കണ്ണൂർ: യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകവും ഇതിലെ പ്രതി രതീഷിന്റെ ദുരൂഹ മരണവും കൂടി ആയതോടെ കണ്ണൂരിൽ സിപിഎം പ്രതിക്കൂട്ടിലായിരിക്കയാണ്. ഒരുകാലത്തുകൊലപാതക രാഷ്ട്രീയത്തിന്റെ പേരിൽ ദേശീയ തലത്തിൽ വിമർശിക്കപ്പെട്ട സിപിഎം വീണ്ടും കൊലപാതക രാഷ്ട്രീയത്തിന്റെ പേരിൽ വെട്ടിലാകുകയാണ്. മൻസൂറിന്റെ കൊലപാതകം സിപിഎം കൊലപാതക ചരിത്രത്തിലേക്ക് വീണ്ടും വിരൽചൂണ്ടുകയാണ്. തുടർഭരണം ഉണ്ടായാലുള്ള ഭീഷണികളിലേക്ക് കൂടിയാണ് ഇക്കാര്യങ്ങൾ കൊണ്ടുചെന്നെത്തിക്കുന്നത്.

യുഡിഎഫ് നേതാക്കൾ സിപിഎമ്മിനെ അക്രമ രാഷ്ട്രീയത്തിന്റെ പേരിൽ കടന്നാക്രമിക്കുമ്പോൾ പ്രതിക്കൂട്ടിലായ സിപിഎം നേതൃത്വം അതിജീവനത്തിന്റെ പാതയിലാണ്. പെരിങ്ങത്തുരിലെ യൂത്തുലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതവുമായി ബന്ധപ്പെട്ട് യു.ഡി.എഫ് നടത്തുന്ന കടന്നാക്രമണത്തെ ചെറുക്കാനാണ് ജനകീയ പ്രതിരോധവുമായി സിപിഎം. രംഗത്തിറങ്ങുന്നത്.

കൊലപാതകം രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്ന യുഡിഎഫിനെ തുറന്നുകാട്ടാൻ സിപിഎം നേതാക്കൾ ഒന്നടങ്കം പെരിങ്ങത്തുരിലെത്തും. ഇതിന്റെ ഭാഗമായി എൽഡിഎഫ് തിങ്കളാഴ്ച പാനൂരിൽ സമാധാന സന്ദേശ യാത്ര നടത്തും. പകൽ 2.30ന് കടവത്തൂരിൽ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്ഘാടനം ചെയ്യും. മുക്കിൽ പീടിക, അണിയാരം ബാവാച്ചി റോഡ് എന്നിവിടങ്ങളിലെ പര്യടനശേഷം വൈകിട്ട് 5.30ന് പെരിങ്ങത്തൂരിൽ സമാപിക്കും. സമാപന യോഗം സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യും.

സമാധാനം പുനഃസ്ഥാപിക്കുന്നതിന് 14,15, 16 തിയതികളിൽ പാനൂർ ഏരിയയിൽ ഗൃഹസന്ദർശനം നടത്തുമെന്ന് എൽഡിഎഫ് നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. യുഡിഎഫിന്റെ അപവാദ പ്രചാരണങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് നേതാക്കൾ അറിയിച്ചു.. എൽഡിഎഫ് എന്നും സമാധാനം ആഗ്രഹിക്കുകയും അതിനായി പ്രവർത്തിക്കുകയും ചെയ്യുന്ന മുന്നണിയാണ്. തെരഞ്ഞെടുപ്പു പ്രഖ്യാപനം മുതൽ മണ്ഡലത്തിലുടനീളം നിരവധി അക്രമങ്ങളാണ് മുസ്ലിം ലീഗ് നടത്തിയത്.

കള്ളവോട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെ എലാങ്കോടും പുത്തൂരുമായി രണ്ട് ലീഗുകാർ പിടിക്കപ്പെട്ടു. പുല്ലൂക്കര തയ്യുള്ളതിൽ എൽപി സ്‌കൂളിൽനിന്നും പിടിക്കപ്പെടും എന്ന ഘട്ടമായപ്പോൾ ഓടിരക്ഷപ്പെടുന്ന സ്ഥിതിയുമുണ്ടായി. മേഖലയിൽ അശാന്തിയുണ്ടാക്കി സംഘർഷത്തിന് വഴിവെക്കുകയാണ് മുസ്ലിംലീഗ്. നേതൃത്വത്തിന്റെ അറിവോടെയാണ് അക്രമം. കടവത്തൂർ, പെരിങ്ങളം, പെരിങ്ങത്തൂർ മേഖലകളിൽ കലാപം സൃഷ്ടിക്കാനുള്ള ലീഗിന്റെ നീക്കം ജനങ്ങളെ അണിനിരത്തി ചെറുക്കുമെന്ന് നേതാക്കൾ അറിയിച്ചു.

അതേസമയം പെരിങ്ങത്തുരിലെ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂർ വധക്കേസിലെ രണ്ടാംപ്രതിയുടെ മരണത്തിൽ ദുരൂഹതയെന്ന് പൊലിസ് ' രതീഷിന്റെ ശരീരത്തിൽ ആന്തരിക ക്ഷതമേറ്റതായി പോസ്റ്റുമോർട്ടം റിപ്പോർട്ടു പുറത്തുവന്നിരുന്നു. വടകര റൂറൽ എസ്‌പി എ ശ്രീനിവാസ് മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പരിശോധന നടത്തി. നാദാപുരം ഡി.വൈ.എസ്‌പി പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടറുടെ മൊഴിയെടുക്കും. ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്.

പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലിനു പിന്നാലെ അർധരാത്രി വടകര റൂറൽ എസ്‌പി രതീഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കശുമാവിൻ തോട്ടത്തിൽ പരിശോധന നടത്തി. രതീഷിനെ തൂങ്ങിയ നിലയിൽ കണ്ട മരവും സമീപ പ്രദേശങ്ങളും അദ്ദേഹം പരിശോധിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ടിനു പിന്നാലെ പെട്ടെന്നുള്ള എസ്‌പിയുടെ സന്ദർശനം ഈ മരണത്തിൽ ദുരൂഹതയുണ്ടെന്ന സംശയം ബലപ്പെടുത്തുകയാണ്.നേരത്തെ രതീഷിനെ കൊന്ന് കൊട്ടിത്തൂക്കിയതാണെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് കെ.സുധാകരൻ എംപി രംഗത്തു വന്നിരുന്നു ഇതിനെ തുടർന്ന് ഉന്നത പൊലിസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം മൃതദേഹം റിപോസ്റ്റുമോർട്ടം നടത്തി രാത്രി ഏറെ വൈകിയാണ് സംസ്‌കരിച്ചത്.