തിരുവനന്തപുരം: പത്തിലധികം ക്രിമിനൽ കേസുകളിൽ പ്രതിയായ സിപിഎം അടൂർ ഏരിയാ സെക്രട്ടറി അഡ്വ. എസ്. മനോജിന് ചട്ടം ലംഘിച്ച് പാസ്പോർട്ട് അനുവദിച്ച കേസിന്റെ അന്വേഷണം പൊലിസിലെ ഉന്നതർ ഇടപെട്ട് അട്ടിമറിച്ചു. 2019 ലാണ് മനോജ് ചട്ട വിരുദ്ധമായി പാസ്പോർട്ട് നേടിയതും അത് ഉപയോഗിച്ച് വിദേശയാത്ര നടത്തിയതും.

ഈ വാർത്ത മറുനാടൻ പുറത്തു വിട്ടതോടെയാണ് ഇതു സംബന്ധിച്ച് അന്വേഷണം പ്രഖ്യാപിച്ചത്. മനോജിന് അനുകൂലമായി, വേരിഫിക്കേഷൻ റിപ്പോർട്ട് നൽകിയ ഏനാത്ത് പൊലീസ് സ്റ്റേഷനിലെ സിപിഓ ബിജുവിനെതിരേ വകുപ്പു തല അന്വേഷണവും ആരംഭിച്ചിരുന്നു. എന്നാൽ, പിന്നീട് ഇതു സംബന്ധിച്ച് യാതൊരു തുടർ നടപടിയുമുണ്ടായില്ല.

മനോജിനെതിരായ കേസ് അന്വേഷിക്കാതെ മുക്കി. ബിജുവിനെതിരേ വകുപ്പു തല നടപടിയുമില്ല. പത്തോളം ക്രിമിനൽ കേസുകളിൽ പ്രതിയായ മനോജിനെ വിശുദ്ധനാക്കിയതിന്റെ പ്രത്യുപകാരമെന്ന നിലയിൽ ആറു വർഷമായി ബിജു ഏനാത്ത് സ്റ്റേഷനിൽ തുടർന്നു. മനോജിന്റെ സംരക്ഷണയിലാണ് ബിജു ഇപ്പോഴുമുള്ളത്. പാർട്ടിക്ക് വേണ്ടി കേസ് അട്ടിമറിക്കുന്ന ശീലത്തിലും ബിജുവിന് മാറ്റം വന്നിട്ടില്ല.

ജയിൽ ശിക്ഷ അനുഭവിക്കാവുന്ന ക്രിമിനൽ കുറ്റമാണ് മനോജ് ചെയ്തിട്ടുള്ളത്. താൻ ക്രിമിനൽ കേസിൽ പ്രതിയാണെന്ന വിവരങ്ങൾ മറച്ചു വച്ച് പാസ്പോർട്ടിന് അപേക്ഷിച്ചത്. പിൻവാതിലിലൂടെ പാസ്‌പോർട്ട് സംഘടിപ്പിച്ച്, വ്യവസായ പ്രമുഖന്റെ ആതിഥ്യം സ്വീകരിച്ച്, പാർട്ടിയുടെ അനുവാദം വാങ്ങാതെയാണ് മനോജ് സിംഗപ്പൂരിലേക്ക് സുഖവാസത്തിന് പോയത്. 2019 ജൂലൈ ആദ്യവാരമാണ് അടൂർ ഏരിയാ സെക്രട്ടറി സിംഗപ്പൂർ യാത്ര നടത്തിയത്.

ഏരിയാ കമ്മറ്റിയുടെ ചുമതല മറ്റാർക്കും കൈമാറാതെയും ഉപരി കമ്മറ്റി അറിയാതെയുമായിരുന്നു സുഖവാസം. ഇദ്ദേഹം മടങ്ങി എത്തിയതോടെയാണ് വിവരം മറ്റുള്ളവർ അറിഞ്ഞത്. പെറ്റിക്കേസുകളിൽ ഉൾപ്പെടുന്നവർക്ക് പാസ്‌പോർട്ട് നൽകുന്നതിന് നിയമതടസമില്ല. എന്നാൽ റോഡ് ഉപരോധം, പൊലീസ് സ്റ്റേഷൻ ഉപരോധം, അടിപിടി, പാർട്ടിക്കാർ തമ്മിലുള്ള സംഘർഷം ഇങ്ങനെ ക്രിമിനൽ കേസുകൾ കോടതിയിലുള്ളവർക്ക് പാസ്‌പോർട്ട് നൽകുന്ന പതിവില്ല. പാസ്‌പോർട്ടിന് അപേക്ഷിക്കുമ്പോൾ ക്രിമിനൽ കേസുകളുടെ വിവരം കാണിച്ച് സത്യവാങ്മൂലം നൽകണം.

മിക്കപ്പോഴും ഇത്തരക്കാരുടെ അപേക്ഷ പൊലീസ് വേരിഫിക്കേഷനിൽ തള്ളുകയാണ് ചെയ്യുന്നത്. പാർട്ടിയുടെ പ്രവർത്തകർ അടക്കം നിരവധിപ്പേർ ഇപ്പോഴും പാസ്‌പോർട്ട് എടുക്കാൻ കഴിയാതെ ഭാവി ഇരുളടഞ്ഞ് നാട്ടിൽ നടക്കുന്നുണ്ട്. ഇതിനിടെയാണ് സിപിഎം നേതാവിന് വേണ്ടി പൊലീസ് വഴിവിട്ട് പ്രവർത്തിച്ചത്. മുൻ ഏനാത്ത് എസ്എച്ച്ഒ ഭീഷണിപ്പെടുത്തി പൊലീസുകാരനെ കൊണ്ട് ഏരിയാ നേതാവിന് അനുകൂലമായി റിപ്പോർട്ട് എഴുതിപ്പിക്കുകയായിരുന്നുവെന്ന് പറയുന്നു.

ക്രിമിനൽ കേസുകളിൽ പ്രതിയായി എന്നതിനാൽ വിദേശത്ത് പോകാൻ കഴിയാതെ നിരവധി പ്രവർത്തകരും നേതാക്കളും പാസ്‌പോർട്ടിന് അപേക്ഷിച്ച് കാത്തിരിക്കുകയാണ്. ക്രിമിനൽ കേസിൽ പ്രതിയായി എന്ന ഒറ്റക്കാരണത്താൽ പൊലീസ് പാസ്‌പോർട്ട് അപേക്ഷ നിരസിക്കുകയാണ്. പിന്നെ എങ്ങനെയാണ് നിരവധി ക്രിമിനൽ കേസുള്ള നേതാക്കൾക്ക് പാസ്‌പോർട്ട് ലഭിച്ചത് എന്നാണ് സാധാരണ പ്രവർത്തകരുടെ ചോദ്യം.

ഞങ്ങളുടെ യൗവനവും ജീവിതവും ആർക്ക് വേണ്ടിയാണ് ബലി കൊടുത്തത് എന്നും ഇവർ ചോദിക്കുമ്പോൾ നേതാക്കൾക്ക് ഉത്തരമില്ല.