തിരുവനന്തപുരം: കണ്ണൂരിൽ നടക്കുന്ന സി പി എം പാർട്ടി കോൺഗ്രസി നോടനുബന്ധിച്ച് നടക്കുന്ന സെമിനാറുകളിൽ നിന്ന് കോൺഗ്രസ് നേതാക്കളെ കെ പി സി സി വിലക്കിയത് മഹാ അപരാധമായിട്ടാണ് മാർക്‌സിസ്റ്റ് പാർട്ടി വിലയിരുത്തുന്നത്. കെപിസിസി ഊരുവിലക്ക് ലംഘിച്ച് മുൻ കേന്ദ്ര മന്ത്രിയും കോൺഗ്രസ് നേതാവുമായ കെ വി തോമസ് പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ അവകാശപ്പെടുന്നുണ്ട്.

തോമസിന് പുറമെ ശശി തരൂർ എം പിയേയും സെമിനാറിലേക്ക് ക്ഷണിച്ചിരുന്നു. കോൺഗ്രസ് പ്രവർത്ത കരെ കൊല്ലുന്ന സി പി എമ്മുമായി യാതൊരു വിധ 'കോംപ്രമൈസും' വേണ്ട എന്ന കെ.പി സി സി പ്രസിഡന്റ് കെ. സുധാകരന്റെ കർശന നിലപാട് കാരണമാണ് ഇരു നേതാക്കൾക്കും സെമിനാറിൽ പങ്കെടുക്കുന്നതിന് വിലക്കേർപ്പെടുത്താൻ കാരണം. പാർട്ടി യുടെ വിലക്ക് ലംഘിച്ച സി പി എം നേതാക്കൾക്ക് മുൻ കാലങ്ങളിൽ സംഭവിച്ചത് എന്താണെന്ന് ഒന്ന് പരിശോധിച്ചാൽ പാർട്ടിയുടെ ഇപ്പോഴത്തെ അവകാശ വാദങ്ങളുടെ പൊള്ളത്തരങ്ങൾ മനസ്സിലാക്കാൻ കഴിയും.

മാർക്‌സിസ്റ്റ് പാർട്ടിയുടെ എക്കാലത്തേയും തലയെടുപ്പുള്ള നേതാക്കളിൽ ഒരാളായിരുന്നു കെ. ആർ ഗൗരിയമ്മ. അവരോട് താരതമ്യം ചെയ്യാൻ കഴിയുന്ന മറ്റൊരു വനിതാ നേതാവും ആധുനിക കേരളത്തിൽ ഉണ്ടായിട്ടുമില്ല. ഗൗരിയമ്മ പാർട്ടിയോട് ഇടഞ്ഞു നിൽക്കുന്ന തൊണ്ണൂറുകളുടെ തുടക്കത്തിൽ കെ. കരുണാകരനായിരുന്നു മുഖ്യമന്ത്രി. എല്ലാ ജില്ലകളിലും സർക്കാർ വികസന സമിതി രൂപീകരിക്കാൻ തീരുമാനിച്ചു. ഗൗരിയമ്മയെ ആലപ്പുഴ ജില്ല സമിതിയുടെ പ്രസിഡണ്ടാക്കാൻ സർക്കാർ തീരുമാനിച്ചു. എന്നാൽ ഈ പദവി സ്വീകരിക്കാൻ പാടില്ലെന്ന് സി പി എം ജില്ലാ സമിതി ഗൗരിയമ്മയോട് ആവശ്യപ്പെട്ടു. ജില്ലാ കമ്മറ്റിയുടെ തീരുമാനത്തോട് സി പി എം സംസ്ഥാന സമിതിയും യോജിച്ചു. ഗൗരിയമ്മ വെട്ടിലായി. പക്ഷേ, ഒടുക്കം ഗൗരിയമ്മ ജില്ലാ വികസന സമിതി അധ്യക്ഷ സ്ഥാനം സ്വീകരിച്ചു.

തനിക്ക് പാർട്ടി വിലക്കേർപ്പെടുത്തിയ സംഭവം ഗൗരിയമ്മ വിവരിക്കുന്നതിങ്ങനെയാണ് - ' ആലപ്പുഴ പട്ടണം അവഗണനയുടെ പര്യായമായിരുന്നു. പട്ടണത്തിന്റെ സർവതോമുഖമായ ഉന്നമനവും തൊഴിൽ പ്രശ്‌നങ്ങളുടെ പരിഹാരവും എല്ലാം കണക്കാക്കി എല്ലാ പാർട്ടിക്കാരും പൊതുജനങ്ങളും ചേർന്ന് ആലപ്പുഴ വികസന സമിതി എന്നൊരു വിശാലമായ കാഴ്ചപ്പാടോടു കൂടി സമിതി രൂപീകരിക്കാൻ തീരുമാനിച്ചു. എന്നെ അവരതിന്റെ പ്രസിഡണ്ടാക്കാൻ തീരുമാനിച്ചു.പാർട്ടി എന്നോട് വിശദീകരണം ആവശ്യപ്പെട്ട മറ്റൊരു കുറ്റം അതായിരുന്നു.' ( കെ.ആർ. ഗൗരിയമ്മയും കേരളവും - ഗീത - മാതൃഭൂമി ബുക്ക്‌സ് )

