തിരുവനന്തപുരം: സിപിഎമ്മിലെ ശിക്ഷാനടപടികൾക്ക് തിരുവനന്തപുരത്ത് നിന്ന് തുടക്കം. അരുവിക്കരയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വീഴ്‌ച്ച വരുത്തിയെന്ന ആരോപണത്തിൽ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വികെ മധുവിനെ ജില്ലാ കമ്മിറ്റിയിലേയ്ക്ക് തരംതാഴ്‌ത്തും. ജി.സ്റ്റീഫനെ കാലുവാരാൻ ശ്രമിച്ചെന്ന ആരോപണത്തിലാണ് മധുവിനെതിരായ നടപടി. നിയമസഭാ പ്രചരണത്തിൽ മധുവിന് വീഴ്ചയുണ്ടായെന്ന് അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. മധുവിനെ തരംതാഴ്‌ത്തണമെന്ന ശുപാർശയോടയാണ് റിപ്പോർട്ട് സമർപ്പിക്കപ്പെട്ടതെന്ന് അന്നുതന്നെ വാർത്തകൾ പുറത്തുവന്നിരുന്നു.

തിരുവനന്തപുരം ജില്ലയിലെ മുതിർന്ന സിപിഎം നേതാവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ വികെ മധുവിനെതിരായ നടപടിയെ അത്ഭുതത്തോടെയാണ് പാർട്ടി പ്രവർത്തകരടക്കം വീക്ഷിക്കുന്നത്. ജില്ലാ സെക്രട്ടറിയായി പരിഗണിക്കപ്പെടാൻ പോലും സാധ്യത കൽപ്പിക്കുന്ന നേതാവാണ് വികെ മധു. അമ്പലപ്പുഴ മണ്ഡലത്തിൽ പാർട്ടി സ്ഥാനാർത്ഥിയ്‌ക്കെതിരെ പോസ്റ്റർ ഒട്ടിച്ചവർക്കെതിരെ നടപടി എടുക്കുന്നതിന് മുമ്പ് പാർട്ടിയുടെ ജില്ലയിലെ സമുന്നതനായ നേതാവിനെതിരെ ധൃതി പിടിച്ചെടുത്ത നടപടിയാണ് പാർട്ടി കേഡറുകളെ അത്ഭുതപ്പെടുത്തുന്നത്.

5046 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ജി.സ്റ്റീഫൻ സിപിഎമ്മിനായി അരുവിക്കര പിടിച്ചെടുത്തെങ്കിലും പ്രചാരണത്തിലുണ്ടായ വീഴ്ചകൾ പരിശോധിക്കാൻ ജില്ലാ നേതൃത്വം അന്വേഷണകമ്മീഷനെ വയ്ക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വി.കെ.മധുവിന് വീഴ്ച പറ്റിയെന്നാണ് മൂന്നംഗ അന്വേഷണകമ്മീഷന്റെ കണ്ടെത്തൽ. പ്രചാരണത്തിന്റെ ആദ്യഘട്ടത്തിൽ വി.കെ.മധു മനഃപൂർവം വിട്ടുനിന്നെന്നും കമ്മീഷൻ റിപ്പോർട്ടിലുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ അരുവിക്കര മണ്ഡലത്തിൽ മൽസരിക്കാൻ ലക്ഷ്യം വച്ച് വി.കെ.മധു പദ്ധതികൾ കൊണ്ടുവന്നെന്നും സ്ഥാനാർത്ഥിത്വം കിട്ടാതെ വന്നതോടെ സ്റ്റീഫനെ കാലുവാരാൻ ശ്രമിച്ചെന്നും വിതുര ഏരിയ സെക്രട്ടറി ഷൗക്കത്തലി ജില്ലാ നേതൃത്വത്തിന് പരാതിനൽകിയിരുന്നു.

അരുവിക്കരയിൽ സ്ഥാനാർത്ഥിയാകാനുള്ള വികെ മധുവിന്റെ നീക്കങ്ങൾക്ക് തടയിട്ട് കാട്ടാക്കടയിൽ നിന്നും ജി. സ്റ്റീഫനെ കൊണ്ടുവന്നത് ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ നീക്കങ്ങളായിരുന്നു. തന്റെ പ്രിയ ശിഷ്യൻ ഡിവൈഎഫ്‌ഐ മുൻ സംസ്ഥാന ട്രഷറർ കെ.എസ് സുനിൽകുമാറിന് വേണ്ടിയായിരുന്നു ഈ നീക്കം. അരുവിക്കരയിൽ നിന്നും സുനിൽകുമാറിനെ വളർത്താനാണ് ആനാവൂരിന്റെ താൽപര്യമെന്നാണ് സിപിഎം വൃത്തങ്ങൾ നൽകുന്ന സൂചന. വികെ മധുവിനെ നീക്കുന്ന ഒഴിവിലേയ്ക്ക് കെ.എസ് സുനിൽകുമാർ എത്തും. പതിറ്റാണ്ടുകൾക്ക് ശേഷം മണ്ഡലത്തിൽ അട്ടിമറിവിജയം നേടിയിട്ടും മുതിർന്ന നേതാവിനെതിരെ നടപടിയെടുക്കുന്ന അത്യപൂർവ കീഴ്‌വഴക്കം സൃഷ്ടിക്കുന്നത് അതിന് വേണ്ടിയാണെന്നാണ് റിപ്പോർട്ടുകൾ.

വികെ മധുവിനെതിരായ നടപടിക്ക് ജില്ലാ സെക്രട്ടറിയേറ്റിൽ ധാരണയായിട്ടുണ്ട്. ഈ തീരുമാനം ജില്ലാ കമ്മിറ്റി കൂടി അംഗീകരിച്ചുകഴിഞ്ഞശേഷമെ നടപ്പിലാകുകയുള്ളു. എന്നാൽ ജില്ലാ സെക്രട്ടറിയേറ്റിന്റെ തീരുമാനം ജില്ലാ കമ്മിറ്റിയും അംഗീകരിക്കും.

നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി വിരുദ്ധപ്രവർത്തനങ്ങൾ നടത്തിയവർക്കെതിരെ അന്വേഷണകമ്മീഷനുകളുടെ റിപ്പോർട്ട് ഒരുമാസം മുമ്പുതന്നെ സമർപ്പിക്കപ്പെട്ടിരുന്നു. അരുവിക്കര, അമ്പലപ്പുഴ, കുറ്റ്യാടി മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് വീഴ്‌ച്ചകളാണ് അന്വേഷണ കമ്മീഷനുകൾ പ്രധാനുമായും പരിശോധിച്ചത്.