തിരുവനന്തപുരം: മെഗാ തിരുവാതിരയിലൂടെ വിവാദത്തിലായ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയെ പ്രതിരോധത്തിലാക്കി രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ജില്ലാ സമ്മേളന വേദിയിലാണ് ജില്ലാ നേതൃത്വത്തിനെതിരെ മുഖ്യമന്ത്രി പൊട്ടിത്തെറിച്ചത്. ജില്ലയിൽ നടന്ന പ്രശ്‌നങ്ങൾ ഓരോന്നായി എണ്ണിപ്പറഞ്ഞാണ് മുഖ്യമന്ത്രി ജില്ലാ നേതൃത്വത്തെ വിമർശിച്ചത്.

കോർപ്പറേഷൻ നികുതി വെട്ടിപ്പ് പാർട്ടിക്ക് അവമതിപ്പുണ്ടാക്കി. പിഎസ്‌സി പരീക്ഷാ തട്ടിപ്പും പാർട്ടിക്ക് നാണക്കേടുണ്ടാക്കിയതായും മുഖ്യമന്ത്രി വിമർശിച്ചു. ജില്ലയിൽ ബിജെപി മുന്നേറ്റത്തിൽ മുഖ്യമന്ത്രി ആശങ്ക പ്രകടിപ്പിച്ചു. ഇക്കാര്യത്തിൽ ജാഗ്രത വേണമെന്നും അദ്ദേഹം നിർദ്ദേശം നൽകി. നഗര മേഖലയിലും വർക്കല ചിറയിൻകീഴ് മേഖലയിലുമുള്ള ബിജെപിയുടെ വളർച്ചയിൽ ജില്ലാ ഘടകത്തെ മുഖ്യമന്ത്രിയും വിമർശിച്ചു.

വിഭാഗീയത ഇല്ലാതായെങ്കിലും തുരുത്തുകൾ ഉണ്ടാക്കാൻ ചിലർ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്തെ നേതാക്കളുടെ തമ്മിലടിയാണ് മുഖ്യമന്ത്രിയുടെ വിമർശനത്തിന് പിന്നിലെന്നാണ് സൂചന. തിരഞ്ഞെടുപ്പിലെ വീഴ്ചയുടെ പേരിൽ നടപടിക്കുവിധേയനായ വികെ മധു സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയതും കാട്ടാക്കട എംഎ‍ൽഎ ഐ.ബി.സതീഷിനെതിരെ നടന്ന നീക്കവും നേതൃത്വത്തിലെ അസ്വാരസ്യങ്ങൾ വെളിപ്പെടുത്തുന്നുണ്ട്. എന്നാൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിയന്ത്രണത്തിൽ നടക്കുന്ന ജില്ലാ സമ്മേളനത്തിൽ എതിർ സ്വരങ്ങളുയരാൻ സാധ്യത കുറവാണ്. ആനാവൂർ നാഗപ്പനോട് വിയോജിപ്പുള്ളവരുണ്ടെങ്കിലും സംഘടന പൂർണമായും അദ്ദേഹത്തിന്റെ നിയന്ത്രണത്തിലാണ്.

ശിശുക്ഷേമ സമിതിക്കെതിരായ ദത്ത് വിവാദത്തിലും വിമർശനമുയർന്നു. ശരിയായ നിലപാട് സ്വീകരിക്കാനായോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. ഇക്കാര്യം പരിശോധിക്കണമെന്നും പിണറായി വിജയൻ പറഞ്ഞു. പേരൂർക്കട ദത്തുവിവാദം കൂടുതൽ ചർച്ചയാവാതിരിക്കാനും നേതൃത്വം ജാഗ്രത പുലർത്തും. ഫേസ്‌ബുക്ക് വ്യക്തി ആരാധനയ്ക്ക് ഉപയോഗിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രവർത്തന റിപ്പോർട്ടിൽ എ സമ്പത്തിനെതിരെയും വിമർശനമുയർന്നു. സംഘടനാ പ്രവർത്തനത്തിൽ വേണ്ട ശ്രദ്ധ പുലർത്തുന്നില്ലെന്നാണ് റിപ്പോർട്ട്. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനാണ് റിപ്പോർട്ട് അവതരിപ്പിച്ചത്.

തിരുവനന്തപുരത്തെ 14 നിയമസഭാ സീറ്റിൽ 13ഉം ഇടതുമുന്നണി നേടിയതിന്റെ തിളക്കത്തിലാണ് സമ്മേളനം നടക്കുന്നത്. നേമത്തെ ബിജെപി അക്കൗണ്ട് പൂട്ടിക്കുന്നതിൽ വിജയിച്ചെങ്കിലും സിപിഎം ശക്തികേന്ദ്രങ്ങളായ വർക്കല, ചിറയിൻകീഴ് താലൂക്കുകളിൽ ബിജെപി ശക്തിപ്പെടുന്ന സാഹചര്യം ചർച്ചയാകും. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് മെഗാതിരുവാതിര നടത്തിയത് വിവാദമായ സാഹചര്യത്തിൽ സമ്മേളനത്തിൽ ജനക്കൂട്ടം ഒഴിവാക്കാൻ സംഘാടകർ ജാഗ്രത പുലർത്തും.

45 അംഗ ജില്ലാ കമ്മിറ്റിയിൽ നിലവിൽ മൂന്ന് വനിതകളാണുള്ളത്. പത്തുശതമാനം വനിതകളാകണമെന്ന നിബന്ധനയുടെ അടിസ്ഥാനത്തിൽ ഇത്തവണ രണ്ടു വനിതകൾ കൂടി കമ്മിറ്റിയിലെത്തും. എസ്.പുഷ്പലത, എം.ജി.മീനാംബിക എന്നിവരിലൊരാൾ ജില്ലാ സെക്രട്ടേറിയറ്റിലെത്താനിടയുണ്ട്. കാട്ടാക്കട ശശിയുടെ നിര്യാണവും വി.കെ.മധുവിന്റെ തരംതാഴ്‌ത്തലും കാരണം 11 അംഗ ജില്ലാ സെക്രട്ടേറിയറ്റിൽ നിലവിൽ രണ്ടൊഴിവുണ്ട്. ചെറ്റച്ചൽ സഹദേവൻ ആരോഗ്യകാരണങ്ങളാൽ മാറിയേക്കാം. കരമന ഹരി, കെ.എസ്.സുനിൽകുമാർ, എംഎ‍ൽഎ ഡി.കെ മുരളി എന്നിവർ ജില്ലാ സെക്രട്ടേറിയറ്റിലേക്ക് സാധ്യത കൽപ്പിക്കപ്പെടുന്നവരാണ്. വി.കെ.മധു ജില്ലാ സെക്രട്ടേറിയറ്റിലേക്ക് മടങ്ങിയെത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.