കണ്ണൂർ: കണ്ണൂരിൽ നടക്കുന്ന സിപിഎം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി ബർണശേരി നായനാർ അക്കാദമിയിൽ നിർമ്മിക്കുന്ന സമ്മേളനഹാളിന് കന്റോൺമെന്റ് ബോർഡിന്റെ വിലക്കില്ലെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ.പി ജയരാജൻ. ചട്ടങ്ങൾ പാലിച്ചുകൊണ്ടാണ് നിർമ്മാണം നടക്കുന്നതെന്നും ജയരാജൻ കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സുരക്ഷാ കാറ്റഗറിയിലുള്ള നേതാക്കൾ പങ്കെടുക്കുന്ന സമ്മേളനത്തിന് ചട്ടങ്ങൾ അനുസരിച്ച് പന്തൽ നിർമ്മിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിർദ്ദേശം നൽകിയിരുന്നുവെന്നും ഇതുപാലിച്ചു കൊണ്ടാണ് നിർമ്മാണം നടത്തിവരുന്നതെന്നും ജയരാജൻ പറഞ്ഞു.

തീരദേശപരിപാലന അഥോറിറ്റിയുടെ മുൻകൂർ അനുമതിയും കെട്ടിടനിർമ്മാണ പെർമിറ്റുംവാങ്ങാതെ സിപിഎം പാർട്ടി കോൺഗ്രസിനു വേണ്ടി സൈനിക ഏരിയയിൽ സ്ഥിതി ചെയ്യുന്ന ഇ.കെ നായനാർ അക്കാദമിയുടെ മുൻവശത്ത് നടത്തുന്ന ഓഡിറ്റോറിയത്തിന്റെ നിർമ്മാണം തടഞ്ഞുകൊണ്ടാണ് കന്റോൺമെന്റ് ബോർഡ് കഴിഞ്ഞ ദിവസം ഉത്തരവിട്ടത്. പാർട്ടി കോൺഗ്രസിന്റെ ഭാഗമായി പ്രതിനിധി സമ്മേളനം നടത്തുന്നതിന് താൽക്കാലിക പന്തൽനിർമ്മിക്കുന്നതിന് വാങ്ങിയ അനുമതി ഉപയോഗിച്ചു കെട്ടിടം നിർമ്മിക്കുന്നതായാണ് ആരോപണം. ഇതേ തുടർന്ന് നിർമ്മാണം തടഞ്ഞ് കന്റോൺമെന്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറാണ് കഴിഞ്ഞ ദിവസം ഉത്തരവിട്ടത്.

നായനാർ അക്കാദമിസ്ഥിതി ചെയ്യുന്ന സ്ഥലം തീരദേശസംരക്ഷണ നിയമപ്രകാരം സി.ആർ സെഡ് രണ്ടിലാണ് ഉൾപ്പെടുന്നത്്. കേരള കോസ്റ്റൽ സോൺ മാനേജ്‌മെന്റ് അഥോറിറ്റിയുടെ മുൻകൂർ അനുമതിയില്ലാതെ ഇവിടെ കെട്ടിട നിർമ്മാണം അനുവദിക്കാൻ കന്റോൺമെന്റ് ബോർഡിന് കഴിയില്ല. ആയിരം പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയത്തിന് അനുമതി നൽകാൻ മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിരാക്ഷേപ പത്രവും വേണം. രണ്ടിൽ കൂടുതൽ നിലകളുണ്ടെങ്കിൽ അഗ്‌നിരക്ഷാ സേനയുടെ അനുമതിയും വേണ്ടിവരും. ഏപ്രിൽ ആറിന് തുടങ്ങുന്ന പാർട്ടി കോൺഗ്രസിന് മുൻപായി ഇതൊക്കെ നേടിയെടുക്കുക അത്ര എളുപ്പമല്ലെന്ന് വിദഗ്ദ്ധർ പറയുന്നു.

