കണ്ണൂർ: തനിക്കെതിരെ ചെന്നിത്തലയും കൂട്ടരും ഉയർത്തുന്ന ആരോപണങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സ്വന്തം തട്ടകമായ ധർമ്മത്ത് നിന്നും മറുപടി പറയും. മാർച്ച് എട്ടിന് വൈകുന്നേരം മൂന്ന് മണിക്ക് തിരുവനന്തപുരത്തു നിന്നും കണ്ണൂർ വിമാന താവളത്തിലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന് അതി ഗംഭിരമായ സ്വീകരണമാണ് സിപിഎം ഒരുക്കിയിട്ടുള്ളത്. വിമാന താവളത്തിൽ വന്നിറങ്ങുന്ന മുഖ്യമന്ത്രിയെ നിരവധി സംഘടനകളും വ്യക്തികളും പുഷ്പഹാരമണിയിക്കും. പുഷ്പകിരീടവും ചൂടിക്കും. മുമ്പ് ലാവലിൻ കാലത്ത് സിബിഐ നീക്കങ്ങളുടെ വേളയിലായിരുന്നു ഇത്തരം സ്വീകരണങ്ങൾ പിണറായിക്ക് ഒരുക്കി നൽകിയത്. ആ കാലം ആവർത്തിക്കുയാകും വീണ്ടും.

പിണറായി വിജയനെന്ന നേതാവിനെ ഇല്ലാതാകാൻ കേരളത്തിലെ പ്രതിപക്ഷവും വലതു പക്ഷ മാധ്യമങ്ങളും കേന്ദ്ര ഏജൻസികളും ഒരേ മനസോടെ പ്രവർത്തിക്കുന്ന ഘട്ടത്തിൽ ആസുര്യ ശോഭയ പാഴ്മുറം കൊണ്ട് മറയ്കാനാവില്ലെന്ന് പ്രഖ്യാപിക്കുന്ന ഐക്യദാർഡ്യം കൂടിയാണ് ജന്മനാടിന്റെ വരവേൽപ്പെന്ന് എൽ.ഡി.എഫ് ധർമ്മടം നിയോജക മണ്ഡലം ഭാരവാഹികൾ അറിയിച്ചു.

തുടർന്ന് തുറന്ന വാഹനത്തിൽ കണ്ണുരിന്റെ വിപ്‌ളവനായകനെ തുറന്ന വാഹനത്തിൽ നുറുകണക്കിന് വാഹനങ്ങളുടെയും ബാൻഡ് സംഘത്തിന്റെയും ബൈക്ക് റാലിയുടെയും അകമ്പടിയോടെ ജന്മനാടായ പിണറായിയിലേക്ക് ആനയിക്കും. വഴി നീളെ ഒരുക്കുന്ന സ്വീകരണ സമ്മേളനങ്ങളിൽ സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിനാളുകൾ പങ്കെടുക്കും. പടയൊരുക്കമെന്നു നാമകരണം ചെയ്ത പരിപാടിയിൽ എൽ.ഡി.എഫ് സംസ്ഥാന നേതാക്കളും പങ്കെടുക്കും.

എൽ.ഡി.എഫിന്റെ താരാ പ്രചാരകനായ പിണറായിക്ക് നൽകുന്ന സ്വീകരണത്തോടെ സംസ്ഥാനത്തെ എൽ.ഡി.എഫ് പ്രചാരണ പ്രവർത്തനങ്ങൾ തുടങ്ങും. 16 വരെ മണ്ഡലത്തിലെ വിവിധ മേഖലകളിൽ മുഖ്യമന്ത്രി പ്രചാരണം നടത്തും. 164 ബുത്തിലെ 46 കേന്ദ്രങ്ങളിലാണ് മുഖ്യമന്ത്രി വോട്ടർമാരെ കാണുന്നത്. ആദ്യ ലാപ്പ് പൂർത്തിയാക്കിയതിനു ശേഷം മുഖ്യമന്ത്രി 16 ന് ശേഷം മറ്റു മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോകും. ചരിത്രത്തിലാദ്യമായി വി എസ്.അച്യുതാനന്ദൻ പ്രചാരണ രംഗത്തിറങ്ങാത്ത തെരഞ്ഞെടുപ്പിൽ എൽ.ഡി.എ ഫിന്റെ താരാ പ്രചാരകൻ മുഖ്യമന്ത്രി പിണറായി വിജയനാണ്.

രാഷ്ട്രീയ എതിരാളികൾ ഉയർത്തി കൊണ്ടുവരുന്ന ഡോളർ കള്ളക്കടത്ത് അടക്കമുള്ള ആരോ പണങ്ങൾക്ക് മുഖ്യമന്ത്രി കണ്ണുരിൽ നിന്നും മറുപടി പറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാർച്ച് എട്ടിന് വൈകുന്നേരം അഞ്ച് മണിക്ക് പിണറായി കൺവെൻഷൻ സെന്ററിൽ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് രൂപീകരണ യോഗം നടക്കുമെന്ന് ധർമ്മടം മണ്ഡലം മുഖ്യമന്ത്രിയുടെ പ്രതിനിധി പി. ബാലൻ, കെ.കെ നാരായണൻ, കെ.കെ ശശി, എം.കെ മുരളി എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.