തിരുവനന്തപുരം: കണ്ണൂരിലേക്ക് സിപിഎം പാർട്ടി കോൺഗ്രസ് എത്തുമ്പോൾ താരം കേരളാ മുഖ്യമന്ത്രി പിണറായി വിജയനാകും എന്നത് ഉറപ്പാണ്. സ്വന്തം തട്ടകത്തിൽ നിന്നും ദേശീയ രാഷ്ട്രീയത്തിലേക്ക് പിണറായിയുടെ എൻട്രിയാകും സമ്മേളനത്തിലൂടെ ഉണ്ടാകുക എന്ന സൂചനകളാണ് പുറത്തുവരുന്നത്. ആരാകണം ദേശീയ ജനറൽ സെക്രട്ടറി എന്ന കാര്യത്തിൽ അടക്കം അവസാന വാക്ക് അധികാരവും സംഘടനാ ബലവുമുള്ള പിണറായിക്കാകും.

ഭരണത്തുടർച്ചയുടെ പൊലിമയിൽ കേരളഘടകവും പാർട്ടിക്ക് അധികാരമുള്ള ഏക സംസ്ഥാനമായി കേരളവും നിൽക്കുന്ന ഘട്ടത്തിലാണ് സിപിഎം. പാർട്ടി കോൺഗ്രസ് കണ്ണൂരിലെത്തുന്നത്. ഈ രണ്ടുഘടകങ്ങൾക്കും കാരണക്കാരനായ പിണറായി വിജയന് ദേശീയ തലത്തിൽ അംഗീകാരം ലഭിക്കുന്ന വേദിയാകും ഇതെന്നത് ഉറപ്പാണ്. ദേശീയ തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി തോൾ ചേർന്നാണ് പിണറായിയുടെ പ്രവർത്തനം. ഭരണകക്ഷിയെ പിണക്കാതെ കേരളത്തിന്റെ വികസന കാര്യങ്ങൾ നേടിയെടുക്കുക എന്നതാണ് പിണറായിയുടെ നയം. അതുകൊണ്ട് തന്നെ മോദിയുമായി നേരിട്ടു ഏറ്റുമുട്ടാൻ അദ്ദേഹം തയ്യാറായിരുന്നില്ല.

രണ്ടാമതും അധികാരത്തിൽ എത്തിയതോടെ ദേശീയ തലത്തിലെ സിപിഎം പ്രവർത്തനങ്ങളിൽ ഇടപെടാൻ കെൽപ്പുള്ള നേതാവായി പിണറായി മാറിക്കഴിഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തിൽ ദേശീയ തലത്തിൽ കൂടുതൽ ഇടപെടൽ നടത്താൻ പിണറായിയുടെ നീക്കങ്ങൾ ഉണ്ടായേക്കും. എന്നാൽ, ദേശീയ അംഗീകാരം തന്നെയാകും പിണറായി ഉന്നം വെക്കുന്നതും.

2012-ൽ സിപിഎം. പാർട്ടി കോൺഗ്രസ് കോഴിക്കോട്ട് നടക്കുമ്പോൾ, വി എസ്.-പിണറായി പോരിന്റെ മൂർധന്യഘട്ടമായിരുന്നു. വി എസ്. അച്യുതാനന്ദൻ പൊളിറ്റ് ബ്യൂറോയിൽനിന്ന് പുറത്താക്കപ്പെട്ട സമയവും. കേരളത്തിലെ പാർട്ടിയിൽ ഒരുവിഭാഗവും കേരളത്തിനുപുറത്തുള്ള പാർട്ടി അംഗങ്ങളിൽ ഭൂരിപക്ഷവും മനസ്സുകൊണ്ട് വി.എസിനൊപ്പമായിരുന്നു. വി.എസിനെ പി.ബി.യിലേക്കു തിരികെയെടുക്കണമെന്ന ആവശ്യമുയർത്തിയവരിൽ ബംഗാളിലെയും ആന്ധ്രയിലെയും പ്രതിനിധികളുണ്ടായിരുന്നു.

അന്ന് പൊതുസമ്മേളനത്തിൽ പങ്കെടുക്കാതെ വി എസ്. മടങ്ങിയെങ്കിലും നേതാക്കളുടെ പ്രസംഗത്തിൽ വി.എസിന്റെ പേരുവന്ന ഘട്ടത്തിലെല്ലാം പ്രതിനിധികൾ ആരവം മുഴക്കി. ആ പരിവേഷവും അംഗീകാരവും പിണറായിക്കു ലഭിച്ചതുമില്ല. ഒമ്പതുവർഷത്തിനുശേഷം പാർട്ടി കോൺഗ്രസ് വീണ്ടും കേരളത്തിലെത്തുമ്പോൾ, ഇവിടെയുള്ളത് പഴയ സിപിഎമ്മല്ല. വിഭാഗീയത ഇല്ലാതായി. പിണറായി പാർട്ടിയിലെ 'ക്യാപ്റ്റൻ' ആയി. കേരളത്തിൽ ആദ്യമായി ഇടതുപക്ഷത്തിന് ഭരണത്തുടർച്ചയുണ്ടാക്കിയ കമ്യൂണിസ്റ്റ് നേതാവായി അദ്ദേഹം മാറി.