പാർട്ടി നിർദ്ദേശങ്ങൾ തുടരെത്തുടരെ ലംഘിച്ചതിന്റെ പേരിൽ 1994 ജനുവരി ഒന്നിന് ഗൗരിയമ്മയെ സി പി എം പാർട്ടിയിൽ നിന്ന് പുറത്താക്കി. ഗൗരിയമ്മയെ പുറത്താക്കി കൊണ്ടുള്ള സി പി എം സംസ്ഥാന സമിതി 1993 ഡിസംബർ 31 രാത്രി പുറത്തിറക്കിയ പത്രക്കുറിപ്പിലിങ്ങനെ രേഖപ്പെടുത്തിയിരുന്നു. 'സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗമായ കെ. ആർ. ഗൗരിയമ്മയെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന ജില്ലാ കമ്മിറ്റിയുടെ ഏക കണ്ഠമായ തീരുമാനത്തിന് സംസ്ഥാന കമ്മിറ്റി അംഗീകാരം നൽകി. പാർട്ടി അച്ചടക്കം തുടർച്ചയായി ലംഘിക്കുകയും പാർട്ടിയെ വെല്ലുവിളിക്കുകയും പാർട്ടി ശത്രുക്കളുമായി കൂട്ടുചേർന്ന് പാർട്ടിയെ തകർക്കാൻ ശ്രമിക്കുകയുമാണ് ചെയ്തത്. തെറ്റ് തിരുത്താൻ നൽകിയ അവസരം ഉപയോഗപ്പെ ടുത്താതെ കുടുതൽ തെറ്റിലേക്ക് നീങ്ങുകയാണ് അവർ ചെയ്തത്. ഈ പശ്ചാത്തത്തലത്തിലാണ് ഗൗരിയമ്മയെ പാർട്ടിയിൽ നിന്ന് പുറത്താക്കാനുള്ള തീരുമാനത്തിന് ടി.കെ. രാമകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന കമ്മിറ്റി ഏക കണുമായി അംഗീകാരം നല്കിയതെന്നാ'ണ് പത്രക്കുറിപ്പിൽ വിശദീകരിച്ചത്.

പാർട്ടി നിർദ്ദേശം ലംഘിച്ച് ആലപ്പുഴ ജില്ലാ വികസന സമിതി അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ഗൗരിയമ്മയെ പുറത്താക്കിയവരാണ് പാർട്ടി കോൺഗ്രസിന്റെ സെമിനാറിൽ പങ്കെടുക്കുന്നതിൽ നിന്ന് കെപിസിസി അവരുടെ നേതാക്കളെ വിലക്കിയ സംഭവം ജനാധിപത്യ വിരുദ്ധമായി ഇപ്പോൾ ചിത്രീകരിക്കുന്നത്. പാർട്ടിക്ക് ഇഷ്ടമില്ലാത്ത വ്യക്തിയുടെ വീട്ടിലെ ഉച്ചയൂണ് കഴിക്കുന്നതിൽ നിന്ന് മുൻ മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദനെ വിലക്കിയ സംഭവം സാംസ്‌കാരിക കേരളത്തിന് മറക്കാനാവാത്ത സംഭവമാണ്.

സി പി എമ്മിന്റെ കണ്ണൂർ ലോബിക്ക് അനഭിമതനായ എഴുത്തു കാരനും പത്രപ്രവർത്ത കനുമായ ബർലിൻ കുഞ്ഞനന്തൻ നായരുടെ വീട്ടിൽ 2006 ലെ തിരഞ്ഞെടുപ്പു കാലത്ത് വി എസ് അച്ചുതാനന്ദനെ തന്റെ വീട്ടിലേക്ക് ഉച്ചയൂണിന് ബർലിൻ ക്ഷണിച്ചു. വി എസ്. ആ ക്ഷണം സന്തോഷ പൂർവ്വം സ്വീകരിച്ചു. എന്നാൽ ഉച്ചയൂണിന്റെ 'തലേ ദിവസം വി എസ്, ഫോണിൽ ബർലിനെ വിളിച്ച് ഇങ്ങനെ പറഞ്ഞു - ' കുഞ്ഞനന്തൻ നായരെ, ഞാൻ അവിടെ വന്ന് ഭക്ഷണം കഴിക്കുന്നതിൽ അവിടുത്തെ സഖാക്കൾക്ക് പ്രശ്‌നമുണ്ടെന്ന് പറയുന്നു. കുറച്ചു നേരത്തെ വിജയൻ (പിണറായി) വിളിച്ചിരുന്നു. അവിടെ പോയി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുന്നതല്ലേ നല്ലത് എന്നാണ് വിജയൻ പറഞ്ഞത്. ജില്ലാ കമ്മിറ്റി സഖാക്കൾ അങ്ങനെ ആവശ്യപ്പെട്ടു പോലും '

