കണ്ണൂർ:തളിപ്പറമ്പ് നഗരസഭയിലെ സിപിഎമ്മിലെ വിഭാഗീയതയെ തുടർന്ന് അണികളെ ഒപ്പം നിർത്താൻ പുല്ലായ്‌ക്കൊടി ചന്ദ്രന്റെ നേതൃത്വത്തിലുള്ള ലോക്കൽ നേതൃത്വവും കോമത്ത് മുരളീധരനെ അനുകൂലിക്കുന്ന വിമത വിഭാഗവും ശ്രമം തുടങ്ങി. ഇരു വിഭാഗവും വീടുകൾ കയറി ലഘുലേഖകൾ നൽകിയാണ് തങ്ങളുടെ നിലപാട് വ്യക്തമാക്കുന്നത്.

സിപിഎം തളിപ്പറമ്പ് നോർത്ത് ലോക്കൽ സമ്മേളനത്തെ തുടർന്നുണ്ടായ വിഭാഗീയത പൊട്ടിത്തെറിയിൽ എത്തിയിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞ ദിവസം ചേർന്ന സിപിഎം തളിപ്പറമ്പ് നോർത്ത് ലോക്കൽ കമ്മിറ്റി യോഗം വിമത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കോമത്ത് മുരളീധരനും മറ്റ് അഞ്ച് പാർട്ടി അംഗങ്ങൾക്കും നേരെ അച്ചടക്ക നടപടി ആവശ്യപ്പെട്ട് മേൽ കമ്മിറ്റിക്ക് ശുപാർശ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടിയുടെ ഔദ്യോഗിക നിലപാട് വിശദീകരിച്ച് ലോക്കൽ സെക്രട്ടറി പുല്ലായിക്കൊടി ചന്ദ്രന്റെ നേതൃത്വത്തിൽ വീടുകൾ കയറി പ്രചാരണം തുടങ്ങുന്നത്.

പാർട്ടി നേതൃത്വത്തിനെതിരായ ചിലരുടെ നീക്കം തിരിച്ചറിയണമെന്നാണ് അതിൽ വ്യക്തമാക്കുന്നത്. പാർട്ടി നേതൃത്വത്തിനെതിരായി പോസ്റ്റർ പതിച്ചതും പരസ്യ പ്രതിഷേധം നടത്തിയതും രാഷ്ട്രീയ എതിരാളികൾക്ക് മാത്രമേ ഗുണം ചെയ്യുകയുള്ളൂ എന്നും സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ.സന്തോഷിന്റെ കുറിപ്പ് അടങ്ങിയ ലഘുലേഖയിൽ വ്യക്തമാക്കുന്നുണ്ട്. അതേസമയം അച്ചടക്കനടപടി കൊണ്ടൊന്നും ലോക്കൽ നേതൃത്വത്തിനെതിരായപ്രതിഷേധം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് കോമത്ത് മുരളീധരൻ അനുകൂലികൾ.

അതിനാൽ തന്നെ ഇവർ രൂപീകരിച്ച മാന്തംകുണ്ട് ജനകീയ കൂട്ടായ്മയുടെ പേരിലാണ് വീടുകൾ കയറി ലഘുലേഖ വിതരണം ചെയ്ത് പ്രചരണം നടത്തുന്നത്. നാടിന്റെ ഐക്യവും സമാധാനവും തകർക്കാൻ നാട്ടിൽ ജനിച്ച് നാടിനുവേണ്ടി പ്രവർത്തിച്ച ആളുകളെ ഇല്ലാതാക്കാൻ ചിലർ ശ്രമം നടത്തുകയാണെന്ന് മുരളീധരൻ അനുകൂലികളുടെ ലഘുലേഖയിൽ പറയുന്നുണ്ട്.

25 വർഷം നാട്ടിൽ താമസിച്ചിട്ടും നാടിനെയും നാട്ടുകാരെയും അറിയാത്തവർ പുറത്തു നിന്നും ആളുകളെ ഇറക്കി കലാപത്തിന് ശ്രമിക്കുകയാണെന്നും ഇതിൽ വ്യക്തമാക്കുന്നു. പൂർണമായും പുല്ലായ്‌ക്കൊടി ചന്ദ്രനെ ലക്ഷ്യമിട്ടുള്ളതാണ് കോമത്ത് മുരളീധരൻ അനുകൂലികളുടെ ലഘുലേഖ. ഞായറാഴ്ച വൈകുന്നേരം നാലിന് കോമത്ത് മുരളീധരൻ അനുകൂലികൾ മാന്തംകുണ്ടിൽ പൊതു പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്. ഇതോടെ തളിപ്പറമ്പ് നോർത്ത് സിപിഎം സമ്മേളനത്തിനെ തുടർന്നുണ്ടായ വിഭാഗീയ പ്രശ്‌നങ്ങൾ പരസ്യ പോരിലേക്ക് എത്തിയിരിക്കുകയാണ്.