വേലിയേറ്റ രേഖയിൽ നിന്നും 500മീറ്റർ പരിധിക്കുള്ളിലായതിനാൽ കണ്ണൂർ കന്റോൺമെന്റിലെ ഭൂരിഭാഗം പ്രദേശവും സി. ആർ സെഡ് രണ്ടിലാണ് ഉൾപ്പെടുന്നത്. സെയന്റ് ആഞ്ചലോ കോട്ടമുതൽ പയ്യാമ്പലംവരെയുള്ള കടൽത്തീരം പാറക്കെട്ടുകൾ(ക്ലിഫ്)ആയതിനാൽ പാറയിൽ നിന്നും 50മീറ്റർ വരെ ഒരു നിർമ്മാണവും പാടില്ലാത്ത സി.ആർ സെഡ്‌മേഖലയാണ്. ഇതുസംബന്ധിച്ചു നേരത്തെ നിരവധി പ്രശ്‌നങ്ങളും കേസുകളുമുണ്ട്. തിരുവോപ്പതി മിൽ വിലയ്ക്കു വാങ്ങിയ സി.പി. എം സൈനിക പരിധിയിൽപ്പെടുന്ന സ്ഥലത്ത് കൂറ്റൻ കെട്ടിടസമുച്ചയം പണിയുന്നതിന് പ്രതിരോധ മന്ത്രാലയത്തിന്റെ പ്രത്യേകഅനുമതി വാങ്ങിയിരുന്നു.അന്നത്തെ പ്രതിരോധമന്ത്രി എ.കെ ആന്റണിയാണ് നായനാർ അക്കാദമിയുടെ നിർമ്മാണത്തിന് അനുമതി നൽകിയത്.

കണ്ണൂരിലെ ഏറ്റവുംതന്ത്രപ്രധാനമായ സൈനികമേഖലയായിട്ടാണ് ബർണശേരി അറിയപ്പെടുന്നത്. ഇവിടെ നിന്നും വിളിപ്പാടകലെയാണ് ടി. എ ബറ്റാലിയൻ ക്യാംപ്. പയ്യാമ്പലം ഉൾപ്പെടെയുള്ള പ്രദേശത്ത് ഗൃഹനിർമ്മാണം ഉൾപ്പെടെയുള്ള നിർമ്മിതികൾക്ക് കർശനവിലക്കുംസൂക്ഷ്മമായ അനുമതിയും ആവശ്യമുണ്ട്. സിവിലയന്മാർ നടക്കുന്ന പൊതുവഴികളും കണ്ണൂർസെന്റ് മൈക്കിൾസ് സ്‌കൂൾ ഗ്രൗണ്ടും സൈനികർ കഴിഞ്ഞ വർഷമാണ് വേലികെട്ടിയടച്ചത്. ഇതിനെതുടർന്നുള്ള വിവാദങ്ങൾ നിലനിൽക്കവേയാണ് പാർട്ടി കോൺഗ്രസിനും സൈനിക ബോർഡിന്റെ ഉടക്ക് വീണത്.

ഇന്ത്യയിലെ തന്നെസിപിഎമ്മിന്റെ ഈറ്റില്ലമായ കണ്ണൂർ പാർട്ടി കോൺഗ്രസിന്റെ ഒരുക്കത്തിനിടെയാണ് പാർട്ടി പ്രവർത്തകരുടെയും നേതാക്കളുടെയും ആവേശത്തിന് മങ്ങലേൽപ്പിക്കുന്ന തരത്തിൽ പുതിയ വിവാദമുണ്ടായിരിക്കുന്നത്. എണ്ണയിട്ട യന്ത്രം പോലെയാണ് പാർട്ടി കോൺഗ്രസിന്റെ വിജയത്തിനായി കണ്ണൂരിലെ പാർട്ടി മെഷിനറി ഇപ്പോൾ പ്രവർത്തിക്കുന്നത്. പാർട്ടി കോൺഗ്രസ് വൻ വിജയമാക്കുന്നതിനുള്ള ആവേശത്തിലാണ് നേതാക്കളും പ്രവർത്തകരും 'പാർട്ടി അതിന്റെ പരമോന്നത സമ്മേളനത്തിനായി തെരഞ്ഞെടുത്ത കണ്ണുർ നഗരം ഇതിനകം ചുവന്നു കഴിഞ്ഞിട്ടുണ്ട്.

