കാസർകോഡ്: കാസർകോട് കുമ്പളയിലെ ഡിവൈഎഫ്ഐ, സിപിഐഎം പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ ബിജെപി പ്രവർത്തകന് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു. ശാന്തിപ്പള്ളത്തെ ഗോപാലകൃഷ്ണ തിയേറ്ററിന് സമീപത്ത് താമസിച്ചിരുന്ന പി മുരളിയെ കൊലപ്പെടുത്തിയ കേസിലാണ് ഒന്നാം പ്രതിയും ബിജെപി പ്രവർത്തകനുമായ ശരത് രാജിനെ കോടതി ശിക്ഷിച്ചത്. രണ്ട് ലക്ഷം രൂപ പിഴ കൊല്ലപ്പെട്ട മുരളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരമായി നൽകണം. ഈ തുക ജയിലിൽ നിന്നുള്ള വരുമാനത്തിൽ നിന്നും നൽകണമെന്നും കോടതി വിധിച്ചു.

പിഴയടച്ചില്ലെങ്കിൽ ഒരു വർഷം കൂടി അധിക തടവ് അനുഭവിക്കേണ്ടി വരും. ജില്ലാ അഡീഷണൽ സെഷൻസ് (രണ്ട്) കോടതിയാണ് വിധി പ്രഖ്യാപിച്ചത്. കേസിലെ മറ്റു ഏഴ് പ്രതികളെ കോടതി വെറുതെ വിട്ടു. 2014 ഒക്ടോബർ 27ന് വൈകീട്ടാണ് ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന മുരളിയെ ശരത് രാജിന്റെ നേതൃത്വത്തിലുള്ള സംഘം അക്രമിച്ചത്. ബൈക്കിൽ മുരളിക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് മഞ്ജുനാഥ് ഓടി രക്ഷപ്പെടുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ മുരളിയെ കുമ്പളയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മരണപ്പെടുന്ന സമയത്ത് സിപിഐഎം ശാന്തിപ്പള്ളം ബ്രാഞ്ച് അംഗവും ഡിവൈഎഫ്ഐ പ്രവർത്തകനുമായിരുന്നു മുരളി. ഇപ്പോൾ ശിക്ഷിക്കപ്പെട്ട ശരത് രാജിന്റെ അഛൻ ദയാനന്ദയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കൂടിയായിരുന്നു കൊല്ലപ്പെട്ട മുരളി. ഈ വൈരാഗ്യവും രാഷ്ട്രീയ പകപോക്കലുമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തി. കേസിൽ പ്രതിചേർക്കപ്പെട്ട മറ്റു ഏഴ് പേരെ കോടതി വെറുതെ വിട്ടു. കേസിൽ നേരിട്ട് പങ്കുള്ളതായി കണ്ടെത്തിയിരുന്ന സീതാംഗോളി കുതിരപ്പാടിയിലെ ദിനേശ് ആചാര്യ (27), കെ. ഭരത്രാജ് (30), ബേലദർബത്തടുക്കയിലെ സി.എച്ച്. മിഥുൻകുമാർ (26) എന്നിവരെയും കൊലപാതകത്തിന് ശേഷം ഇവരെ രക്ഷപ്പെടാൻ സഹായിച്ച കാളിയങ്കോട്ടെ കെ. നിധിൻരാജ് (27), മധൂർ പട്ല കുതിരപ്പാടി സ്വദേശികളായ എസ്. കിരൺകുമാർ (29), കെ. മഹേഷ് (27), കെ. അജിത്കുമാർ (27) എന്നിവരെയുമാണ് കോടതി വെറുതെവിട്ടത്.

ആദ്യത്തെ മൂന്ന് പ്രതികളും കൊലപാതകത്തിൽ ശരത് രാജിനൊപ്പം നേരിട്ട് പങ്കെടുത്തവരാണ്. ഇവരുടെ നതേൃത്വത്തിലായിരുന്നു മുരളിയെ സൂരംബയൽ അപ്സര മില്ലിനടുത്തുവെച്ച് തടഞ്ഞുനിർത്തിയത്. എന്നാൽ ഈ ഏഴ് പ്രതികൾക്കും ഒന്നാം പ്രതിയായ ശരത് രാജിന്റെ ഉദ്ദേശ്യം അറിയില്ലായിരുന്നു എന്ന് കാരണത്താലാണ് ഇവരെ വെറുതെ വിട്ടത്. 38 സാക്ഷികളെയാണ് കേസിൽ ആകെ വിസ്തരിച്ചത്. കുമ്പള ഇൻസ്പെക്ടറായിരുന്ന കെ.പി. സുരേഷ്ബാബുവാണ് കേസിൽ അന്വേഷണം നടത്തി കുറ്റപ്പത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എം. അബ്ദുൾ സത്താർ ഹാജരായി.