മൂന്നാർ: മുന്നാറിലെ മുടിചൂടാ മന്നനാണ് മുൻ എംഎൽഎ കൂടിയായ എസ് രാജേന്ദ്രൻ. കയ്യേറ്റക്കാരുമായും ഭൂമാഫിയയുമായും ബന്ധമുള്ള സിപിഎം നേതാവ്. എതിരാളികൾ ഇല്ലാതെ നിന്ന എസ് രാജേന്ദ്രന് മുന്നിൽ ഇന്ന് പ്രതിയോഗികളുടെ വൻ നിര തന്നെ പാർട്ടിക്കുള്ളിൽ ഉണ്ട്്. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ മാനദണ്ഡം ഏർപ്പെടുത്തിയപ്പോഴാണ് രാജേന്ദ്രനും പണി കിട്ടിയത്. എ രാജയെ സ്ഥാനാർത്ഥിയാക്കിയപ്പോൾ പ്രതിഷേധവുമായി രംഗത്തെത്തി എസ് രാജേന്ദ്രന് ഇപ്പോൽ വിനയായിരിക്കുന്നത്. അന്ന് ചെയ്ത പണികളാണ്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ദേവികുളം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി എ. രാജയെ തോൽപിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ മുൻ എംഎൽഎ എസ്. രാജേന്ദ്രനെതിരെയുള്ള പാർട്ടി കമ്മിഷൻ അന്വേഷണ റിപ്പോർട്ട് ജില്ലാ സെക്രട്ടേറിയറ്റിനു കൈമാറി. ഇതോടെ രാജേന്ദ്രനെതിരെ നടപടി വരുമെന്ന പൊതുവികാരമാണ് നിലനിൽക്കുന്നത്.

ബ്രാഞ്ച് തലം മുതൽ പ്രവർത്തകർ എസ് രാജേന്ദ്രനെതിരെ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പാർട്ടിയുടെ അന്വേഷണം. അടിമാലി, മറയൂർ, മൂന്നാർ, ഏരിയാ കമ്മിറ്റി അംഗങ്ങളും രാജേന്ദ്രനെതിരെ പരാതി ഉന്നയിച്ചു. എ. രാജയ്ക്ക് എതിരെ രഹസ്യമായി വ്യാജ പ്രചാരണം നടത്തിയെന്നും സാമുദായിക വേർതിരിവ് സൃഷ്ടിച്ച് പാർട്ടി വോട്ടുകൾ ഇല്ലാതാക്കാൻ ശ്രമിച്ചെന്നും കമ്മിഷൻ കണ്ടെത്തി. മൂന്നാർ, മറയൂർ ഏരിയ കമ്മിറ്റി അംഗങ്ങളിൽ നിന്നാണ് വിവരങ്ങൾ ശേഖരിച്ചത്. ഭൂരിപക്ഷം അംഗങ്ങളും രാജേന്ദ്രനെതിരെ തെളിവുകൾ നിരത്തി മൊഴി നൽകിയെന്നാണ് വിവരം. അടുത്ത ജില്ലാ സെക്രട്ടേറിയറ്റ് റിപ്പോർട്ട് ചർച്ചയ്ക്ക് എടുക്കുകയും രാജേന്ദ്രനെതിരെ ശക്തമായ നടപടിക്കു ശുപാർശ ചെയ്യുമെന്നുമാണ് സൂചന.

നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാതിരുന്നതോടെ ഇടതു സ്ഥാനാർത്ഥിയെ തോൽപിക്കാൻ എസ്.രാജേന്ദ്രൻ രഹസ്യ നീക്കങ്ങൾ നടത്തിയെന്ന ആരോപണം ശക്തമായിരുന്നു. തുടർന്നാണ് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് കഴിഞ്ഞ മാസം രണ്ടംഗ അന്വേഷണ സമിതിയെ നിയോഗിച്ചത്. സെക്രട്ടേറിയറ്റ് അംഗങ്ങളായ സി.വി. വർഗീസ്, വി.എൻ. മോഹനൻ എന്നിവരാണ് അംഗങ്ങൾ.

ഇതിനിടെ, രാജേന്ദ്രൻ സിപിഐയിലേക്കു പോകുമെന്ന അഭ്യൂഹം ശക്തമായി. ഇതു സംബന്ധിച്ച് രഹസ്യ ചർച്ചകളും സജീവമാണ്. 20 വർഷമായി മാധ്യമങ്ങൾ തന്നെ വേട്ടയാടുകയാണെന്നും പാർട്ടി ശിക്ഷയെക്കാൾ വേദനാജനകമാണ് അതെന്നും എസ്. രാജേന്ദ്രൻ പറഞ്ഞു. പാർട്ടി ഏൽപിച്ച ചുമതലകൾ ആത്മാർഥതയോടെ നിർവഹിച്ചിട്ടുണ്ട്.

സിപിഐയിലേക്കു പോകുന്നു എന്ന പ്രചാരണം മാധ്യമസൃഷ്ടി മാത്രമാണെന്നും അന്വേഷണ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പാർട്ടി എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്നും രാജേന്ദ്രൻ പറഞ്ഞു. തന്നെ പുകച്ച് പുറത്ത് ചാടിക്കാൻ ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കിൽ അത് നടക്കില്ലെന്നും രാജേന്ദ്രൻ പറഞ്ഞു.

മൂന്നാറിലെ സിപിഐയുടെ ചില നേതാക്കൾ രാജേന്ദ്രനുമായി പലവട്ടം ചർച്ച നടത്തിയെന്നും വാർത്ത വന്നു. എന്നാൽ ഇതെല്ലാം നിഷേധിക്കുകയാണ് രാജേന്ദ്രൻ. അതേസമയം രാജേന്ദ്രനെ സിപിഐയിലേക്ക് കൊണ്ടുവരുന്നത് സംബന്ധിച്ച് ചർച്ച നടന്നിട്ടില്ലെന്ന് ജില്ലാ സെക്രട്ടറി കെ കെ. ശിവരാമൻ പറഞ്ഞു.