ചുമരുകളിൽ കമ്യുണിസ്റ്റ് പാർട്ടി പിന്നിട്ട സമരങ്ങളുടെ കനൽപ്പാതകളും പൂർവസൂരികളായ നേതാക്കളുടെ ചിത്രങ്ങളും അണിനിരന്നു കഴിഞ്ഞു.നഗര ഗ്രാമ ഭേദമന്യേ നാടിന്റെ മുക്കിലും മൂലയിലും വ്യത്യസ്തമായ സ്വാഗതസംഘം കമാനങ്ങളും ഉയർന്നിട്ടുണ്ട്. പാതയോരങ്ങൾ മുഴുവൻ തോരണങ്ങളാൽ അലങ്കരിച്ചിട്ടുണ്ട്. പാർട്ടി നേതാക്കളും സഹയാത്രികരുമായ സാംസ്‌കാരിക-സാമൂഹ്യ പ്രവർത്തകർ പങ്കെടുത്തു വരുന്ന രാഷ്ട്രീയ സാംസ്‌കാരിക സെമിനാറുകൾ നടന്നുവരികയാണ്. ഫുട്ബോൾ, വോളിബോൾ, കബഡി ടൂർണമെന്റുകൾ മാരത്തോൺ ഓട്ടമത്സരം എന്നിവയും നടന്നു വരികയാണ്. 65000 പാർട്ടി കാഡറുകളാണ് രാപ്പകൽ സമ്മേളനത്തിന്റെ വിജയത്തിനായി പ്രവർത്തിച്ചു വരുന്നത്. സോഷ്യൽ മീഡിയയിൽ അതത് സമയത്തു തന്നെ സമ്മേളത വാർത്തകളും വിശേഷങ്ങളും പങ്കുവയ്ക്കാൻ പ്രത്യേക ടീം തന്നെ പ്രവർത്തിക്കുന്നുണ്ട്. ഉന്നത നേതാക്കൾ പങ്കെടുക്കുന്ന വെബ്ബിനാറുകളും സജീവമാണ്.

സിപിഎം 23-ാം പാർട്ടി കോൺഗ്രസ് പ്രതിനിധി സമ്മേളനത്തിന് കേരളം ഇന്നേ വരെ ദർശിക്കാത്ത കൂറ്റൻ ആധുനിക സമ്മേളന നഗരിയാണ് ബർണശേരി നായനാർ അക്കാദമിയിൽ ഒരുങ്ങിവരുന്നത്. ടെൻസൈൽ സാങ്കേതികവിദ്യയിലാണ് വിശാലമായ പന്തൽനിർമ്മിക്കുന്നത്. സ്റ്റേജിലെ നാല് ട്രസ് കഴിഞ്ഞ ദിവസം സ്ഥാപിച്ചിട്ടുണ്ട്. അക്കാദമി സ്ഥിതിചെയ്യുന്നത് കടലിനോടടുത്ത പ്രദേശത്തായതിനാൽ കടൽക്കാറ്റേറ്റ് ദ്രവിക്കാതിരിക്കാൻ അനൊഡൈസ്ഡ് അലൂമിനിയം ഫാബ്രിക്കേഷനാണ് ഉപയോഗിക്കുന്നത്. ടെൻസൈൽ ഫാബ്രിക്കുകൊണ്ടാണ് മേൽക്കൂര. ഭിത്തിയുടെ ഭൂരിഭാഗവും ടെൻസൈൽ ഫാബ്രിക്കാണ്. 44,000 ചതുരശ്ര മീറ്റർ ടെൻസൈൽ ഫാബ്രിക്ക് എത്തിയിട്ടുണ്ട്.

80 മീറ്റർ നീളവും 40 മീറ്റർ വീതിയുമുള്ള ഹാളിൽ 18 ട്രസ് സ്പാനുകളാണുള്ളത്. 34,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഹാൾ പാർട്ടി കോൺഗ്രസിനുശേഷവും ഉപയോഗിക്കാവുന്ന തരത്തിലാണ് നിർമ്മിക്കുന്നത്. മധ്യഭാഗത്ത് പത്ത് മീറ്ററും ഇരുവശങ്ങളും നാല് മീറ്ററുമാണ് ഹാളിന്റെ ഉയരം. ആയിരം പേർക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. തൂണുകളില്ലാത്തതിനാൽ എവിടെയും കാഴ്ചയ്ക്ക് തടസ്സമുണ്ടാകില്ലെന്ന് സ്വാഗത സംഘം ഭാരവാഹിയായ ജയിംസ് മാത്യു പറഞ്ഞു.
മുൻ മുഖ്യമന്ത്രിയും പാർട്ടിയുടെ ജനകീയ നേതാവുമായ ഇ.കെ നായനാരുടെ പേരിൽ ബർണശേരിയിലെ നായനാർ അക്കാദമിയിൽ ഒരുങ്ങുന്ന ഡിജിറ്റൽ മ്യുസിയം അന്തിമഘട്ടത്തിലാണ്.

