തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണത്തിലിരിക്കുന്ന കക്ഷിയെ കേന്ദ്ര ഏജൻസികൾ കോട്ട വളഞ്ഞ് ആക്രമിക്കുന്നത് പോലൊരു അനുഭവം. കോട്ടയിലാകെ വിള്ളലുകൾ വീണിരിക്കുന്നു. ശിവശങ്കറിന്റെയും ബിനീഷിന്റെയും കള്ളപ്പണക്കണക്കുകളും ഇഡിയുടെ വേട്ടയും മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും നിറഞ്ഞുകവിയുമ്പോൾ സിപിഎം പരിഭ്രാന്തിയിലാണോ? ആണെന്ന് വേണം പറയാൻ. കാരണം ഇതുപോലൊരു അനുഭവം നേരത്തെയില്ലല്ലോ. മുഖ്യമന്ത്രിയുടെ അഡീഷണൽ സെക്രട്ടറിയെ വെള്ളിയാഴ്ച ഇഡി ചോദ്യം ചെയ്യാനിരിക്കെ കാര്യങ്ങൾ പന്തിയല്ല എന്നൊരു തോന്നൽ നേതാക്കളിൽ പടർന്നിരിക്കുന്നു. കാര്യകാരണങ്ങൾ സഹിതം വിവരിച്ചാലും, ഇഡി ബിനീഷിന്റെ കുടുംബത്തോട് മനുഷ്യാവകാശ ലംഘനം കാട്ടിയെന്ന് സമർത്ഥിച്ചാലും കണിശമായി ഉത്തരം പറയേണ്ട, അത് പ്രതീക്ഷിക്കുന്ന ഒരുകൂട്ടമുണ്ട്- അണികൾ. പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ മകൻ, അച്ഛനും പാർട്ടിയും അറിയാതെ ബെനാമി ഇടപാടുകൾ നടത്തുകയും ലഹരി കടത്ത് സംഘങ്ങളുമായി ബന്ധപ്പെടുകയും ചെയ്തുവെന്ന വാർത്തകളുടെ കുത്തൊഴുക്കിൽ പിടിച്ചുനിൽക്കാൻ പാടുപെടുകയാണ്.

ബിനീഷ് കോടിയേരിയുടെ ചെയ്തികൾക്ക് തനിക്ക് ഉത്തരവാദിത്വമേൽക്കാനാവില്ലെന്ന് കോടിയേരിയും, പാർട്ടിസെക്രട്ടറിയെ പഴിക്കേണ്ടതില്ലെന്ന് കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങളും പിന്താങ്ങിയെങ്കിലും കാര്യങ്ങൾ ഇങ്ങനെയല്ല വേണ്ടതെന്ന തോന്നൽ പല നേതാക്കൾക്കുമുണ്ട്. പാർട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് കോടിയേരി മാറി നിൽക്കണമെന്ന ആവശ്യവും ശബ്ദം കുറച്ചെങ്കിലും കേൾക്കുന്നുണ്ട്.

അവെയ്‌ലബിൾ സെക്രട്ടേറിയറ്റിൽ സംഭവിച്ചത്

ബിനീഷ് കോടിയേരിയുടെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ മനുഷ്യാവകാശലംഘനം നടത്തിയെന്നും റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്നും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവെയ്ലബിൾ സെക്രട്ടേറിയറ്റ് യോഗത്തിൽ വിലയരുത്തി.

കുടുംബം നിയമനടപടി സ്വീകരിക്കുമെന്നും എന്നാൽ കേസിൽ ഇടപെടില്ലെന്നും സിപിഎം അറിയിച്ചു. രാഷ്ട്രീയതാത്പര്യത്തോടെയുള്ള ഇത്തരം നടപടികളെ തുറന്ന് കാണിക്കുന്ന പ്രചാരണങ്ങൾ നടത്താനും സിപിഎം തീരുമാനിച്ചു. 26 മണിക്കൂർ സമയം നീണ്ട പരിശോധനയ്ക്ക് ശേഷം ഇന്ന് ഉച്ചയോടെയാണ് ഇഡി, കർണാടക പൊലീസ്, സിആർപിഎഫ് എന്നീ സംഘം ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടിൽ നിന്നും മടങ്ങിയത്.

കേന്ദ്ര ഏജൻസികൾ സർക്കാരിനെതിരെ കൂട്ടത്തോടെ നീങ്ങുമ്പോൾ എന്താണ് പ്രതിരോധിക്കാൻ മാർഗ്ഗം? സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാന കമ്മിറ്റി യോഗങ്ങൾ വെള്ളിയും ശനിയും ചേരുകയാണ്. നിലവിലെ സാഹചര്യങ്ങൾ കമ്മിറ്റിയെ കോടിയേരി അറിയിക്കുകയും നിലപാട് വ്യക്തമാക്കുകയും ചെയ്യും. ബിനീഷിന്റെ കുടുംബത്തോട് ഇഡി മനുഷ്യാവകാശ ലംഘനം കാട്ടിയെന്ന് ആരോപണമുണ്ടെങ്കിലും പാർട്ടി സെക്രട്ടറി എന്ന നിലയിൽ കോടിയേരി ഇടപെടില്ല. കുടുംബം സ്വന്തം നിലയ്ക്ക് നിയമനടപടി സ്വീകരിക്കട്ടെയെന്നാണ് പാർട്ടി നിലപാട്.

തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, കാര്യങ്ങൾ കൈവിട്ടുപോയാൽ, രക്ഷയില്ലെന്ന് നേതാക്കൾ രഹസ്യമായി സമ്മതിക്കുന്നു. സദ്ഭരണവും വികസനമുദ്രാവാക്യങ്ങളും ഉയർത്തി തിരഞ്ഞെടുപ്പിനെ നേരിടാനിരുന്ന പാർട്ടി പെട്ടെന്നാണ് സ്വർണക്കള്ളക്കടത്ത് കേസിന്റെ പ്രത്യാഘാതങ്ങളിൽ തളർന്നുപോയത്. കേസിൽ പ്രതിയായ ശിവശങ്കറിനെ കൂടാതെ മന്ത്രി ജലീൽ, മുഖ്യമന്ത്രിയുടെ അഡീഷണൽ സെക്രട്ടറി സി.എം.രവീന്ദ്രൻ എന്നിവരെല്ലാം സംശയനിഴലിൽ നിൽക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ടാം വിക്കറ്റും പോകുമെന്ന ശ്രുതികൾ പരക്കുന്നു. പാർട്ടി സെക്രട്ടറിയുടെ മകൻ അറസ്റ്റിലായിരിക്കുന്നു. എല്ലാം കൂടി സിപിഎമ്മിന് ഇത് കെട്ടകാലം തന്നെ.

ഇഡിക്കെതിരെ പുതിയ അടവുകൾ

എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിനെതിരെ നിയമസഭാ അവകാശ സമിതിക്ക് സിപിഎം പരാതി നൽകി. ലൈഫ് പദ്ധതി തടസപ്പെടുത്താൻ നീക്കം നടക്കുന്നുണ്ടെന്ന് ആരോപിച്ചാണ് പരാതി. ജയിംസ് മാത്യു എം എൽ എയാണ് എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിനെതിരായ പരാതി നൽകിയിരിക്കുന്നത്.

നിയമസഭാ സമിതി ഇഡിക്ക് നോട്ടീസ് നൽകും. ഒരാഴ്ചയ്ക്കകം മറുപടി നൽകണമെന്നാകും നോട്ടീസിൽ ആവശ്യപ്പെടുക.എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് വകുപ്പിലെ ഉന്നതരെ നിയമസഭാ സമിതി വിളിപ്പിച്ചേക്കും. ലൈഫ് പദ്ധതി സംബന്ധിച്ച ഫയൽ ആവശ്യപ്പെട്ട നടപടി അവകാശലംഘനമാണെന്നാണ് പരാതി. ദേശീയ അന്വേഷണ ഏജൻസിക്കെതിരേ ഇത്തരമൊരു നടപടി നീക്കം അത്യപൂർവമാണ്.

ബിനീഷിന്റെ വീട്ടിലെ റെയ്ഡിൽ രാഷ്ട്രീയമുണ്ടെന്നാണ് സി പി എം ആരോപിക്കുന്നത്. ഇ.ഡി മനുഷ്യാവകാശ ലംഘനം നടത്തിയെന്നാണ് പാർട്ടിയുടെ അനുമാനം. എന്നാൽ അന്വേഷണത്തെ എതിർക്കാനോ തടയാനോ ശ്രമിക്കില്ലെന്നും, കേസിൽ ഇടപെടില്ല എന്ന മുൻ നിലപാടിൽ മാറ്റമില്ലെന്നും പാർട്ടി വ്യക്തമാക്കി

അതിനിടെ സംസ്ഥാന പൊലീസും ഇഡിയോട് വിശദീകരണം തേടാൻ തീരുമാനിച്ചിട്ടുണ്ട്. ബിനീഷ് കോടിയേരിയുടെ വസതിയിൽ റെയ്ഡിനെത്തിയപ്പോൾ കുടുംബാംഗങ്ങളെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്ന പരാതിയിലാണ് നടപടി. നേരിട്ട് പൊലീസ് വിശദീകരണം തേടിയെങ്കിലും ഇഡി ഉദ്യോഗസ്ഥർ ഒന്നും പറയാൻ തയാറായില്ല. ഇതോടെയാണ് ഇ മെയിൽ വഴി വീണ്ടും വിശദീകരണം തേടാൻ തീരുമാനിച്ചിരിക്കുന്നത്.