തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനിക്ക് നൽകാനുള്ള കേന്ദ്രസർക്കാർ തീരുമാനം പിൻവലിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. പ്രത്യേക കമ്പനി രൂപീകരിച്ച് കൊച്ചി-കണ്ണൂർ മോഡലിൽ തിരുവനന്തപുരം വിമാനത്താവളത്തെ ആധുനികവത്ക്കരിക്കാൻ സംസ്ഥാന സർക്കാരിനെ കേന്ദ്രം അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നു

ഒരു രൂപപോലും മുടക്കാതെ 30,000 കോടി ആസ്തിയുള്ള മലയാളികളുടെ സ്വന്തം വിമാനത്താവളം അദാനിക്ക് വിൽക്കാനുള്ള മോദി സർക്കാരിന്റെ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണം. ഒരു കാരണവശാലും ഈ വിമാനത്താവളം അദാനിക്ക് നൽകാൻ കേരള ജനത അനുവദിക്കുകയില്ല. അഹമ്മദാബാദ്, ലഖ്നൗ, മംഗളൂരു വിമാനത്താവളങ്ങൾ ഒരു വർഷം മുമ്പാണ് അദാനിക്ക് നൽകാൻ തീരുമാനിച്ചത്. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം സ്വകാര്യ കോർപ്പറേറ്റ് കമ്പനികൾക്ക് വിറ്റ് കാശാക്കുകയാണ് ബിജെപി സർക്കാർ ചെയ്യുന്നത്. സംസ്ഥാനത്തിന്റെ പൊതുതാത്പര്യത്തിന് വിരുദ്ധമായി അദാനിയേയും ബിജെപി നയിക്കുന്ന കേന്ദ്രസർക്കാരിനേയും അനുകൂലിച്ച തിരുവനന്തപുരം എംപി.ശശി തരൂരിന്റെ നിലപാട് പ്രതിഷേധാർഹമാണ്.

170 കോടി രൂപ വാർഷിക ലാഭം ലഭിക്കുന്ന വിമാനത്താവളമാണ് തിരുവനന്തപുരം. തിരുവിതാംകൂർ രാജകുടുംബം വിട്ടുകൊടുത്ത സ്ഥലത്തിന് പുറമേ സംസ്ഥാന സർക്കാർ വിവിധ ഘട്ടങ്ങളിലായി സ്ഥലം വാങ്ങി എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യയ്ക്ക് കൈമാറി. വീണ്ടും 18 ഏക്കർ സ്ഥലം ഏറ്റെടുക്കാൻ നടപടി സ്വീകരിച്ചു വരികയാണ്. വിമാനത്താവളത്തിനു കേരളം സൗജന്യമായി 635 ഏക്കർ ഭൂമിയാണ് നൽകിയത്. പുതിയ അന്താരാഷ്ട്ര ടെർമിനൽ നിർമ്മിക്കുന്നതിന് 23.57 ഏക്കർ ഭൂമി സൗജന്യമായി കൈമാറാൻ 2005 - ൽ തീരുമാനിച്ചത് ഉപാധിയോടെയായിരുന്നു. ഏതെങ്കിലും കാരണവശാൽ വിമാനത്താവള അഥോറിറ്റി ഒരു കമ്പനിയായി മാറ്റുകയോ അതിനുവേണ്ടി പ്രത്യേക കമ്പനി രൂപീകരിക്കുകയോ ചെയ്യുകയാണെങ്കിൽ സർക്കാർ സൗജന്യമായി നൽകിയ ഭൂമിയുടെ വില സർക്കാർ ഓഹരിയായി മാറ്റണമെന്നായിരുന്നു നിബന്ധന.

തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വകാര്യ പങ്കാളിത്തം കൊണ്ടുവരുന്ന തീരുമാനം എടുക്കുന്ന ഘട്ടത്തിൽ സംസ്ഥാന സർക്കാരുമായി ആലോചിക്കാമെന്ന് 2003-ൽ സിവിൽ ഏവിയേഷൻ സെക്രട്ടറി രേഖാമൂലം ഉറപ്പു നൽകിയതാണ്. കേരളത്തിന് പങ്കാളിത്തമുള്ള പ്രത്യേക ഉദ്ദേശ കമ്പനി (എസ്‌പി.വി) രൂപീകരിക്കുന്നതിനെപ്പറ്റി ആലോചിക്കാമെന്ന് അന്ന് സർക്കാരിനു ഉറപ്പു നൽകിയതായിരുന്നു. എന്നാൽ ഈ ഉറപ്പുകളെല്ലാം ലംഘിച്ചുകൊണ്ട് ഗവൺമെന്റ് ഭൂമിയും സൗകര്യങ്ങളും ഉപയോഗിച്ച് പടുത്തുയർത്തിയ മഹാസ്ഥാപനം അദാനി ഗ്രൂപ്പിന് കൊള്ളയടിക്കാൻ വിട്ടുകൊടുക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്.

ടെണ്ടർ നടപടികൾ ഇല്ലാതെ പ്രത്യേക കമ്പനി രൂപീകരിച്ച് വിമാനത്താവളം ഏറ്റെടുക്കാമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിനെ അറിയിച്ചിരുന്നു. എന്നാൽ ടെണ്ടറിൽ പങ്കെടുക്കാനായിരുന്നു കേന്ദ്രനിർദ്ദേശം. കെ.എസ്‌ഐ.ഡി.സി വഴി സംസ്ഥാന സർക്കാർ ടെണ്ടറിൽ പങ്കെടുത്തു. അദാനി ഗ്രൂപ്പ് മുന്നോട്ടുവെച്ച തുകയേക്കാൾ കൂടുതൽ നൽകാമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിട്ടും കേന്ദ്രം അവഗണിക്കുകയായിരുന്നു. സുപ്രീംകോടതിയുടെ നിർദ്ദേശ പ്രകാരം ഇത് സംബന്ധിച്ച കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ് ഇപ്പോഴുള്ളത്. ഈ ഘട്ടത്തിൽ ഇത്തരമൊരു തീരുമാനം കേന്ദ്രസർക്കാർ കൈക്കൊണ്ടത് കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്.

തെക്കൻ കേരളത്തിലെ കടലും ആകാശവും അദാനി ഗ്രൂപ്പിന് സ്വന്തമായി കഴിഞ്ഞു. കോവിഡ് മഹാമാരി രാജ്യത്തെമ്പാടും പടർന്നുപിടിക്കുമ്പോൾ സംസ്ഥാനത്തെ ജനങ്ങളുടെ സ്വത്ത് കോർപ്പറേറ്റ് കമ്പനിക്ക് വിൽക്കാനുള്ള തീരുമാനം തികഞ്ഞ അഴിമതിയാണ്. ഈ പകൽകൊള്ളയ്ക്കെതിരെ കേരളത്തിലെ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഒന്നിച്ചുനിന്ന് പോരാടണമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.