സഖാവിന് പാർട്ടിയിൽ ബുദ്ധിമുട്ടുണ്ടാകുമെങ്കിൽ വേണ്ട. ... നമുക്ക് ഗസ്റ്റ് ഹൗസിൽ വെച്ച് കാണാൻ പറ്റുമോ എന്ന് നോക്കാം, ഞാൻ പറഞ്ഞു. ഞാൻ ഫോൺ താഴെ വെച്ചപ്പോൾ ഭക്ഷണത്തിന് പച്ചക്കറികളും മറ്റും കൊണ്ടുവന്ന ഓട്ടോ റിക്ഷ വീടിന്റെ മുറ്റത്ത് എത്തിയ ശബ്ദം ഞാൻ കേട്ടു. സത്യത്തിൽ മന: പ്രയാസം കൊണ്ട് എനിക്ക് കരച്ചിൽ വന്നു പോയി. ഞാൻ അപമാനിതനായതുപോലെ, എന്തൊരു ദുർഗതിയാണിത്' ( ഒളിക്യാമറകൾ പറയാത്തത് - ബർലിൻ കുഞ്ഞനന്തൻ നായർ, പേജ് 50 / 51)

പിണറായി വിജയനെ വിമർശിച്ചു എന്നൊരു തെറ്റല്ലാതെ മറ്റൊന്നും ബർലിൻ കുഞ്ഞനന്തൻ നായർ ചെയ്തിട്ടില്ല. ഇതിന്റെ പക നിമിത്തമാണ് വി എസിനെ ഉച്ചയൂണ് കഴിക്കുന്നതിൽ നിന്ന് പിണറായി വിലക്കിയത്. പാർട്ടി അച്ചടക്കം ഭയന്ന് വി എസ് ഉച്ചയൂണിൽ നിന്ന് പിന്മാറി. ഇങ്ങനെ പാർട്ടിക്ക് അനഭിമതരായവരോട് അങ്ങേയറ്റം നികൃഷ്ടമായി പെരുമാറുന്ന പാർട്ടിയാണ് സെമിനാറിൽ പങ്കെടുക്കുന്നതിൽ നിന്ന് കോൺഗ്രസ് നേതാക്കളെ വിലക്കിയ കെ പി സി സി പ്രസിഡന്റിനെ വിമർശിക്കുന്നത്.

ഇതിലും ഭീകരമായ മറ്റൊരു സംഭവം എം വി രാഘവൻ തന്റെ ആത്മകഥയിൽ വിവരിച്ചിട്ടുണ്ട്. ' സസ്‌പെൻഷൻ കാലയളവിൽ ഒരു സംഭവമുണ്ടായി. പയ്യന്നൂർ എ കെ ജി മന്ദിരത്തിൽ ഞാൻ ചെന്നു. ആ സമയത്ത് ദേശാഭിമാനി ലേഖകൻ പി. ബാലൻ മാസ്റ്റർ പയ്യന്നൂർ ആശുപത്രിയുടെ ശോചനീയാവസ്ഥ എന്റെ ശ്രദ്ധയിൽ പെടുത്തി. അത് കേട്ടപ്പോൾ സ്ഥലം എം എൽ എ ആയതിനാൽ ആശുപത്രിയിൽ പോകണമെന്ന് തോന്നി. ആർ എം ഒ . എസ് ഡി പ്രഭുവുമായി ആശുപത്രി പ്രശ്‌നം സമയമെടുത്ത് ചർച്ച ചെയ്തു. മടങ്ങുമ്പോൾ സമയം ഏറെയായി. തൊട്ടടുത്ത താമസക്കാരനായ ബാലൻ മാസ്റ്റർ എന്നെ വീട്ടിൽ ഭക്ഷണം കഴിക്കാൻ ക്ഷണിച്ചു. കല്ലമ്പള്ളി നമ്പൂതിരിയുടെ വീട്ടിൽ പങ്കെടുക്കേണ്ടതായിട്ടുണ്ട്. എങ്കിലും ബാലൻ മാസ്റ്ററുടെ ക്ഷണം നിരസിച്ചില്ല. ബാലൻ മാസ്റ്ററുടെ ഭാര്യ സ്‌കൂളിലായിരുന്നു. രാവിലെ തയ്യാറാക്കി വെച്ച ഭക്ഷണം ഞങ്ങൾ പങ്കിട്ടു. എനിക്ക് ബാലൻ മാസ്റ്റർ ഭക്ഷണം തന്നത് പാട്ടായി. പാർട്ടി നടപടിക്ക് വിധേയനായ ആൾക്ക് വീട്ടിൽ ഭക്ഷണം നൽകിയതിന് ബാലൻ മാസ്റ്ററോട് പാർട്ടി വിശദീകരണം ചോദിച്ചു '

(ഒരു ജന്മം: എം വി ആറിന്റെ ആത്മകഥ , പേജ് 298) വിശക്കുന്നവന് ഒരു പിടി ചോറ് കൊടുത്തവ നെതിരെ പോലും അച്ചടക്ക നടപടി സ്വീകരിക്കുന്ന പാർട്ടിയാണ് ഉന്നതമായ ജനാധിപത്യ മൂല്യങ്ങളെക്കുറിച്ച് വാ തോരാതെ പറയുന്നത്.