കണ്ണൂർ: പാർട്ടിയിലെ ചെന്താരകമായ പി.ജയരാജനെതിരെയുള്ള ശാസന കത്തിനിൽക്കവേ കണ്ണുരിൽ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗം തുടങ്ങി.' കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് നേടിയ മിന്നും വിജയത്തിന്റെ പ്രഭയിൽ തിളങ്ങി നിൽക്കുമ്പോഴും നിരന്തര വിവാദങ്ങളിൽ ഉൾപ്പെട്ടു ഉഴലുകയാണ് സിപിഎം ജില്ലാ നേതൃത്വം' മുൻ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെയുള്ള അച്ചടക്ക നടപടിയും ശാസനയും വിവാദമായി നില നിൽക്കെയാണ് കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് യോഗവും നടക്കുന്നത്.

സിപിഎം പി.ബി അംഗം കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തിലാണ് കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് യോഗം തിങ്കളാഴ്‌ച്ച രാവിലെ പത്തു മണിയോടെ തുടങ്ങിയത്. കണ്ണൂരിൽ പാർട്ടി കോൺഗ്രസ് നടക്കുന്ന പശ്ചാത്തലത്തിലാണ് യോഗം നടക്കുന്നതെന്ന രാഷ്ട്രീയ പ്രധാന്യം കൂടി യോഗത്തിനുണ്ട്. കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ഇ പി ജയരാജൻ, മന്ത്രി എം.വി ഗോവിന്ദൻ ,കെ.കെ ശൈലജ എം.എൽ.. എ, പി.കെ ശ്രീമതി, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി.ജയരാജൻ, എ.എൻ ഷംസീർ , ടി.വി രാജേഷ്, കെ.പി സഹദേവൻ, ജയിംസ് മാത്യു തുടങ്ങിയ നേതാക്കളടങ്ങിയ ഫുൾ കോറമാണ് യോഗത്തിൽ പങ്കെടുക്കുന്നത്.

ബ്രാഞ്ച് സ്മ്മേളനങ്ങളുടെ തിരുമാനിക്കുകയെന്നതാണ് മുഖ്യ അജൻഡ. പിണറായി സംസ്ഥാനത്ത് ഭരണ തുടർച്ച നേടിയ ആവേശകരമായ സാഹചര്യത്തിലും കണ്ണൂർ ജില്ലാ നേതൃത്വത്തിലുണ്ടായ ഉൾപാർട്ടി വിവാദങ്ങളും അഭിപ്രായ ഭിന്നതകളും പറഞ്ഞൊതുക്കുകയെന്ന ദുഷ്‌കരമായ ദൗത്യമാണ് സംസ്ഥാന നേതൃത്വത്തിനുള്ളത്.

അർജുൻ ആയങ്കി, ആകാശ് തില്ലങ്കേരിമാർ ഉൾപ്പെട്ട സൈബർ പോരാളികൾ സ്വർണ കടത്ത് കേസിൽ കുറ്റാരോപിതരായതും പി.ജയരാജനും കെ.പി സഹദേവനും ഇതിനെ ചൊല്ലി കഴിഞ്ഞ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ഏറ്റുമുട്ടിയതുമാണ് കണ്ണൂരിൽ തീയും പുകയുമുയർത്തിയത്.
സെക്രട്ടേറിയേറ്റ് യോഗത്തിന് ശേഷം നാളെ ജില്ലാ കമ്മിറ്റി യോഗവും ചേരും. ഏറെക്കാലത്തെ ഇടവേളയ്ക്കു ശേഷമാണ് പോളിറ്റ്ബ്യൂറോ അംഗവും പാർട്ടി മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണൻ കണ്ണുരിലെത്തുന്നത്.

ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഏറെ നാളായി പൊതുപരിപാടികളിൽ നിന്ന് ഏറെ വിട്ടുനിൽക്കുന്ന കോടിയേരി ബാലകൃഷ്ണന്റെ തിരിച്ചുവരവ് കൂടിയാണ് പാർട്ടി നേതൃ യോഗങ്ങൾ. പാർട്ടി ബ്രാഞ്ച് സമ്മേളനങ്ങൾ അടുത്ത മാസം രണ്ടാം വാരത്തോടൊയാണ് ആരംഭിക്കുക. ഇതിനു ശേഷം നടക്കുന്ന ലോക്കൽ - ഏരിയാ സമ്മേളനങ്ങൾക്കു ശേഷം ഡിസംബർ, ജനുവരി മാസങ്ങളിൽ ജില്ലാ സമ്മേളനങ്ങൾ നടക്കും.. എർണാകുളത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന് ശേഷം കണ്ണൂരിൽ പാർട്ടി കോൺഗ്രസ് നടക്കും. കോവിഡ് സാഹചര്യത്തിൽ പ്രോട്ടോക്കോളുകൾ പാലിച്ചാണ് പാർട്ടി സമ്മേളനങ്ങൾ നടക്കുക.