തിരുവനന്തപുരം: മരംമുറി വിവാദത്തിന് പിന്നാലെ ഇടതു സർക്കാറിനെ പ്രതിസന്ധിയിലാക്കിയ മറ്റൊരു വിവാദം സിപിഎം ഇടപെട്ട് ഒത്തു തീർപ്പാക്കി. ഐ.എൻ.എല്ലിന് ലഭിച്ച പി.എസ്.സി. അംഗത്വം 40 ലക്ഷം രൂപ കോഴവാങ്ങി പാർട്ടി മറിച്ചുവിറ്റെന്നാണ് ആരോപണം വിവാദമായ പശ്ചാത്തലത്തിലാണ് സിപിഎം ഇടപെട്ട് വിഷയം ഒത്തുതീർപ്പാക്കിയത്. സംഭവത്തിൽ ഐഎൻഎല്ലിന് താക്കീതു നൽകി കൊണ്ടാണ് എ വിജയരാഘവന്റെ നേതൃത്വത്തിൽ വിഷയം ഒത്തു തീർതത്.

എൽഡിഎഫിനും സർക്കാരിനു നാണക്കേട് ഉണ്ടാക്കുന്ന സംഭവങ്ങൾ ഉണ്ടാകരുതെന്ന് ഐഎൻഎൽ നേതാക്കൾക്ക് സിപിഎം മുന്നറിയിപ്പ് നൽകി. വിവാദ വിഷയങ്ങളിൽ പരസ്യപ്രതികരണങ്ങൾ പാടില്ലെന്നും നിർദേശമുണ്ട്. പി.എസ്.സി കോഴ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവനും ഐഎൻഎൽ നേതാക്കളും തമ്മിലുള്ള ചർച്ചയിലാണ് താക്കീത് നൽകിയത്. അതേസമയം സർക്കാരിന്റേയും മുന്നണിയുടേയും പ്രതിച്ഛായയ്ക്ക് കോട്ടം തട്ടാതിരിക്കാനുള്ള നടപടികൾ ഐഎൻഎല്ലിന്റെ ഭാഗത്ത് നിന്നുണ്ടാവുമെന്ന് ചർച്ചയ്ക്ക് ശേഷം ഐഎൻഎൽ നേതാക്കൾ പ്രതികരിച്ചു.

ഇന്ന് മൂന്ന് മണിക്കാണ് എകെജി സെന്ററിൽ വെച്ച് ഐഎൻഎൽ നേതാക്കളും സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവനും തമ്മിൽ ചർച്ച നടത്തിയത്. അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഐഎൻഎൽ നേതാക്കൾ വിജയരാഘവനെ അറിയിച്ചു. എ.എൻ.എല്ലിന് ലഭിച്ച പി.എസ്.സി. അംഗത്വം 40 ലക്ഷം രൂപ കോഴവാങ്ങി പാർട്ടി മറിച്ചുവിറ്റെന്നാണ് ആരോപണമുയർന്നത്.

അതേസമയം, ആരോപണങ്ങളെല്ലാം ബാലിശവും വ്യാജവുമാണെന്ന് ഐഎൻഎൽ ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ ചർച്ചയ്ക്കുശേഷം പ്രതികരിച്ചു. സർക്കാരിന്റെയും എൽഡിഎഫിന്റെയും പ്രതിച്ഛായയ്ക്ക് കോട്ടം തട്ടാതെ ഇരിക്കേണ്ടത് എൽഡിഎഫിന്റെ ഘടകകക്ഷിയെന്ന നിലയ്ക്ക് ഐഎൻഎല്ലിന്റെയും ആവശ്യമാണ്. ആ നിർബന്ധമുള്ളതുകൊണ്ട് ആ വഴിക്കുതന്നെയാണ് കാര്യങ്ങൾ എല്ലാം ചർച്ചചെയ്തിട്ടുള്ളത്. എന്നാൽ ആരോപണങ്ങളെക്കുറിച്ചല്ല ചർച്ചകൾ നടന്നതെന്നും കാസിം ഇരിക്കൂർ പറഞ്ഞു. എന്നാൽ എല്ലാ വിഷയങ്ങളും ചർച്ച ചെയ്തെന്നായിരുന്നു ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ് വി പി അബ്ദുൾ വഹാബിന്റെ പ്രതികരണം.

ഐഎൻഎൽ നേതൃത്വം പാർട്ടിക്ക് ലഭിച്ച പിഎസ്‌സി അംഗത്വം 40 ലക്ഷം രൂപയ്ക്ക് വിറ്റെന്ന ആരോപണം പുകയുന്നതിനിടെയാണ് നടപടി. ആരോപണം ഉന്നയിച്ച സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഇസി മുഹമ്മദിനെ കഴിഞ്ഞദിവസം ഐഎൻഎൽ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയിരുന്നു. കാസിം ഇരിക്കൂർ അടക്കമുള്ള നേതാക്കൾക്കെതിരെയായിരുന്നു ഇസി മുഹമ്മദ് ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. ആരോപണങ്ങൾ കടുത്തതോടെ നേതൃത്വവുമായി ഇടഞ്ഞ് പിടിഎ റഹീം വിഭാഗം പാർട്ടി വിടാനൊരുങ്ങുകയാണെന്നും സൂചനയുണ്ടായിരുന്നു. ഇതിനിടെയാണ് സിപിഐഎം വിഷയത്തിൽ ഇടപെടുന്നത്.

അതേസമയം, കോഴ ആരോപണത്തിന് പിന്നിൽ മുസ്ലിം ലീഗാണെന്നാണ് ഐഎൻഎൽ നേതാക്കളുടെ പ്രത്യാരോപണം. പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ ഇസി മുഹമ്മദിനുമേൽ ലീഗ് സമ്മർദ്ദം ചെലുത്തിയതിനാലാണ് അദ്ദേഹം ഈ ആരോപണം ഉന്നയിച്ചതെന്നാണ് ഐഎൻഎൽ പ്രതികരിച്ചത്. അത്തരത്തിൽ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് പാർട്ടിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഇസി മുഹമ്മദിനെ പാർട്ടിയിൽ നിന്ന് നീക്കിയത്. ഐഎൻഎൽ സംസ്ഥാന കമ്മറ്റിയുടെ ശുപാർശയെ തുടർന്ന് ദേശീയ നേതൃത്വമാണ് നടപടി സ്വീകരിച്ചത്.