തിരുവനന്തപുരം: കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ പ്രതികരണവുമായി സിപിഎം. സഹകരണ പ്രസ്ഥാനത്തെ തകർക്കാൻ ഗൂഢ ശ്രമം നടത്തുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി. മാധ്യമങ്ങൾ സംഘ പരിവാർ അജണ്ടക്ക് കുഴലൂത്ത് നടത്തുകയാണെന്നും സിപിഎം കുറ്റപ്പെടുത്തുന്നു.

വിവാദം ഒറ്റപ്പെട്ടതാണ്. സഹകരണ പ്രസ്ഥാനത്തെ തകർക്കാൻ നീക്കം നടക്കുന്നു. ഒറ്റ പൈസ നിക്ഷേപകർക്ക് നഷ്ടം വരില്ലെന്ന് മുഖ്യമന്ത്രി തന്നെ ഉറപ്പ് നൽകിയതാണെന്നും സഹകരണ ബാങ്കുകളിൽ ഉണ്ടായത് ഒറ്റപ്പെട്ട സംഭവമാണെന്നും സിപിഎം വിശദീകരിച്ചു.കേരളത്തിന്റെ വികസനത്തിന് വമ്പിച്ച സംഭാവനയാണ് സഹകരണ പ്രസ്ഥാനം നൽകിയിട്ടുള്ളത്. ഗ്രാമീണ മേഖലയെ ഹുണ്ടിക വ്യാപാരികളുടെ വ്യവഹാരങ്ങളിൽ നിന്ന് രക്ഷപ്പെടുത്തി പുതിയ പാത വെട്ടിത്തുറന്നത് സഹകരണ പ്രസ്ഥാനങ്ങളാണ്. ഇന്ന് കേരളത്തിന്റെ സമസ്ത മേഖലകളിലും വ്യാപിച്ചു നിന്നുകൊണ്ട് ജനങ്ങൾക്ക് വമ്പിച്ച സേവനങ്ങളാണ് അവ നൽകികൊണ്ടിരിക്കുന്നത്.

2.5 ലക്ഷം കോടിയോളം നിക്ഷേപം ഈ മേഖലയിലുണ്ട്. അത്രത്തോളം തന്നെ വായ്പയും ഈ സംഘങ്ങൾ നൽകിയിട്ടുണ്ട്. ഒരു ലക്ഷത്തോളം ജീവനക്കാരും സഹകരണ പ്രസ്ഥാനത്തെ ആശ്രയിച്ച് ജീവിക്കുകയാണ്.ആഗോളവത്കരണ ശക്തികളുടെ താത്പര്യങ്ങൾക്ക് തടസ്സമായി നിൽക്കുന്ന സഹകരണ പ്രസ്ഥാനത്തെ തകർക്കാനുള്ള നടപടികൾ നേരത്തെ തന്നെ ആരംഭിച്ചിട്ടുള്ളതാണ്.

നോട്ട് നിരോധനത്തിന്റെ കാലത്തും സഹകരണ പ്രസ്ഥാനത്തെ തകർക്കാനുള്ള ശക്തമായ ശ്രമങ്ങൾ കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ചിരുന്നു. സംസ്ഥാന സർക്കാരിന്റെ ശക്തമായ ഇടപെടലാണ് അതിന് തടസമായി നിന്നത്. സംസ്ഥാനത്തിന്റെ വിഷയമായ സഹകരണ മേഖലയിൽ നിയമമുണ്ടാക്കുന്ന ഇടപെടലും കേന്ദ്ര സർക്കാർ നടത്തുകയുണ്ടായി. ഇവയെല്ലാം പ്രതിരോധിച്ചുകൊണ്ടാണ് കേരളത്തിന്റെ സഹകരണ മേഖല മുന്നോട്ട് പോകുന്നത്.

കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ തകർക്കുക എന്ന സംഘപരിവാർ അജണ്ടകൾക്ക് കുഴലൂത്ത് നടത്തുന്ന പ്രവർത്തനമാണ് ചില മാധ്യമങ്ങൾ നടത്തുന്നത്. പൊടിപ്പും തൊങ്ങലുംവെച്ച് വാർത്ത ചമക്കുന്നതിന് പിന്നിലുള്ള ഈ താത്പര്യങ്ങളും തിരിച്ചറിയണം. പൊതുമേഖലാ ബാങ്കുകളെ കൊള്ള ചെയ്ത് കോടികൾ മുക്കിയ കോർപ്പറേറ്റുകൾക്ക് വീണ്ടും അത്തരം കൊള്ളക്ക് അവസരം കൊടുക്കുന്ന ബിജെപി സർക്കാരിന്റെ സമീപനമല്ല എൽ.ഡി.എഫ് സർക്കാർ സ്വീകരിച്ചത്.

സഹകരണ ബാങ്കുകളിൽ ഉയർന്നുവന്ന ഒറ്റപ്പെട്ട സംഭവത്തെ ഉയർത്തിക്കാട്ടി സഹകരണ പ്രസ്ഥാനത്തെ തകർക്കാൻ ശ്രമിക്കുന്നവരെ തിരിച്ചറിയേണ്ടതുണ്ട്. ഒറ്റ പൈസ പോലും നിക്ഷേപകർക്ക് നഷ്ടമാകില്ലെന്നും അവ സർക്കാർ സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി തന്നെ ഉറപ്പ് നൽകിയിട്ടുണ്ട്. ഉയർന്നുവന്ന പ്രശ്നങ്ങളിൽ ശരിയായ പരിശോധന സംസ്ഥാന സർക്കാർ നടത്തുകയും, ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. വസ്തുത ഇതായിരിക്കെ ആശങ്കകൾ വാരിയെറിഞ്ഞ് സഹകരണ പ്രസ്ഥാനത്തെ തകർക്കാനുള്ള നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കണമെന്നും പ്രസ്താവനയിൽ പറയുന്നു.