കമ്യുണിസ്റ്റ് പാർട്ടിയുടെ ചരിത്രം പറയുന്ന ആദ്യത്തെ ഡിജിറ്റൽ മ്യുസിയമാണ് കണ്ണുരിൽ ഒരുങ്ങുന്നത്. 18000 ചതുരശ്ര അടിയിലാണ് മ്യുസിയം സിഡ്നിയിലെ ആസ്ട്രേലിയൻ മ്യുസിയം ന്യു യോർക്കിലെ മെട്രോപൊളിറ്റൻ മ്യുസിയം എന്നിവയുടെ മാതൃകയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.ഇന്റർനാഷനൽ കൗൺസിൽ ഓഫ് മ്യുസിയം സ് ബോർഡ് അംഗവും ചെന്നൈ സ്വദേശിയുമായ വിനോദ് ഡാനിയലാണ് മ്യുസിയം രൂപകൽപ്പന ചെയ്തത്.ചലച്ചിത്ര പ്രവർത്തകനായ ശങ്കർ രാമകൃഷ്ണനാണ് മ്യുസിയത്തിന്റെ ക്രിയേറ്റിവ് ഹെഡ്.

1939 ൽ നടന്ന പാറപ്രം പാർട്ടി രൂപീകരണ സമ്മേളന ദൃശ്യങ്ങളുടെ പുനരാവിഷ്‌ക്കാരം, കയ്യൂർ, കരിവെള്ളൂർ മൊറാഴ എന്നിവയുടെ ഡിജിറ്റൽ ദൃശ്യാവിഷ്‌കാരം മറ്റു കർഷക-സ്വാതന്ത്ര്യ സമര ,സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങൾ എന്നിവയും ഉൾകൊള്ളിച്ചിട്ടുണ്ട് സാങ്കേതിക വിദഗ്ദ്ധരും കലാസംവിധായകരുമായ വിനോദ് മേനോൻ 'സന്തോഷ് രാമൻ പ്രേമചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ നൂറോളം കലാകാരന്മാരാണ് ഇതിനു പിന്നിൽ 'കൊച്ചിയിലും ബംഗ്ളൂരിലും വച്ചാണ് ഇതിന്റെ അവസാനഘട്ട മിനുക്ക് മണികൾ നടന്നുവരുന്നത്.

സിപിഎം പാർട്ടി കോൺഗ്രസിന് അനുബന്ധമായി പരമ്പരാഗതമായ രീതിയിലുള്ള ചുമരെഴുത്ത് നടത്തിയതിനൊടൊപ്പം വ്യത്യസ്തവും വൈവിധ്യവുമായ സംഘാടക സമിതി ഓഫിസുകൾ ലോക്കൽ, ഏരിയാ കമ്മിറ്റികൾ ഒരുക്കിയത് കണ്ണുരിന് ഉത്സവ പ്രതീതി സൃഷ്ടിച്ചിരിക്കുകയാണ് കണ്ണുർ സ്റ്റേഡിയം കോർണറിലൊരുക്കിയ മഹാകവി കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകിയെന്ന കാവ്യത്തിന്റെ ഇൻസ്റ്റാലേഷൻ ഇതിൽ ഏറെ ശ്രദ്ധേയമാണ് പിണറായി -പാറപ്രം രുപീകരണ സമ്മേളനത്തിന്റെ ശിൽപ്പങ്ങൾ ഉൾപ്പെടെയുള്ള ചിത്ര-ശിൽപ പ്രദർശനവും അന്താരാഷ്ട്ര പുസ്തകോത്സവവുംകണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ സജ്ജമാക്കിയ നഗറിൽ തുടങ്ങി.