ദേശീയരാഷ്ട്രീയത്തിൽ ബിജെപി.ഭരണത്തിനെതിരേ അധികാരംകൊണ്ടുതന്നെ കലഹിക്കാൻ കഴിയുന്ന കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായി. കേരളം രാഷ്ട്രീയമാതൃകയാണെന്ന് കേന്ദ്രകമ്മിറ്റി അംഗീകരിച്ചതിനു പിന്നാലെയാണ് കണ്ണൂരിൽ പാർട്ടി കോൺഗ്രസ് നടത്താനുള്ള തീരുമാനവുമുണ്ടായത്. അധികാരത്തിന്റെ ബലവും സംഘടനാസംവിധാനത്തിന്റെ കരുത്തും കണ്ണൂരിലെ പാർട്ടി കോൺഗ്രസ് വേദിയിൽ പിണറായി വിജയനെന്ന നേതാവിനെ പൊതിഞ്ഞുനിൽക്കും. സിപിഎമ്മിന്റെ ദേശീയമുഖമായി അദ്ദേഹം മാറുന്ന ഘട്ടംകൂടിയാകും അത്.

ഒക്ടോബറിലാകും പാർട്ടി കോൺഗ്രസ് നടക്കുക. നിലവിലെ രാഷ്ട്രീയ സാഹചര്യവും ബംഗാളിലേയും കേരളത്തിലേയും തെരഞ്ഞെടുപ്പ് ഫലങ്ങളും കേന്ദ്രകമ്മിറ്റി വിശദമായി പരിശോധിച്ചു. വരാനിരിക്കുന്ന ത്രിപുര തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും യോഗത്തിൽ ധാരണയായി. തലമുറമാറ്റമടക്കം കേരളത്തിൽ നടപ്പാക്കിയ പരിഷ്‌കാരങ്ങളും കേന്ദ്രകമ്മിറ്റി ശരിവച്ചു.

രണ്ടുടേം പൂർത്തിയാക്കിയ സീതാറം യെച്ചൂരിക്ക് പകരം പുതിയ ജനറൽ സെക്രട്ടറിയായി പിണറായി പക്ഷക്കാരനായ എം.എ ബേബിയെ കൊണ്ടുവരാനുള്ള നീക്കവും ശക്തമാണ്. ഇതോടെ പാർട്ടി അഖിലേന്ത്യാതലത്തിലും മുഖ്യമന്ത്രി പിണറായി വിജയൻ സിപിഎമ്മിലെ ഏകാധിപതിയായി മാറിയേക്കും. ബേബിയെക്കാൾ കേരള ഘടകം നേതാക്കൾക്ക് എസ്.രാമചന്ദ്രൻ പിള്ളയോടാണ് താൽപ്പര്യമെങ്കിലും പ്രായാധിക്യം കാരണം അദ്ദേഹത്തെ പരിഗണിക്കാൻ സാധ്യത കുറവാണ്. എം.എ ബേബിയെ ബംഗാൾ ഘടകം അംഗീകരിച്ചില്ലെങ്കിൽ ഒത്തുതീർപ്പ് സ്ഥാനാർത്ഥിയായി മുൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് വരാനും സാധ്യതയുണ്ട്.

പാർട്ടി പൊളിറ്റ് ബ്യുറോയിലെ ശക്തമായ വനിതാ സാന്നിധ്യമായ 'വൃന്ദാ കാരാട്ടിനെ ആദ്യത്തെ വനിതാ ജനറൽ സെക്രട്ടറിയായി കൊണ്ടുവരാനും താൽപര്യപ്പെടുന്നവരുണ്ട്. കോൺഗ്രസിന്റെ തലപ്പത്ത് സോണിയാ ഗാന്ധിയും പ്രിയങ്കയും നിലയുറപ്പിച്ചിരിക്കെ സി.പിഎമ്മിന്റ വനിതാ മുഖമായ വൃന്ദ പാർട്ടിയുടെ അമരത്തേക്ക് വരുന്നതിന് ബംഗാൾ ഘടകമാണ് ഏറെ താൽപര്യമെടുക്കുന്നത് 'ബംഗാളിൽ മമ്ത ബാനർജി ഉയർത്തുന്ന വെല്ലുവിളി നേരിടാൻ വൃന്ദയ്ക്ക് കഴിയുമെന്നാണ് ഇവർ പ്രതീക്ഷിക്കുന്നത്.

പാർട്ടി ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസ് സിപിഎം വേരുറപ്പിക്കാൻ ശ്രമിക്കുന്ന തമിഴ് നാട്ടിൽ നടത്തണമെന്ന് സംസ്ഥാന ഘടകം ആവശ്യമുയർത്തിയിരുന്നു. എന്നാൽ സിപിഎം രണ്ടാം തവണ തുടർച്ചയായി അധികാരത്തിലേറിയ കേരളത്തിൽ നടത്തുന്നതിനായിരുന്നു പി.ബിയിൽ മുൻതൂക്കം.