കണ്ണൂർ: സിപിഎം പാർട്ടി കോൺഗ്രസിന് ഇക്കുറി കേരളമോ തമിഴ് നാടോ വേദിയായേക്കും. ഇതു സംബന്ധിച്ചു പൊളിറ്റ് ബ്യൂറോയിൽ അനൗപചാരിക ചർച്ചകൾ നടത്തിയിട്ടുണ്ടെന്നാണ് സൂചന. പി.ബി അംഗങ്ങളായ മുഖ്യമന്ത്രി പിണറായി വിജയൻ ,മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നീ നേതാക്കൾ കേരളത്തിൽ പാർട്ടി കോൺഗ്രസ് നടത്തുകയാണെങ്കിൽ അതു കണ്ണൂരിൽ വേണമെന്ന പക്ഷക്കാരനാണ്. പാർട്ടി കോൺഗ്രസ് കേരളത്തിൽ നടത്തുന്നതിനെ പിബിയിലെ മറ്റു മലയാളി സാന്നിധ്യങ്ങളായ പ്രകാശ് കാരാട്ട്, എസ്.രാമചന്ദ്രൻ പിള്ള, എം.എ ബേബി എന്നിവർ.

രണ്ടുടേം പൂർത്തിയാക്കിയ സീതാറം യെച്ചൂരിക്ക് പകരം പുതിയ ജനറൽ സെക്രട്ടറിയായി പിണറായി പക്ഷക്കാരനായ എം.എ ബേബിയെ കൊണ്ടുവരാനുള്ള നീക്കവും ശക്തമാണ്. ഇതോടെ പാർട്ടി അഖിലേന്ത്യാതലത്തിലും മുഖ്യമന്ത്രി പിണറായി വിജയൻ സിപിഎമ്മിലെ ഏകാധിപതിയായി മാറിയേക്കും.ബേബിയെക്കാൾ കേരള ഘടകം നേതാക്കൾക്ക് എസ്.രാമചന്ദ്രൻ പിള്ളയോടാണ് താൽപ്പര്യമെങ്കിലും പ്രായാധിക്യം കാരണം അദ്ദേഹത്തെ പരിഗണിക്കാൻ സാധ്യത കുറവാണ്.എം.എ ബേബിയെ ബംഗാൾ ഘടകം അംഗീകരിച്ചില്ലെങ്കിൽ ഒത്തുതീർപ്പ് സ്ഥാനാർത്ഥിയായി മുൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് വരാനും സാധ്യതയുണ്ട്.

പാർട്ടി പൊളിറ്റ് ബ്യുറോയിലെ ശക്തമായ വനിതാ സാന്നിധ്യമായ 'വൃന്ദാ കാരാട്ടിനെ ആദ്യത്തെ വനിതാ ജനറൽ സെക്രട്ടറിയായി കൊണ്ടുവരാനും താൽപര്യപ്പെടുന്നവരുണ്ട്. കോൺഗ്രസിന്റെ തലപ്പത്ത് സോണിയാ ഗാന്ധിയും പ്രിയങ്കയും നിലയുറപ്പിച്ചിരിക്കെ സി.പിഎമ്മിന്റ വനിതാ മുഖമായ വൃന്ദ പാർട്ടിയുടെ അമരത്തേക്ക് വരുന്നതിന് ബംഗാൾ ഘടകമാണ് ഏറെ താൽപര്യമെടുക്കുന്നത് 'ബംഗാളിൽ മമ്ത ബാനർജി ഉയർത്തുന്ന വെല്ലുവിളി നേരിടാൻ വൃന്ദയ്ക്ക് കഴിയുമെന്നാണ് ഇവർ പ്രതീക്ഷിക്കുന്നത്.

പാർട്ടി ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസ് സിപിഎം വേരുറപ്പിക്കാൻ ശ്രമിക്കുന്ന തമിഴ് നാട്ടിൽ നടത്തണമെന്ന് സംസ്ഥാന ഘടകം ആവശ്യമുയർത്തിയിട്ടുണ്ട്. എന്നാൽ സിപിഎം രണ്ടാം തവണ തുടർച്ചയായി അധികാരത്തിലേറിയ കേരളത്തിൽ നടത്തുന്നതിനാണ് പി.ബിയിൽ മുൻതൂക്കം കേരളത്തിൽ നടത്തുകയാണെങ്കിൽ ദക്ഷിണേന്ത്യയിൽ പാർട്ടിക്ക് ഏറ്റവും കുടുതൽ അംഗങ്ങളും ഘടകങ്ങളുമുള്ള കണ്ണുരിൽ നടത്തണമെന്ന വാദത്തിനാണ് സ്വീകാര്യത കണ്ണുർ വിമാന താവളം വഴിയുള്ള യാത്രാ സൗകര്യവും പി.ബിയിൽ അംഗമായ ഏക മുഖ്യമന്ത്രിയും കണ്ണുരിന് അനുകൂലമായ ഘടകങ്ങളാണ്.

എന്നാൽ ഈ വിഷയത്തിൽ തങ്ങൾക്ക് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ലെന്നാണ് കണ്ണുരിലെ നേതാക്കൾ നൽകുന്ന സൂചന. പാർട്ടി കോൺഗ്രസ് കണ്ണുരിൽ നടത്താൻ അവസരം കിട്ടുകയാണെങ്കിൽ ഇരു കൈയും നീട്ടി സ്വീകരിക്കുമെന്നാണ് ഇവരുടെ നിലപാട്. ബർണശേരിയിലെ നായനാർ അക്കാദമിയിൽ പാർട്ടി കോൺഗ്രസ് നടത്താനുള്ള എല്ലാ സൗകര്യങ്ങളുമുണ്ടെന്നാണ് ഇവരുടെ വിലയിരുത്തൽ. വരുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിൽ കണ്ണുരുകാരായ അംഗങ്ങളായ ഇ.പി.ജയരാജൻ, പി.കെ ശ്രീമതി, മന്ത്രിഎം.വി ഗോവിന്ദൻ ,കെ.കെ ശൈലജ എന്നിവർ ഈ ആവശ്യത്തിന് പിൻതുണച്ചേക്കാം.

എന്നാൽ കോവിഡ് പശ്ചാത്തലത്തിൽ ആർഭാടം കുറച്ചുള്ള പാർട്ടി കോൺഗ്രസായിരിക്കും നടക്കാൻ സാധ്യത. സിപിഎം കേരള ഘടകം രേഖാമൂലം പാർട്ടി കോൺഗ്രസ് കണ്ണുരിൽ നടത്താൻ ആവശ്യപ്പെട്ടാൽ കേന്ദ്ര കമ്മിറ്റി പരിഗണിക്കാനാണ് സാധ്യത.മുതിർന്ന നേതാക്കളായ ഇ.പി ജയരാജൻ, പി.കെ ശ്രീമതി, കെ.കെ ശൈലജ, എ.വിജയരാഘവൻ, എം.വി ഗോവിന്ദൻ എന്നിവർ ഇക്കുറി പി.ബിയിൽ എത്താൻ സാധ്യതയുള്ള നേതാക്കളാണ്.