പിലും ഉണ്ടായിട്ടുള്ളത്. ലോക്കൽ സമ്മേളനത്തിൽ സെക്രട്ടറി സ്ഥാനത്തേക്ക് നടന്ന മത്സരത്തിൽ 15 അംഗ കമ്മിറ്റിയിൽ മനോജിന് എട്ടും ദീപയ്ക്ക് ആറും വോട്ടുകൾ കിട്ടി. ഒരാൾ നിഷ്പക്ഷത പാലിച്ചു. വിഭാഗീയത രൂക്ഷമായതിനാൽ ജില്ലാകമ്മിറ്റിയുടെ കർശന നിയന്ത്രണങ്ങളോടെയും നിരീക്ഷണത്തിലുമാണ് സമ്മേളനം നടന്നത്. ജില്ലാ കമ്മറ്റിയിൽ നിന്നും സെക്രട്ടറി കെപി ഉദയഭാനു, സംസ്ഥാന കമ്മിറ്റിയംഗവും ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് ബോർഡ് ചെയർമാനുമായ കെ. അനന്തഗോപൻ എന്നിവരാണ് പങ്കെടുത്തത്.

ഇവരുടെ സാന്നിധ്യത്തിലായിരുന്നു സമ്മേളനവും തുടർന്ന് തെരഞ്ഞെടുപ്പും നടന്നത്. നേതാക്കൾക്കെതിരേയുൾപ്പെടെ കടുത്ത വിമർശനങ്ങൾ സമ്മേളനത്തിൽ നടന്നതിന്റെ തുടർച്ചയായാണ് മത്സരം ഉണ്ടായത്. കമ്മിറ്റിയിൽ പാനൽ അവതരിപ്പിച്ചുള്ള തെരഞ്ഞെടുപ്പ് അനുവദിക്കില്ലെന്ന് നിരീക്ഷകർ അറിയിച്ചിരുന്നു. ഇതേ തുടർന്ന് പുതിയതായി മൂന്ന് അംഗങ്ങളെക്കൂടി ചേർത്താണ് 15 അംഗ കമ്മിറ്റി പ്രഖ്യാപിച്ചത്. സെക്രട്ടറി സ്ഥാനത്തേക്ക് ദീപയെ നിർദേശിച്ചതോടെ നേരത്തെ ഒഴിവാക്കിയ സെക്രട്ടറി മനോജ് സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു. ഇതേ തുടർന്നാണ് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പുല്ലാട് എൽസിയുടെ കീഴിൽ പാർട്ടിക്ക് പൂർണ പരാജയം ആയിരുന്നു.

അന്ന് രു സീറ്റിലും വിജയിക്കാൻ കഴിയാതെ വന്നതിനാലാണ് ലോക്കൽ സെക്രട്ടറിയായിരുന്ന മനോജിനെ മാറ്റി നിർത്തിയത്. ജില്ലാ കമ്മിറ്റിയംഗം അജയ കുമാറിനായിരുന്നു പകരം ചുമതല നൽകിയിരുന്നത്. സമ്മേളനത്തിൽ കർശന നിലപാടുകൾ പ്രഖ്യാപിക്കുകയും പിന്നീട് മത്സരം നടത്താൻ അനുവദിക്കുകയും ചെയ്ത നിരീക്ഷകരുടെ നടപടിയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. നേരത്തെ നടപടി എടുത്ത് മാറ്റി നിർത്തിയയാളെ വീണ്ടും സെക്രട്ടറിയാക്കിയതിനു പിന്നിൽ ജില്ലാ നേതൃത്വത്തിലുള്ളവരുടെ ഒത്താശ ഉണ്ടെന്നും ഇവർ ആരോപിക്കുന്നു. ഇതെല്ലാം തുടർ സമ്മേളനങ്ങളിൽ ചർച്ച ആകും.